June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

കൊറോണക്കാലത്തെ അതിജീവിക്കുമ്പോൾ

By Janayugom Webdesk
March 15, 2020

നമ്മുടെ ലോകം ഈ തലമുറ ഇന്നുവരെ കൈകാര്യം ചെയ്യാത്ത മഹാമാരി എന്ന വെല്ലുവിളിയിലൂടെ കടന്നു പോകുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 135 രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ലോകത്തെ മൊത്തം രാജ്യങ്ങളുടെ മൂന്നിൽ രണ്ടോളം വരും ഇത്). ഓരോ രാജ്യവും അവർക്ക് അറിയുന്നതും ആവുന്നതുമായ രീതിയിൽ ഈ വെല്ലുവിളിയെ നേരിടുന്നു. രാജ്യം ആകെ അടച്ചിടുക, പ്രായമായവരെ മാത്രം മാറ്റിത്താമസപ്പിക്കുക, പരമാവധി കുറച്ച് ആളുകൾക്ക് അസുഖം ബാധിക്കുന്ന തരത്തിൽ സമൂഹത്തിലൂടെ ഈ വൈറസ് പടർന്നു തീരട്ടെ എന്ന നയം, രോഗലക്ഷണമുള്ള ഓരോരുത്തരെയും ടെസ്റ്റ് ചെയ്ത് കണ്ടുപിടിച്ച് അവരുമായി ബന്ധപ്പെട്ട എല്ലാവരെയും ട്രേസ് ചെയ്ത് ക്വാറന്റൈനിൽ ആക്കുന്ന രീതി, രോഗം വരുന്നവർ സ്വയം മാറിയിരുന്നിട്ട് പ്രായമായവരെയും പ്രമേഹമോ മറ്റു രോഗങ്ങളോ മുന്പുണ്ടായിരുന്നതിനാൽ പ്രശ്നം വഷളാവാവാൻ സാധ്യത ഉളളവർക്ക് മാത്രം ചികിത്സ ലഭ്യമാക്കുന്ന രീതി തുടങ്ങി വ്യത്യസ്തമായ മാർഗ്ഗങ്ങളാണ് ഓരോ രാജ്യങ്ങളും സ്വീകരിക്കുന്നത്. ഇതിൽ ഏതാണ് ശരി ഏതാണ് കൂടുതൽ ഫലപ്രദം എന്നതൊക്കെ പിൽക്കാലത്ത് ഗവേഷണ വിഷയങ്ങളാകാൻ പോകുന്ന വിഷയങ്ങളാണ്. താൽക്കാലം പരിചയമില്ലാത്ത ഒരു ചക്രവാളത്തിലൂടെയാണ് വിമാനം ഓടിക്കൊണ്ടിരിക്കുന്നത്. പരിചയസന്പന്നരായ പൈലറ്റുമാർ ഉള്ളത് മാത്രമാണ് നമ്മുടെ ആശ്വാസം.

സംസ്ഥാനം മുഴുവൻ അടച്ചിടാൻ തീരുമാനിച്ചിട്ടില്ലെങ്കിലും രോഗം ഉണ്ടാകാൻ സാധ്യതയുള്ള ഓരോരുത്തരെയും കണ്ടുപിടിച്ച് ടെസ്റ്റ് ചെയ്ത് അവരിൽ രോഗമുള്ളവരെ ഐസൊലേറ്റ് ചെയ്ത് ചികിൽസിക്കുകയും അവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി സ്വയം ക്വാറന്റൈൻ ആവശ്യപ്പെടുകയും ചെയ്യുന്ന രീതിയാണ് ഇതുവരെ കേരളം സ്വീകരിച്ചിരിക്കുന്നത്. കൊറോണയുടെ ഒന്നാം വരവ് അതിലൂടെ പിടിച്ചുകെട്ടാനും സാധിച്ചു. രണ്ടാം വരവിൽ ഈ തന്ത്രം ഫലിക്കുമോ അതോ പുതിയ തന്ത്രങ്ങൾ വേണ്ടിവരുമോ എന്ന് നമുക്ക് ചർച്ച ചെയ്യണം (വേണ്ടി വരും എന്നാണ് എന്റെ പ്രൊഫഷണൽ അഭിപ്രായം).

