ബഹിരാകാശം സ്വകാര്യവല്‍ക്കരിക്കപ്പെടുമോ?

Web Desk
Posted on August 30, 2019, 10:43 pm

ആധുനിക ഇന്റര്‍നെറ്റ് രൂപപ്പെട്ട് വന്നിട്ട് മൂന്ന് പതിറ്റാണ്ട് തികയാന്‍ പോകുമ്പോഴും ഇന്ന് ഡേറ്റ കൈമാറ്റം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. പരസ്പരം കമ്യൂണിക്കേഷന്‍ ഇന്നും സുഗമമായ ഒരേര്‍പ്പാടല്ലാതെയാകുന്ന അവസരങ്ങള്‍ നിരവധിയാണ്. കൃത്രിമ ഉപഗ്രഹങ്ങള്‍ വഴിയുള്ള ഡേറ്റ കൈമാറ്റം സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സാധ്യതകള്‍ ഇന്റര്‍നെറ്റ് വിതരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതിന് ഒട്ടനവധി പരിമിതികളുണ്ട്. ഭൂമിയുടെ എല്ലാ മേഖലയിലും ഇന്റര്‍നെറ്റ് എത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരു പ്രതേ്യക സ്ഥലത്ത് ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കൂടിയാല്‍ ഡേറ്റ വിനിമയ വേഗം കുത്തനെ കുറയും. ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇടയ്ക്കിടെ വിച്ഛേദിക്കപ്പെടുന്നതും ഒരു വലിയ ന്യൂനതയായി തുടരുന്നു.

ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ചുള്ള ഡേറ്റ വിതരണത്തിന് നിലവിലുള്ള വയര്‍ലെസ് സംവിധാനത്തെക്കാള്‍ വേഗമുണ്ട് എന്നതാണ് വാസ്തവം. കേബിളുകള്‍ ഉപയോഗിച്ചുള്ള ആശയവിനിമയത്തിന് സമുദ്രാന്തര്‍ഭാഗത്ത് കൂടിയും കരയിലൂടെയുമൊക്കെ വലിയ കേബിളുകള്‍ വിന്യസിച്ചിട്ടുണ്ട്. ഇത് അത്യധികം ചിലവേറിയതും അവയുടെ വിതരണം ബുദ്ധിമുട്ടേറിയതുമാണ്. മാത്രമല്ല ഫൈബര്‍ കേബിളുകള്‍ക്ക് ക്ഷതമേറ്റാല്‍ തല്‍ക്ഷണം ഇന്റര്‍നെറ്റ് പൂര്‍ണമായും വിച്ഛേദിക്കപ്പെടുകയോ വേഗം കുറയുകയോ ചെയ്യും. അവ പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യും.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സി (ഐഒടി) ന്റെ കാലമാണ് വരാന്‍ പോകുന്നത്. സാധാരണ ഗൃഹോപകരണങ്ങളടക്കം ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യപ്പെടുകയാണ്. വ്യവസായ നിര്‍മാതാക്കളെല്ലാം അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തിയുള്ള ഡിവൈസറുകളാക്കുകയാണ്. പ്രതിവര്‍ഷം 30,000ത്തോളം ഉപകരണങ്ങള്‍ ഇങ്ങനെ ഇന്റര്‍നെറ്റുമായി ബന്ധപ്പെടുത്തി പുറത്തിറങ്ങുന്നു. ഇതുവരെ അഞ്ച് ലക്ഷം ഉപകരണങ്ങളെങ്കിലും ഇങ്ങനെ ഇറക്കിക്കഴിഞ്ഞു. മനുഷ്യന്‍ തന്നെ ഡേറ്റകളായി മാറുന്ന ഒരു കാലഘട്ടത്തിലേയ്ക്കാണ് നാമെത്താന്‍ പോകുന്നത്. മെഷീന്‍ ടൂ മെഷീന്റെയും നിര്‍മിതബുദ്ധിയുടെയും അത്യാധുനികമായ ഒരു യുഗം വളരുകയാണ്. ഡ്രൈവറില്ലാത്ത വാഹനങ്ങളുടെയും ഡ്രോണുകളുടെയും ഒരു ലോകത്ത് ഇന്റര്‍നെറ്റ് വഴിയുള്ള വിവരങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോയാലെ സാധ്യമാകൂ. പ്രതേ്യകിച്ച് 5 ജി മൊബൈല്‍ സാങ്കേതികവിദ്യയുടെ വരവോടെ അത് അത്യന്താപേക്ഷിതമാവുകയാണ്.

