സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി

July 28, 2021, 10:17 pm

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിരോധം ശക്തമാക്കും

പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്തമായി അടിയന്തര പ്രമേയ നോട്ടീസ് നല്‍കും
Janayugom Online

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ പ്രതിരോധം ശക്തമാക്കാന്‍ പ്രതിപക്ഷ കക്ഷികളുടെ യോഗം തീരുമാനിച്ചു. പെഗാസസ്, കര്‍ഷകപ്രക്ഷോഭം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ യോജിച്ചു നീങ്ങാന്‍ ഇന്നലെ ചേര്‍ന്ന 14 പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. പെഗാസസ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് സംയുക്ത നോട്ടീസ് നല്കുന്നതിന് യോഗത്തില്‍ ധാരണയായി.
ഈ വിഷയങ്ങളില്‍ ഇരുസഭകളിലും നടത്തുന്ന പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി തന്നെ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ നീക്കം. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നടപടികളാണ് ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. 

സിപിഐ, സിപിഐ (എം), കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി, ശിവസേന, ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, എഎപി, ഐയുഎംഎല്‍, ആര്‍എസ്‌പി, കേരള കോണ്‍ഗ്രസ് എം, വിസികെ എന്നീ പാര്‍ട്ടി നേതാക്കളാണ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ ചേംബറിലായിരുന്നു യോഗം നടന്നത്. സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എളമരം കരീം (സിപിഐ(എം), കനിമൊഴി (ഡിഎംകെ), സുപ്രിയ സുലെ (എന്‍സിപി), അരവിന്ദ് സാവന്ത് (ശിവസേന), ഹസ്നൈന്‍ മസൂദി (നാഷണല്‍ കോണ്‍ഫറന്‍സ്), റിതേഷ് പാണ്ഡെ (ബിഎസ്‌പി) തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. 

ഇതിനിടെ ഏഴ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ കര്‍ഷകരുടെ വിഷയങ്ങളും പെഗാസസ് വിഷയവും പാര്‍ലമെന്റ് ചര്‍ച്ച ചെയ്യാന്‍ ഇടപെടല്‍ തേടി രാഷ്ട്രപതി രാംനാഥ് കോവിന്ദിനു കത്തു നല്‍കി. സിപിഐ, സിപിഐ (എം), ബിഎസ്‌പി, ആര്‍എല്‍പി, എസ്എഡി, നാഷണല്‍ കോണ്‍ഫറന്‍സ്, എന്‍സിപി എന്നീ പാര്‍ട്ടി നേതാക്കളാണ് രാഷ്ട്രപതിക്കു സമര്‍പ്പിച്ച കത്തില്‍ ഒപ്പുവച്ചത്. 

ENGLISH SUMMARY:Will strength­en resis­tance against the cen­tral government
You may also like this video