സർക്കാർ പൊതുവെ വളരെ ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. നിപ്പ മുതൽ പ്രളയം വരെ കൈകാര്യം ചെയ്ത പരിചയം കൊണ്ടും വളരെ മികച്ചതായ നമ്മുടെ പൊതുജനാരോഗ്യ സംവിധാനം കൊണ്ടും ഒക്കെയാണ് ഇത് സാധ്യമാകുന്നത്. എന്നാൽ വ്യക്തിപരമായും സമൂഹമെന്ന നിലയിലും നമ്മൾ കൂടുതൽ ആശങ്കാകുലരാകുകയാണ്. ഇറ്റലിക്കാർക്കെതിരെ കഴിഞ്ഞയാഴ്ച ഉണ്ടായ ജനരോഷവും ചെറുതായെങ്കിലും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതും പൊതുഗതാഗതം  വിജനമാകുന്നതുമൊക്കെ ഇതിന്റെ സൂചനകളാണ്. ഇത് സ്വാഭാവികമാണെങ്കിലും ഇതിന്റെ പ്രധാന കുഴപ്പം ഇത് മനുഷ്യന്റെ അടിസ്ഥാനപരമായ ജന്മസ്വഭാവത്തിലേയ്‌ക്ക് നമ്മെ നയിക്കും എന്നതാണ്. നമ്മുടെ ആരോഗ്യവും നമ്മുടെ ജീവനും മാത്രമാണ് പ്രധാനം എന്നൊരു മാനസികാവസ്ഥയിലേക്ക് സമൂഹവും വ്യക്തികളും എത്തും. നമ്മുടെ തെറ്റിദ്ധാരണയുടെ പേരിലോ ഒന്നോ രണ്ടോ പേരുടെ തെറ്റായ പെരുമാറ്റത്തിന്റെ പേരിലോ സമൂഹത്തെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഒറ്റപ്പെടുത്തുന്ന രീതി വരും. അടുത്ത വീട്ടിൽ ഒരാൾക്ക് സാധാരണ ഫ്ലൂ വന്നാൽ പോലും അവരെ ഒറ്റപ്പെടുത്തുകയോ അവിടെ നിന്നും മാറാൻ നിർബന്ധിക്കുകയോ ചെയ്യുന്ന അവസ്ഥ വരും. വാക്കുകൊണ്ട് ആക്രമിക്കുന്ന രീതി ശരിയല്ല. ഇത്തരം അന്തരീക്ഷം അക്രമത്തിലേക്ക് നയിക്കാൻ ഒട്ടും സമയം വേണ്ട.

എല്ലാ തരം ആളുകളും ഒരുമിച്ചു ജീവിക്കുകയും പരസ്പരം ബന്ധപ്പെടുകയും റെസിഡന്റ് അസോസിയേഷനും സദാചാര പോലീസും ഒക്കെയായി അടുത്തുള്ള വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരമുള്ള സ്ഥലമാണ് കേരളം.  ആഗോളീകരണത്തിന്റെ എല്ലാ ഗുണങ്ങളും അനുഭവിച്ചിട്ടുള്ളവരാണ് മലയാളികൾ. വലിയ ശതമാനം വിദേശ മലയാളികളും, വിദേശി ടൂറിസ്റ്റുകളും കേരളത്തിൽ ജോലി ചെയ്യാനെത്തുന്ന മറുനാട്ടുകാരുമെല്ലാം കേരളം ആഗോള സന്പദ്‌വ്യവസ്ഥയുമായി ഏറെ ബന്ധപ്പെട്ടതിൽ നിന്നും ഉണ്ടായതാണ്. അപ്പോൾ ഒരു മഹാമാരി ഉണ്ടാകുന്ന സമയത്ത് നമ്മൾ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന തരത്തിൽ പെരുമാറരുത്. കൊറോണക്കപ്പുറത്തും ഒരു കാലം ഉണ്ട്. ഈ കൊറോണക്കാലം നമ്മുടെ സന്പദ്‌വ്യവസ്ഥയുടെ നടുവൊടിക്കാൻ പോവുകയാണ്, അതിൽ നിന്നും കരകയറണമെങ്കിൽ ആഗോളീകരണത്തെ തന്നെ ആശ്രയിച്ചേ പറ്റൂ. പ്രവാസി മലയാളികളെയും ടൂറിസ്റ്റുകളേയും നമ്മുടെ അയൽക്കാരെയും ഒക്കെ നമുക്ക് നാളെയും വേണ്ടി വരും. അതോർത്ത് വേണം ഈ കൊറോണക്കാലത്ത് നാം പെരുമാറാൻ.