ബഹിരാകാശരംഗത്തെ സ്വകാര്യ ഏജന്‍സിയായ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ഈ സാഹചര്യം ഉപയോഗപ്പെടുത്തി ഇതിനൊരു പരിഹാരമായി രംഗത്ത് വരികയാണ്. സ്റ്റാര്‍ലിങ്ക് എന്ന കമ്യൂണിേക്കഷന്‍ പദ്ധതിയിലൂടെ കുറഞ്ഞ ചിലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലോകമെമ്പാടും എത്തിക്കുക എന്നതാണ് അവര്‍ പറയുന്ന ലക്ഷ്യം.
ബഹിരാകാശ രംഗത്ത് ആയിരക്കണക്കിന് കൃത്രിമോപഗ്രഹങ്ങള്‍ നക്ഷത്ര സമൂഹങ്ങളുടെ ഒരു ശൃംഖലപോലെ വിന്യസിച്ചാണ് ഇത് നടപ്പാക്കുക. സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ ബഹിരാകാശത്ത് വിന്യസിക്കുന്നതിനുള്ള ആദ്യ ഘട്ടമായി അറുപതോളം സാറ്റലൈറ്റുകള്‍ ലക്ഷ്യത്തിലെത്തിച്ചുകഴിഞ്ഞു. 2020കളുടെ മധ്യത്തോടെ 12,000 കൃത്രിമോപഗ്രഹങ്ങള്‍ മൂന്ന് ഓര്‍ബിറ്റല്‍ ഷെല്ലുകളിലായി സജ്ജീകരിക്കാനാണ് സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്. ഇതുവഴി സൃഷ്ടിക്കുന്ന അതിവേഗ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഉപയുക്തമാക്കാന്‍ കഴിയും. എന്നാല്‍ യഥാര്‍ത്ഥ ലക്ഷ്യം ഇതുമാത്രമല്ല ലോകം സൈബര്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന ഒരു സാഹചര്യത്തില്‍ യുദ്ധ‑ശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് കൂടി ഉപയോഗിക്കുക എന്നതും ഉദ്ദേശലക്ഷ്യങ്ങളില്‍പെടുന്നു. തികച്ചും വാണിജ്യ താല്‍പര്യങ്ങളാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് ലക്ഷ്യം വയ്ക്കുന്നത്. അമേരിക്ക ഇതിന് വേണ്ടുവോളം പ്രോല്‍സാഹനം നല്‍കുന്നു എന്നതും കൂട്ടിവായിക്കുമ്പോള്‍ ഇതിന്റെ പിന്നിലെ താല്‍പര്യം ചെറുതല്ല. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ഉപഗ്രഹങ്ങള്‍ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കൂന്‍ റോക്കറ്റിലാണ് ബഹിരാകാശത്ത് എത്തിക്കുന്നത്. സ്റ്റാര്‍ലിങ്ക് പദ്ധതിയില്‍ ആദ്യത്തെ 1600ഓളം സാറ്റലൈറ്റുകള്‍ ഭൂമിയില്‍ നിന്നും 550 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ബിറ്റല്‍ ഷെല്ലിലും പിന്നീടുള്ള 2,800 സാറ്റലൈറ്റുകള്‍ 1,150 കിലോമീറ്റര്‍ അകലെയുമാണ്. ഉദ്ദേശം 7,500 സാറ്റലൈറ്റുകള്‍ ഭൂമിയില്‍ നിന്നും ഏറ്റവും സമീപത്തുള്ള 340 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ബിറ്റല്‍ ഷെല്ലിലും ക്രമീകരിക്കും. ഏകദേശം 10 മില്യണ്‍ ഡോളറാണ് ഈ പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്.

