കടൽമണൽ, കരിമണൽ ഖനനം കുട്ടനാടൻ കാർഷിക മേഖലയുടെ അന്തകനാകുമോ എന്ന് ആകുലതപ്പെടുത്തുന്ന വാർത്തകളാണ് ഉയർന്നുവരുന്നത്. ഓരുവെള്ളത്തിന്റെ അതിപ്രസരം കർഷകരെ ഭയാശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. പൊതുമേഖലയിലാണെങ്കിലും സ്വകാര്യ മേഖലയിലാണെങ്കിലും ഖനനം പാടില്ല എന്ന സിപിഐയുടെയും ബികെഎംയുവിന്റെയും പരിസ്ഥിതിവാദികളുടെയും നിലപാടുകൾ ശരിയായിരുന്നുവെന്ന് അടിവരയിടുന്നതാണ് ഇപ്പോൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ.
കടലും, കായലും, ഭൂമിയും, ആകാശവും, വനവും എന്തുമാകട്ടെ അവിടെ മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ പാരിസ്ഥിതിക സന്തുലനാവസ്ഥയെ എത്രത്തോളം ബാധിക്കുന്നുയെന്ന തിരിച്ചറിവില്ലാതെ വരുന്നത് മനുഷ്യന് വിനാശമാകുന്നു. ഇതെല്ലാം ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കുമെന്ന് കേരളത്തിൽ മുമ്പുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. എങ്കിലും വികസനത്തിന്റെ വാറോല കാട്ടി പ്രകൃതിചൂഷണം തുടരുകയാണ്.
മനുഷ്യന് ആവശ്യമുള്ളതെല്ലാം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ മനുഷ്യന്റെ അത്യാർത്തി തീർക്കാനുള്ള ഇടപെടലുകളാണ് ഇവിടെ നടക്കുന്നത്. അതിനെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാൻ വികസന വിരോധികൾ എന്ന വാദമുഖം ഉന്നയിക്കുന്നവർ മാനവരാശിക്ക് ശവക്കുഴി തോണ്ടുന്നവരാണ്. പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്താൻ കോടികൾ മുടക്കി പ്രത്യേക സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ അവരുടെ കൈകൾ കൂട്ടിക്കെട്ടി, കണ്ണടപ്പിച്ച്, വാ മൂടിക്കെട്ടി നടത്തുന്ന അധികാരത്തിന്റെയും സമ്പത്തിന്റെയും കൈകടത്തലുകൾ ചോദ്യംചെയ്യപ്പെടാൻ നിഷ്പക്ഷമായ സ്വതന്ത്ര സംവിധാനങ്ങൾ ഭരണഘടനയുടെ പിൻബലത്തോടെ തന്നെ രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്.
‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന കാവ്യശകലം നമ്മുടെ മനസിലും ചോദ്യചിഹ്നമായി മാറേണ്ടതായിട്ടുണ്ട്. കുട്ടനാടൻ കാർഷിക മേഖലയിൽ, കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ജലത്തിൽ ഉപ്പിന്റെ അളവ് രണ്ട് ടിഎസ്എസ് കൂടുതലാകാൻ പാടില്ലെന്നിരിക്കെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല കായലുകളിലും 4.28 മുതൽ 6.40 വരെ ഉയർന്നുനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് കർഷകനെ പ്രതിസന്ധിയിൽ ആക്കുന്നതാണ്.
ഈ പ്രതിസന്ധികളെല്ലാം നിലനിൽക്കുമ്പോഴാണ് കേന്ദ്രം പ്രഖ്യാപിച്ച ബ്ലൂ ഇക്കണോമി നയത്തിന്റെ ഭാഗമായി കടലിനെ ഏഴായി തരംതിരിച്ച് ഖനനം നടത്താൻ പോകുന്നുവെന്നും സ്വാകാര്യ കമ്പനികൾക്ക് അതിന് അവസരം ഒരുക്കിക്കൊടുക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ കൈക്കൊണ്ടുവരുന്നു എന്നുമാണ് വാർത്ത വരുന്നത്. മത്സ്യത്തൊഴിലാളി സമൂഹം ഇതിനെതിരെ രംഗത്തുവന്നുവെങ്കിലും കാർഷിക മേഖലയിൽ ഇതുമൂലം ഉണ്ടാകാവുന്ന പ്രതിഫലനങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം ഇതുവരെ കര്‍ഷകപ്രതിഷേധത്തിന്റെ സ്വരം ഉയർന്നുവന്നിട്ടില്ല.
ലോകാത്ഭുതങ്ങളിൽ ഒന്നായ, സമുദ്രനിരപ്പിൽ നിന്ന് താഴെ സ്ഥിതിചെയ്യുന്ന കുട്ടനാടും കാർഷികവൃത്തിയും ഇനി എത്ര കാലം എന്ന ചോദ്യം ഉയരുകയാണ്. കുട്ടനാടൻ കാർഷിക മേഖലയുടെ ജലസ്രോതസുകൾക്ക് കോട്ടം പറ്റാതിരിക്കാനാണ് സംയോജിത നദീതട പദ്ധതിയെ പരിസ്ഥിതിവാദികളും കാർഷിക മേഖലയിലുള്ളവരും എതിർത്തതെന്ന ചരിത്രവും ഈ അവസരത്തിൽ മറന്നുപോകരുത്. പരിസ്ഥിതിയുടെ സംരക്ഷണകാര്യത്തിൽ ഇടതുപക്ഷത്തിന് ഒരു പക്ഷപാതിത്ത നിലപാടുണ്ട്. അത് അവയെ സംരക്ഷിക്കുന്നതാണ്. അധികാരത്തിന്റെ അത്മവിശ്വാസത്തിൽ ആ പക്ഷപാതിത്തം മറന്നുപോയാൽ കാലം നമ്മളോടും കണക്ക് ചോദിക്കും. വരുംതലമുറ കുറ്റപ്പെടുത്തും. അതിന് ഇടം കൊടുക്കലല്ല കാലം നമ്മോടാവശ്യപ്പെടുന്നത്. പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും അതിന്റെ വലിപ്പചെറുപ്പം നോക്കാതെ, അവരുയർത്തുന്ന വിഷയങ്ങളെ വിഷയാധിഷ്ഠിതമായി പഠിച്ച് ബോധ്യപ്പെടുത്തലുകളിലൂടെയും തിരുത്തലുകളിലൂടെയും മുന്നോട്ട് പോകുകയാണ് ചരിത്ര യാഥാർത്ഥ്യങ്ങളെ മുൻനിർത്തി ചെയ്യേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.