2018 ലെ പ്രളയകാലത്ത് കേരളം ലോകത്തിന് മാതൃകയായിരുന്നു എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഈ കൊറോണക്കാലത്ത് നമുക്ക് വീണ്ടും ലോകത്തിന് മാതൃകയാകാവുന്നത് എന്ന് നോക്കാം.

1. ഏതൊരു അടിയന്തര ഘട്ടത്തിലും ആളുകൾക്ക് ഭയവും ആശങ്കയും കൂടുന്നത് കൃത്യമായ വിവരങ്ങൾ കിട്ടാതിരിക്കുകയും, വ്യക്തിപരമായി ഒന്നും ചെയ്യാൻ സാധിക്കുകയില്ല എന്ന നിസ്സഹായാവസ്ഥ വരികയും ചെയ്യുന്പോൾ ആണ്. കേരളത്തിൽ ആവശ്യത്തിന് വിവരം കിട്ടാത്തതിന്റെ പ്രശ്നമില്ല. എന്നാൽ കൊറോണ അടുത്തടുത്ത് വരുന്നുണ്ടെങ്കിലും നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന പേടി ആളുകൾക്കുണ്ട്. അവിടെ നിന്നാണ് അവരും നമ്മളും എന്ന തരത്തിലുള്ള ചിന്തകൾ ഉണ്ടാകുന്നതും അത് ചെറുതും വലുതുമായ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതും. നമുക്ക് ഈ വിഷയത്തിൽ വ്യക്തിപരമായും കൂട്ടായും എന്തൊക്കെ ചെയ്യാനുണ്ടെന്ന് അറിയുകയും ആ കാര്യങ്ങൾ ചെയ്തുതുടങ്ങുകയും ചെയ്താൽ സ്ഥിതിഗതികളിൽ നമുക്കും നിയന്ത്രണമുണ്ടെന്നൊരു തോന്നൽ ഉണ്ടാകും. ആശങ്കകൾ ജാഗ്രതയ്ക്ക് വഴിമാറുകയും ചെയ്യും.

2 . വ്യക്തിപരമായ ഭയം പരമാവധി കുറയ്‌ക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇപ്പോൾ കേരളത്തിൽ കൊറോണബാധിതരുടെ എണ്ണം നൂറിലും താഴെയാണ്. വാസ്തവത്തിൽ പത്തുലക്ഷത്തിൽ ഒരാൾക്കുപോലും ഇപ്പോൾ കേരളത്തിൽ കൊറോണ ബാധ ഇല്ല. ഇന്നലത്തെ കണക്കനുസരിച്ച് സ്വിറ്റ്‌സർലന്റിൽ 1200 പേർക്ക് കൊറോണ ബാധയുണ്ട്. ഇവിടെ കൊറോണ സംശയിക്കുന്ന എല്ലാവരെയും ടെസ്റ്റ് ചെയ്യുന്നു പോലുമില്ല. രോഗം വഷളാകുന്നവരെയോ വഷളാവാൻ സാധ്യതയുള്ളവരെയോ മാത്രമേ ടെസ്റ്റ് ചെയ്യുന്നുള്ളൂ. അപ്പോൾ യഥാർത്ഥ നന്പർ ഇതിലും അധികമാകാം. അതായത് ആയിരത്തിൽ ഒരാൾക്ക് മുകളിൽ ഇവിടെ കൊറോണ ബാധ ഉണ്ട്. പക്ഷെ ഒരു ഭയത്തിന്റെ അന്തരീക്ഷമല്ല ഇവിടെ ഉള്ളത്. മറിച്ച് എങ്ങനെയാണ് നമുക്ക് കൊറോണ ബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നത്, ഉണ്ടായാൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നിങ്ങനെ രണ്ടു കാര്യത്തിലാണ് ആളുകൾ ശ്രദ്ധ ചെലുത്തുന്നത്.