വ്യത്യസ്തവും സങ്കീര്‍ണവുമായ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന ആളാണ് സ്‌പേസ് എക്‌സിന്റെ സ്ഥാപകന്‍ കൂടിയായ ഇലോണ്‍ മസ്‌ക്. എന്നിരുന്നാലും ബഹിരാകാശത്തെ കോര്‍പ്പറേറ്റ്‌വല്‍ക്കരിക്കുക എന്നതാണ് ഈ ഭീമന്‍ സാറ്റലൈറ്റ് ശൃംഖല സൃഷ്ടിക്കുക വഴി ഈ ശതകോടീശ്വരന്‍ ലക്ഷ്യം വയ്ക്കുന്നത്.  സ്റ്റാര്‍ലിങ്ക് പദ്ധതി നിരവധി സാധ്യതകള്‍ തുറന്നിടുമെങ്കിലും അത് ബഹിരാകാശത്ത് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ചില്ലറയായിരിക്കില്ല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാത്രികാലങ്ങളിലെ ആകാശകാഴ്ചകള്‍ക്ക് വലിയ മാറ്റം വരുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഈ വമ്പന്‍ ഉപഗ്രഹസമൂഹം വിവിധ ഉറവിടങ്ങളില്‍ നിന്ന് വരുന്ന റേഡിയോ തരംഗങ്ങള്‍ക്ക് എന്തുതരം വ്യതിയാനം സൃഷ്ടിക്കുമെന്ന് പറയാറായിട്ടില്ല. വിക്ഷേപിക്കപ്പെടുന്ന എല്ലാ സാറ്റലൈറ്റുകളും പ്രവര്‍ത്തനനിരതമാകണമെന്നില്ല. പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും അവയുടെ അവശിഷ്ടങ്ങളും ബഹിരാകാശത്ത് ഇപ്പോള്‍ത്തന്നെ ഭീഷണിയായി നിലകൊള്ളുന്നുണ്ട്. ഇതിനുപുറമേയാണ് സ്റ്റാര്‍ലിങ്ക് പദ്ധതി വഴി വിക്ഷേപിക്കപ്പെടുന്ന സാറ്റലൈറ്റുകള്‍.
പ്രോജക്ട് യാഥാര്‍ഥ്യമാകുന്നതോടെ ബഹിരാകാശത്ത് സാറ്റലൈറ്റുകളുടെ എണ്ണം വളരെയധികം ഉയരും. ഭൂമിയെ വലംവയ്ക്കുന്ന സജീവ കൃത്രിമ ഉപഗ്രഹങ്ങളും അതിന്റെ ഇരട്ടിയോളം വരുന്ന നിഷ്‌ക്രിയ ഉപഗ്രഹങ്ങളും ഉള്‍പ്പെടെ എണ്ണായിരത്തിലധികം ഉപഗ്രഹങ്ങളും അവയുടെ അവശിഷ്ടങ്ങളും ഭൂമിയെ വലയംവച്ച് കൊണ്ടിരിക്കുകയാണ്. അവയുടെ കൂട്ടത്തിലേക്കാണ് 12000ത്തോളം സാറ്റലൈറ്റുകള്‍ എത്തുന്നത്. അതായത് ഇരട്ടിയിലധികം. ബഹിരാകാശം ഒരു മാലിന്യ കൂമ്പാരമാകുമോ എന്ന ആശങ്കയും പ്രമുഖ ശാസ്ത്രജ്ഞര്‍ പങ്കുവയ്ക്കുന്നുണ്ട്.
ഇത്രയധികം സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതങ്ങളും ഗൗരവമായി പഠിക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ ബഹിരാകാശം കൂടി കച്ചവട താല്‍പര്യങ്ങള്‍ക്കും കഴുത്തറപ്പന്‍ മല്‍സരങ്ങള്‍ക്കുമായി മാറാന്‍ പോകുകയാണ്. ബഹിരാകാശത്ത് സാറ്റലൈറ്റ് ശൃംഖല സൃഷ്ടിച്ച് ഇന്റര്‍നെറ്റ് സുഗമമാക്കുക എന്നത് മാത്രമല്ല ഈ സ്വകാര്യ ബഹിരാകാശ ഏജന്‍സി ചെയ്യുന്നത്. ഭാവിയില്‍ ബഹിരാകാശ ടൂറിസവും ചൊവ്വയില്‍ മനുഷ്യ പര്യവേഷണവും ഇതിന്റെ ഉടമസ്ഥന്‍ ഇലോണ്‍ മസ്‌കിന്റെ പദ്ധതികളില്‍പ്പെടുന്നു. ഇതൊക്കെ പൂര്‍ണമായും സ്വകാര്യ പങ്കാളിത്തത്തോടെ ആകുമ്പോള്‍ അതൊക്കെ എന്തായിത്തീരുമെന്നോ ആരുടെ താല്‍പ്പര്യമായിരിക്കും സംരക്ഷിക്കപ്പെടുക എന്നതും തലനാരിഴ കീറി പരിശോധിക്കപ്പെടേണ്ടതാണ്.  കച്ചവട സാധ്യതകള്‍ വര്‍ധിക്കുമ്പോള്‍ കൂടുതല്‍ മൂലധനശക്തികള്‍ ബഹിരാകാശത്ത് എത്തിക്കൂടായ്കയില്ല. ഭൂമിയെ പങ്കുവച്ചവര്‍ മറ്റ് ഗ്രഹങ്ങളിലേയ്ക്കും അത് വ്യാപിക്കുകയായിരിക്കും ഫലത്തില്‍ സംഭവിക്കുക. ബഹിരാകാശം ആരുടെയും സ്വന്തമല്ലെന്നും സമാധാന ആവശ്യങ്ങള്‍ക്കെ ബഹിരാകാശം ഉപയോഗിക്കപ്പെടാവൂ എന്നൊക്കെയുള്ള രാജ്യാന്തര ഉടമ്പടി യുഎന്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.