പ്രത്യേക ലേഖകൻ

തിരുവനന്തപുരം

February 03, 2020, 9:12 pm

‘ഐകകണ്ഠ്യേന’ നിലനിൽക്കും

Janayugom Online

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസ്സാക്കി എന്ന ഗവർണറുടെ നയപ്രഖ്യാപനത്തിലെ പരാമർശത്തിൽ നിന്ന് ‘ഐകകണ്ഠ്യേന’ എന്ന വാക്ക് ഒഴിവാക്കണമെന്ന ബിജെപി അംഗം ഒ രാജഗോപാലിന്റെ ആവശ്യം നിയമസഭ തള്ളി. ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി എസ് ശർമ്മ അവതരിപ്പിച്ച പ്രമേയത്തിന് നൽകിയ ഭേദഗതി നോട്ടീസിലാണ് രാജഗോപാൽ ഈ ആവശ്യ മുന്നയിച്ചത്. ഗവർണറുടെ പ്രസംഗത്തിലെ പരാമർശത്തിനാണ് രാജഗോപാൽ ഭേദഗതി നിർദ്ദേശിച്ചതെന്നും നന്ദിപ്രമേയത്തിനല്ലാത്തതിനാൽ ഇത് ചട്ടപ്രകാരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ ഇത് തള്ളിയത്.

എന്നാൽ ഈ ഭേദഗതി തള്ളുന്ന സമയത്തും രാജഗോപാൽ സഭയിലില്ലായിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ ഡിസംബർ 31ന് നിയമസഭ പാസ്സാക്കിയ പ്രമേയത്തെ ഭരണപക്ഷവും പ്രതിപക്ഷവും അനുകൂലിച്ചിരുന്നു. ബിജെപി അംഗമായ ഒ രാജഗോപാലാകട്ടെ, പ്രസംഗത്തിനിടയിൽ വിയോജിപ്പ് പറഞ്ഞെങ്കിലും പാസ്സാക്കുന്ന സമയത്ത് വിയോജിപ്പിന് തുനിഞ്ഞില്ല. ഇതേത്തുടർന്ന് സഭ പ്രമേയം ഐകകണ്ഠ്യേന പാസ്സാക്കി. ഇത് ബിജെപിക്കുള്ളിൽ എതിർപ്പിനിടയാക്കിയ സാഹചര്യത്തിലാണ് രാജഗോപാൽ ഭേദഗതി നോട്ടീസ് നൽകിയത്.

ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്നു എന്ന് പരാമർശിക്കുന്ന നന്ദിപ്രമേയത്തിന്മേൽ ഗവർണറുടെ ‘അധികപ്രസംഗത്തിന്’ എന്ന തരത്തിൽ പി സി ജോർജ് കൊണ്ടുവന്ന ഭേദഗതിനോട്ടീസും സ്പീക്കർ തള്ളി. നന്ദിപ്രമേയത്തിന്മേൽ പ്രതിപക്ഷം കൊണ്ടുവന്ന 180 ഭേദഗതികളിൽ കെ എസ് ശബരിനാഥൻ മാത്രം കൊണ്ടുവന്നത് 102 ഭേദഗതികളായിരുന്നു. ഭേദഗതി നമ്പർ 56 മുതൽ 157 വരെയായാണ് ശബരിനാഥന്റെ ഭേദഗതികളുള്ളത്. കേരളനിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമാണ്.

you may also like this video;