3. എന്തൊക്കെയാണ് കൊറോണബാധ ഒഴിവാക്കാൻ ആളുകൾ ചെയ്യേണ്ടതെന്ന കാര്യത്തിൽ ആവശ്യത്തിലധികം നിർദ്ദേശങ്ങൾ ഇപ്പോൾത്തന്നെ കേരളത്തിൽ എല്ലാ മലയാളികൾക്കും കിട്ടിയിട്ടുണ്ട്. (മറു നാട്ടുകാർക്ക് അത്യാവശ്യത്തിനെങ്കിലും കിട്ടിയിട്ടുണ്ട് എന്ന് വിശ്വസിക്കാം). വ്യക്തിപരമായി കൊറോണബാധ ഉണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന ചിന്ത ആളുകൾക്ക് അധികമില്ല. അങ്ങനെ ഉണ്ടാകാനുള്ള സാഹചര്യം വളരെ കുറവായതിനാലും, സർക്കാർ വേണ്ടത്ര നടപടികൾ എടുക്കുന്നുണ്ട് എന്ന ബോധ്യം കാരണവും, പിന്നെ മറ്റെല്ലാ ദുരന്തങ്ങളേയും പോലെ ഇതും ‘മറ്റുള്ളവർക്ക് മാത്രം സംഭവിക്കുന്ന ഒന്നാണ്’ എന്ന (തെറ്റായ) വിശ്വാസവും കാരണമാണ് ഇത് സംഭവിക്കുന്നത്. വ്യക്തിപരമായ ഭയം കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഇത്തരം ഒരു സാഹചര്യമുണ്ടായാൽ എങ്ങനെ സ്വയം കൈകാര്യം ചെയ്യും എന്ന് ചിന്തിക്കുന്നത് തന്നെയാണ്.

4. കുടുംബത്തിൽ ഒരാൾക്ക് കൊറോണബാധ ഉണ്ടായാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വീട്ടിലുള്ളർ എല്ലാവരും ഒരുമിച്ച് ചർച്ച ചെയ്യണം. കുട്ടികളെയും മുതിർന്നവരെയും വീട്ടിൽ ഭിന്നശേഷിയുള്ളവർ ഉണ്ടെങ്കിൽ അവരെയും ഇക്കാര്യത്തിൽ ഭാഗഭാക്കാകണം. അവർക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ടെൻഷൻ ഉണ്ടാകാൻ സാധ്യതയുള്ളത്.

5. അടുത്ത പടി ഇക്കാര്യം റെസിഡന്റ്റ് അസോസിയേഷനിൽ ചർച്ച ചെയ്യുകയാണ്. ഇപ്പോഴത്തെ രീതിയിൽ റെസിഡന്റ് അസോസിയേഷനിൽ ഒരാൾക്ക് കൊറോണ വരുന്നത് പോയിട്ട് കൊറോണബാധിത പ്രദേശത്ത് നിന്നും ഒരാൾ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ എത്തിയാൽത്തന്നെ മറ്റുളളവർ അവരെ ഒറ്റപ്പെടുത്തുന്ന രീതിയാണ്. ഇത് അറിവില്ലായ്മ കൊണ്ടും മുൻപ് പറഞ്ഞ വന്യമായ സഹജവാസനയിൽ നിന്നും ഉണ്ടാകുന്നതാണ്. ഇന്നലെ വരെ സ്നേഹത്തോടെ ജീവിച്ചവരും പ്രളയത്തെ ഒത്തൊരുമയോടെ നേരിട്ടവരുമായ നമ്മൾ, മഹാമാരി വരുന്പോൾ സ്വന്തം കാര്യം നോക്കുന്നവരായി മാറരുത്. അതൊരു സംസ്‌ക്കാരമുള്ള സമൂഹത്തിന്റെ ലക്ഷണമല്ല.

