March 30, 2023 Thursday

കോവിഡ് വാക്സിന്‍ പ്രത്യുല്പാദന ശേഷിയെ ബാധിക്കുമോ? ഗര്‍ഭിണികള്‍ എന്തുകൊണ്ട് വാക്സിന്‍ എടുക്കണം?

Janayugom Webdesk
ന്യൂഡല്‍ഹി
August 7, 2021 10:34 pm

കോവിഡ് മഹാമാരിയെക്കുറിച്ച് നിരവധി ആശങ്കകളാണ് ദിനേന ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മഹാമാരിയുടെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് പുതു ജീവിതത്തിലേക്ക് കടക്കുന്ന ദമ്പതികള്‍ക്കിടയിലും കോവിഡ് തന്റെ താണ്ഡവം തുടരുന്നത് യാതൊരു ദയാദാക്ഷിണ്യവുമില്ലാതെയാണ്. 2020 ജനുവരി മുതല്‍ ലോകത്താകമാനം ഭീഷണിയുയര്‍ത്തിയ കോവിഡിനെത്തുടര്‍ന്ന് ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ രണ്ടാം തംരംഗത്തിന്റെ ഭീഷണിയിലാണ് നാമെല്ലാം. തത്ഫലമായി പുതിയ ജീവിതം ആരംഭിക്കുന്നവരെല്ലാം തന്നെ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച് നിരവധി ആശങ്കകളാണ് പങ്കുവയ്ക്കുന്നത്.

കുഞ്ഞിനുവേണ്ടി ആഗ്രഹിക്കുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാമോ എന്നുള്ളത് ഇന്ന് ദമ്പതിമാരുടെ ഒരു പ്രധാന സംശയമായിക്കഴിഞ്ഞു. എന്നാല്‍ നിലവിലെ പഠനങ്ങള്‍ അനുസരിച്ച് ദമ്പതിമാരില്‍ വാക്സിനേഷന്‍ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമായിട്ടുള്ളതായി കണ്ടെത്തിയിട്ടില്ല. പ്രത്യുല്പാദന ശേഷിയെ കോവിഡ് വാക്സിനേഷന്‍ ബാധിച്ചുവെള്ളതിന് വ്യക്തമായ തെളിവുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ത്തന്നെ കുഞ്ഞുങ്ങളുണ്ടാകാന്‍ കാത്തിരിക്കുന്ന ദമ്പതിമാര്‍ കോവിഡ് വാക്സിനേഷന്‍ മാറ്റിവയ്ക്കുകയോ, വാക്സിനേഷനുവേണ്ടി ഇത്തരം ചികിത്സകള്‍ മാറ്റിവയ്ക്കേണ്ടതോ ഇല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നത് തന്നെയാണ് വാക്സിന്റെ പ്രഥമമായ ലക്ഷ്യം. അതുകൊണ്ട് എന്തിന്റെ പേരിലും വാക്സിനേഷന്‍ എടുക്കേണ്ടത് നിര്‍ത്തിവയ്ക്കേണ്ടതില്ല. രണ്ടാം തരംഗത്തില്‍ ഗര്‍ഭിണികളോടും വാക്സിന്‍ എടുക്കുന്നതിന് ആരോഗ്യവിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. ഗര്‍ഭിണികളില്‍ കോവിഡ് ബാധയുണ്ടായാല്‍ അത് ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഇക്കാരണത്താലാണ് ആരോഗ്യവിദഗ്ധര്‍ വാക്സിനേഷന്‍ ശുപാര്‍ശ ചെയ്തത്.

ഗര്‍ഭാവസ്ഥയില്‍ കോവിഡ് ബാധിക്കുന്നത് പ്രസവത്തെ ബാധിക്കും. കൂടാതെ ഗര്‍ഭിണികളില്‍ പ്രമേഹത്തിനുള്ള സാധ്യതയും ഇത് വര്‍ധിപ്പിക്കും. വാക്സിനേഷനുപിന്നാലെ പനിപോലെയുള്ള പാര്‍ശ്വഫലങ്ങള്‍ കണ്ടാല്‍ മാത്രം ഗര്‍ഭധാരണത്തിനുള്ള ചികിത്സ നിര്‍ത്തിവച്ചാല്‍ മതിയാകുമെന്നും ആരോഗ്യരംഗത്തെ വിധഗ്ധര്‍ അഭിപ്രായപ്പെടുന്നു.

അതിനിടെ പ്രതിരോധ കുത്തിവയ്പ്പ് മൂലം വന്ധ്യതയുണ്ടാകുമെന്ന പ്രചരണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വാക്സിന്‍ സുരക്ഷിതമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സുരക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇപ്പോൾ ലഭ്യമായ വാക്സിനുകളൊന്നും പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ബാധിക്കില്ല. പാർശ്വഫലങ്ങളില്ലെന്ന് ഉറപ്പാക്കാൻ എല്ലാ വാക്സിനുകളും അവയുടെ ഘടകങ്ങളും ആദ്യം മൃഗങ്ങളിലും പിന്നീട് മനുഷ്യരിലും പരീക്ഷിക്കാറുണ്ട്. പ്രതിരോധവും ഫലപ്രാപ്തിയും ഉറപ്പാക്കിയതിനുശേഷം മാത്രമേ വാക്സിനുകൾ ഉപയോഗിക്കാൻ അനുവാദം നൽകുകയുള്ളുവെന്നും ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ പുരുഷന്മാരിലും സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നും മന്ത്രാലയം പറഞ്ഞു. എല്ലാ വാക്സിനുകളും കൃത്യമായ ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നതാണെന്നും വാക്സിനുകൾക്കൊന്നും ഇത്തരത്തിലുള്ള പാർശ്വഫലങ്ങളില്ലെന്നും കൊവിഡ് കർമ സമിതി അധ്യക്ഷൻ ഡോ എൻ കെ അറോറ അഭിപ്രായപ്പെടുന്നു.

Eng­lish Sum­ma­ry: Will the covid vac­cine affect fertility?

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.