February 9, 2023 Thursday

ആഗോളവല്‍ക്കരണത്തിന്റെ അന്ത്യം കുറിക്കുമോ?

ഡോ. കെ പി വിപിൻ ചന്ദ്രൻ
മാനവീയം
April 7, 2020 4:10 am

ആഗോളവൽക്കരിക്കപ്പെട്ട ലോകത്തിൽ ഏറ്റവും പ്രാദേശികവൽക്കരിച്ച അടിയന്തരാവസ്ഥയാണ് കോവിഡ് 19 വൈറസ് ബാധ മൂലം ലോകരാജ്യങ്ങൾക്കിടയിൽ ലോക്ഡൗണിലൂടെ സം­ഭവിച്ചത്. കഴിഞ്ഞ നൂറു വർഷങ്ങൾക്കിടയിൽ ഇതുപോലുള്ള ഒരു ആഗോള മഹാമാരി കണ്ടില്ലെന്നും, ഇതുപോലുള്ളവ കൈകാര്യം ചെയ്ത അനുഭവം ആഗോളതലത്തിൽ പോലും ആർക്കുമില്ലെന്നുമാണ് പ്രശസ്ത ചരിത്രകാരനും തത്വചിന്തകനുമായ യുവാൽ ഹരാരി അഭിപ്രായപ്പെടുന്നത്.

ഇതിനെ മാന്ദ്യമായും നമ്മുടെ അസ്തിത്വത്തിന്റെ ആഗോളവൽക്കരിച്ച സ്വഭാവമായും ബന്ധിപ്പിക്കുന്നു. ഒന്നുകിൽ ആഗോളവൽക്കരണം പകർച്ചവ്യാധി നേരിടുന്നതിൽ ഗുണപരമായും അല്ലെങ്കിൽ പകർച്ചവ്യാധി ആഗോളവൽക്കരണത്തെ പ്രതികൂലമായും ബാധിക്കാമെന്ന് അദ്ദേഹം വാദിക്കുന്നു. ആഗോളവൽക്കരണത്തിന്റെയും കമ്പോളാധിഷ്ഠിത മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും നിലനിൽപ്പിന്റെ നിർണായകമായ കാലഘട്ടത്തിലൂടെയാണ് ലോകം മുന്നോട്ടു പോകുന്നത്. ആഗോളവൽക്കരണ നടപടികളും കൊറോണ വൈറസ് മൂലമുള്ള മഹാമാരികളെ ഇല്ലായ്മ ചെയ്യാൻ സഹായിക്കുമെന്ന് വാദിക്കുമ്പോഴും സ്വതന്ത്ര കമ്പോളാധിഷ്ഠിത സമ്പദ് വ്യവസ്ഥയായ അമേരി ക്കയിലെയും മറ്റും സ്വകാര്യവൽക്കരിച്ച ആരോഗ്യ സംവിധാനങ്ങളുടെ പരാജയം മൂലം ആയിരക്കണക്കിന് ജനങ്ങളാണ് ദിനംപ്രതി മരിച്ചുവീഴുന്നത്. സ്വകാര്യമേഖലയുടെ നേതൃത്വത്തിലുള്ള ആരോഗ്യ സേവനങ്ങൾ കാര്യക്ഷമവും മെച്ചപ്പെട്ടതാണെന്നുമുള്ള വിശ്വാസത്തെ കോവിഡ് 19 എന്ന മഹാമാരി തകർത്തു. ‍ ഇറ്റലി കോവിഡ് 19 വൈറസ് ബാധയുടെ ഭീഷണിയിൽ ഏതൊരു ദരിദ്രരാജ്യങ്ങളെയും പോലെ നിസഹായതയോടെയാണ് പ്രവർത്തിക്കുന്നത്.