6. അടുത്ത ബന്ധുക്കൾ, മുട്ടിന് മുട്ടിന് റെസിഡന്റ് അസോസിയേഷൻ, കൈയെത്തും ദൂരത്ത് മെഡിക്കൽ സൗകര്യങ്ങൾ എല്ലാമുള്ള കേരളത്തിൽ കൊറോണബാധ വന്ന് ആശുപത്രിയിലോ (ഭാവിയിൽ വീട്ടിലോ) കഴിയേണ്ടി വന്നാൽ അതൊരു വലിയ പ്രശ്നമല്ല. പ്രളയ കാലത്ത് കണ്ടത് പോലെ പ്രായമായവർ മാത്രമുള്ള വീടുകൾ, ഭിന്നശേഷിയുള്ളവർ, മറുനാട്ടുകാർ, ആദിവാസികൾ എന്നിവരൊക്കെയാണ് ഈ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടത്. അവരായിരിക്കും ഇപ്പോൾ ഏറ്റവും ഭയപ്പെടുന്നത്. അവർക്ക് വേണ്ടി ഒരു പ്രത്യേക പ്ലാൻ നമ്മൾ ഇപ്പോഴേ ഉണ്ടാക്കണം.

7. കൊറോണപ്പേടിയുള്ള രാജ്യങ്ങളിൽ ആളുകൾ ഭക്ഷണവും മറ്റു സാധനങ്ങളും മൊത്തമായി വാങ്ങിക്കൂട്ടി വലിയ സൂപ്പർമാർക്കറ്റുകൾ വരെ കാലിയാക്കിയ സാഹചര്യം ഉണ്ടായി. കേരളത്തിൽ ഭാഗ്യത്തിന് ഇതുവരെ അങ്ങനൊരു സാഹചര്യം ഉണ്ടായിട്ടില്ല. പക്ഷെ ഇങ്ങനെ ഒരു പേടി വരാനും ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടാനും കച്ചവടക്കാർ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനും ഒരു ദിവസം പോലും വേണ്ട. ഇക്കാര്യത്തിലും റെസിഡന്റ് അസോസിയേഷൻ തലത്തിൽ ചെറിയൊരു ബഫ്ഫർ സ്റ്റോക്ക് ഉണ്ടാക്കാൻ തീരുമാനിച്ചാൽ ഓരോ വീട്ടുകാരും ഒരു മാസത്തേക്കുള്ള പലചരക്ക് വാങ്ങിവെക്കേണ്ട ആവശ്യം വരില്ല. ലോകത്തെല്ലായിടത്തും മുൻകാല ദുരന്തങ്ങളിൽ കണ്ടിരിക്കുന്നത് ഇത്തരത്തിൽ പേടിച്ചു വാങ്ങിക്കൂട്ടിയ വസ്തുക്കൾ മിക്കതും പാഴായ സാഹചര്യമാണ്.

8. നമ്മുടെ യുവാക്കൾ കൊറോണ പ്രതിരോധത്തിന് രംഗത്തിറങ്ങേണ്ട സമയമാണ് ഇപ്പോൾ. വിദേശത്തു നിന്നു വരുന്നവരെ ഒളിക്യാമറ വെച്ച് പിടിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സദാചാര പോലീസിംഗ് രീതിയിലുള്ള പ്രവർത്തനമല്ല, മറിച്ച് ഓരോ നാട്ടിലുമുള്ള വീടുകളിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. പ്രായമായവർ ഒറ്റയ്‌ക്ക് താമസിക്കുന്ന വീടുകളിൽ അവരെ ദിവസവും പോയിക്കണ്ട് ആവശ്യമുണ്ടെങ്കിൽ സഹായമുണ്ടാകും എന്ന് ഉറപ്പു നൽകുക. കൊറോണപ്പേടി കാരണം ജോലി നഷ്ടപ്പെടുന്ന ആളുകൾ ഉള്ളിടത്ത് അവരുടെ സാന്പത്തിക സ്ഥിതി അന്വേഷിച്ച് അവർക്ക് ഭക്ഷണത്തിന്റെ കാര്യത്തിലെങ്കിലും ബുദ്ധിമുട്ടില്ല എന്ന് ഉറപ്പു വരുത്തുക. നീണ്ട അവധിക്കാലത്ത് കുട്ടികൾ വീട്ടിൽ വെറുതെയിരിക്കുന്പോൾ അവരോടൊപ്പം കളിക്കാനും അവരെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കാനും ചെറിയ അയൽക്കൂട്ടങ്ങൾ ഉണ്ടാക്കാനും ശ്രമിയ്‌ക്കുക. സന്നദ്ധ പ്രവർത്തകർക്ക് ചെയ്യാൻ അനവധി കാര്യങ്ങളുണ്ട്. സർക്കാർ ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്ന പല കാര്യങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ സഹകരണം വേണം. ഈ വിഷയം മാത്രമായി നാളെ കൂടുതൽ വിശദമായ ഒരു പോസ്റ്റ് ഇടാം.

9. കൊറോണയെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറാൻ ആപ്പുകൾ പലത് ആയിക്കഴിഞ്ഞു. പക്ഷെ കൊറോണയുടെ കാലത്ത് പരസ്പരം എങ്ങനെ സഹായിക്കാം എന്ന കാര്യത്തിൽ കേരളത്തിൽ നിന്ന് ഒരു ആപ്പും ഇതേവരെ കണ്ടില്ല. പ്രളയകാലത്ത് ഉണ്ടായത് പോലെ ഈ കൊറോണക്കാലത്തും സഹായം ആവശ്യമുള്ളവരെയും സഹായം നൽകാൻ കഴിവുള്ളവരെയും ബന്ധിപ്പിക്കുന്ന ഒരു ക്ലിയറിങ്ങ് ഹൌസ് തീർച്ചയായും ഉണ്ടാക്കണം. നമ്മുടെ ഐ ടി പിള്ളേർ ഒന്ന് ശ്രമിച്ചാൽ മതി.

10. പ്രളയകാലത്ത് മറുനാടൻ മലയാളികളും കേരളത്തിലുള്ളവരും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ഒരുമിച്ച് പ്രവർത്തിച്ച സാഹചര്യമുണ്ടായി. അന്ന് കേരളത്തിലുള്ളവർ സഹായം ആവശ്യമുള്ളവരും പുറത്തുള്ളവർ അത് നൽകാൻ സന്നദ്ധരും ആയിരുന്നു. എന്നാൽ കൊറോണക്കാലം അല്പം വ്യത്യസ്തമാണ്. ഇറാൻ, ഇറ്റലി, അമേരിക്ക, അഫ്ഘാനിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലുള്ള മലയാളികൾക്ക് അവരുടെ വ്യക്തിപരമായ സുരക്ഷയെക്കുറിച്ചും നാട്ടിലെ അവരുടെ ബന്ധുക്കളെക്കുറിച്ചും ആശങ്കകളുണ്ട്, തിരിച്ചും. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പങ്കുവെക്കാനും പരസ്പരം സഹായങ്ങൾ ചെയ്യാനുമുള്ള ഒരു പോർട്ടലോ ആപ്പോ നമുക്ക് ഉണ്ടാക്കിയെടുത്താൽ ഏറെ ഉപകാരപ്രദമാകും.

തൽക്കാലം ഇവിടെ നിറുത്തുന്നു. കാര്യങ്ങൾ വേഗത്തിൽ മാറുന്നതിനാൽ കൂടുതൽ നിർദ്ദേശങ്ങളുമായി വീണ്ടും വരാം. പ്രളയകാലത്തെ ദുരന്തനിവാരണം നൂറുമീറ്റർ ഓട്ടമായിരുന്നുവെങ്കിൽ കൊറോണക്കാലം ഒരു മാരത്തൺ ആണെന്ന് ഓർക്കുക. വേഗത്തിൽ ഓടിത്തുടങ്ങിയാൽ മാത്രം പോരാ, അല്പം സ്റ്റാമിന കൂടി വേണ്ടിവരും ഈ കാലം അതിജീവിക്കാൻ. ഇടയ്‌ക്കിടെ തന്ത്രങ്ങൾ മാറ്റേണ്ടി വരും. ഇക്കാലത്തെല്ലാം വ്യക്തികളും സമൂഹവും സർക്കാറും പരസ്പരവിശ്വാസത്തോടെ കൂട്ടായ പ്രവർത്തനം നടത്തുക എന്നതാണ് പ്രധാനം.

Eng­lish Sum­ma­ry: we will over­come coro­na said murali thummarakkudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.