കോവിഡ് ഉയർത്തുന്ന ഭീഷണിയെ പ്രതിരോധിക്കാൻ സോഷ്യലിസ്റ്റ് ആശയം പിന്തുടരുന്ന ക്യൂബയാണ് ഇറ്റലി ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞരായ ഇയാൻ ഗോൾഡിനും മൈക്ക് മറിയാത്താസനും ചേർന്ന് 2004ൽ എഴുതിയ പ്രശസ്തമായ ഗ്രന്ഥം “ദി ബട്ടർഫ്ലൈ ഡിഫക്ട്: ഹൗ ഗ്ലോബലൈസേഷൻ ക്രിയേറ്റ്സ് സിസ്റ്റമിക് റിസ്ക്, ആൻഡ് വാട്ട് റ്റു ഡു എബൗട്ട് ഇറ്റ്” ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് സൈബർ ആക്രമണങ്ങൾ, പകർച്ചവ്യാധികൾ എന്നിവ എങ്ങനെ സാമ്പത്തിക പ്രതിസന്ധികൾ, കാലാവസ്ഥാവ്യതിയാനം വരെയുള്ള വ്യവസ്ഥാപിതമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതെന്ന് വിശദീകരിക്കുന്നു. ആഗോളവല്‍ക്കരണം സൃഷ്ടിക്കുന്ന പുതിയ വ്യവസ്ഥാപിതമായ അപകട സാധ്യതകളും അവയുടെ ഫലപ്രദമായ മാനേജ്മെന്റും തമ്മിലുള്ള ബൃഹത്തായ വിടവിനെ ‘ബട്ടർഫ്ലൈ ഡിഫക്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നു. സർവ്വവ്യാപിയായ മുതലാളിത്തത്തിന്റെ പുതിയ രൂപമായ ആഗോളവല്‍ക്കരണത്തിന് നമ്മുടെ സമൂഹങ്ങളെ അസ്ഥിരപ്പെടുത്താനുള്ള കഴിവും ശക്തിയും എങ്ങനെയെന്ന് സ്ഥിതിവിവരക്കണക്കുകൾ വച്ചുകൊണ്ട് ഇവർ വിശദീകരിക്കുന്നു. 2020 ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചാ നിരക്ക് ഒരു ശതമാനത്തോളം ചുരുങ്ങാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയുടെ സാമ്പത്തികസാമൂഹികകാര്യ വകുപ്പിന്റെ വിശകലനത്തിൽ സൂചിപ്പിക്കുന്നു.

കോവിഡ് 19 ആഗോളവിതരണ ശൃംഖലകളെയും അന്താരാഷ്ട്ര വ്യാപാരത്തെയും തടസ്സപ്പെടുത്തുമെന്നും ഈ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധയെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസും പറയുന്നു. ഇന്ത്യയെപ്പോലെ സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന ഒരു രാജ്യം കോവിഡ് സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് എന്നാണ് മോചിതമാകുന്നതെന്ന് പറയാൻ സാധ്യമല്ല. ഇതിന് പ്രധാന കാരണം ഇവിടെ നടപ്പിലാക്കിയ 2016ലെ നോട്ടുനിരോധനവും 2017ലെ ചരക്കുസേവന നികുതി പരിഷ്കാരവും സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്നും കരകേറാൻ സമ്പദ്‌രംഗത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതുതന്നെയാണ്. ഈ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് കോവിഡ് 19 സമ്പദ്‌വ്യവസ്ഥയെ കൂടുതൽ അപകടപ്പെടുത്തുന്നത്. ഇന്ത്യയിൽ ആ­രോഗ്യത്തിനുവേണ്ടി മൊത്തം ദേശീയ വരുമാനത്തിന്റെ 1.28 ശതമാനം മാത്രമാണ് ബജറ്റിൽ വകയിരുത്തുന്നത്. 130 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത് തികച്ചും അപര്യാപ്തമാണ്. ഇന്ത്യയിൽ രോഗം വ്യാപിച്ചാൽ നേരിടാനുള്ള ആരോഗ്യ സംവിധാനമോ സാമ്പത്തികഭദ്രതയോ ഇല്ല. ഇവിടെയാണ് കേരളത്തിന്റെ ആരോഗ്യ മാതൃക ശ്രദ്ധേയമാകുന്നത്. കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമാണ്. ഗുണനിലവാരമുള്ള ആരോഗ്യവും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവ നിലനിർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഇറ്റലി, ജർമനി, അമേരിക്ക തുടങ്ങിയ വികസിതരാജ്യങ്ങൾ പോലും കോവിഡ് 19 ന് എതിരെയുള്ള ആരോഗ്യ പരിപാലനത്തിൽ പരാജയപ്പെടുമ്പോൾ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനം കോവിഡ് 19 പ്രതിരോധ രംഗത്ത് ശക്തമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ അന്തർദേശീയ രംഗത്തുപോലും ഒരു മാതൃക സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സമ്പത്തും അധികാരവും സാമൂഹ്യനീതിയുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതിനെതിരെയുള്ള ഒന്നാണ് പുത്തൻ ഉദാരവൽക്കരണ സാമ്പത്തികശാസ്ത്രം. 1991 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയത്തിലൂടെ ആഗോളവൽക്കരണത്തെ ഒരു പരിധിവരെ കേരളം അതിജീവിച്ചത് ജനകീയാസൂത്രണം എന്ന വികേന്ദ്രീകൃത ആസൂത്രണ മാതൃകയിലൂടെയായിരുന്നു. ആരോഗ്യം ഒരു വില്പനച്ചരക്കല്ലെന്നും കമ്പോളാധിഷ്ഠിതമായ ഒരു മൂല്യമല്ലെന്നും ഉറപ്പിച്ചു പറയേണ്ട കാലഘട്ടമാണിത്. ആഗോളവൽക്കരണത്തിനെതിരെയും കമ്പോളാധിഷ്ഠിത സാമ്പത്തിക വ്യവസ്ഥിതിക്കെതിരെയുമുള്ള പോരാട്ടമാണ് ഇനി നടത്തേണ്ടത്.

ഇന്ത്യയിലെ ദേശീയ വരുമാനത്തിന്റെ അഞ്ച് ശതമാനമെങ്കിലും ബജറ്റ് വിഹിതം ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണം. ആ­രോഗ്യത്തിനുള്ള അവകാശം ഓരോ വ്യക്തിക്കും മൗലികമായിരിക്കുമ്പോൾ തന്നെ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലെ ജനങ്ങൾക്കും ആരോഗ്യ സേവനങ്ങൾ സൗജന്യമായോ, മിതമായ നിരക്കിലോ ലഭ്യമാക്കാനുള്ള ബാധ്യത സർക്കാരിനാണ്. ആരോഗ്യസംരക്ഷണം പൗരന്റെ മൗലികാവകാശങ്ങളിൽ ഒന്നാണ്. അത് ഉറപ്പുവരുത്തേണ്ടത് ഭരണാധികാരികളുടെ ബാധ്യതയുമാണ്. എന്നാൽ ഇന്ത്യയിൽ1991ലെ പുത്തൻ സാമ്പത്തികനയത്തിനു ശേഷം ആരോഗ്യസംരക്ഷണം ഏറ്റവും ചെലവ് കൂടിയ ഒന്നായി മാറി. അതിലൂടെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ഒന്നാം പഞ്ചവത്സരപദ്ധതി മുതൽ എല്ലാവർക്കും ചികിത്സലഭ്യത എന്നത് ഒരു ലക്ഷ്യമായിരുന്നു. എന്നാൽ ഇന്ത്യയിൽ നടപ്പിലാക്കിയ ആഗോളവൽക്കരണ നയങ്ങൾ മൂലം ഇന്ന് സമ്പന്നർക്ക് വേണ്ടി മാത്രമുള്ള ഒന്നായി മാറിയിരിക്കുന്നു. 1978ലെ അൽമാആട്ടാ പ്രഖ്യാപന പ്രകാരം 2000 ആണ്ടിൽ ‘എല്ലാവർക്കും ആരോഗ്യം’ എന്നത് ഇരുപത് വർഷങ്ങൾ പിന്നിട്ടിട്ടും ഉദ്ദേശ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചിട്ടില്ല. പൊതുജനാരോഗ്യ പരിപാലന സംവിധാനം ശക്തിപ്പെടുത്തുകയും സാധാരണ മനുഷ്യർക്ക് നീതിയുക്തമായി വൈദ്യസേവനം ലഭിക്കുകയും ചെയ്യുക എന്നതാണ് കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ നമുക്ക് ഉയർത്താനുള്ള മുഖ്യ ആവശ്യം. ലോകത്തിന്റെ ഭാവി നിർണയിക്കുന്നത് ഏതാനും കോർപ്പറേറ്റുകളാകുമ്പോൾ അവിടെ മനുഷ്യന്റെ ക്ഷേമത്തിനും ആരോഗ്യത്തിനും മറ്റും കുറഞ്ഞ പരിഗണന മാത്രമേ ലഭിക്കുന്നുള്ളു. കോവിഡ് 19 ഭീഷണിയെ നേരിടാൻ ഒരു വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥക്ക് പ്രാധാന്യം നൽകി ദേശീയവും പ്രാദേശികവുമായ ആവശ്യങ്ങൾ തൃപ്തിപ്പെടുത്താനായി, തദ്ദേശീയവും പ്രാദേശികവുമായി ലഭ്യമായ മുഴുവൻ മാനുഷിക ഭൗതിക വിഭവങ്ങളും ഉപയോഗിക്കുക എന്നതായിരിക്കണം ആഗോളവൽക്കരിക്കപ്പെട്ട ലോകത്ത് ഇന്ത്യയ്ക്ക് മുന്നോട്ട് വെയ്ക്കാൻ സാധിക്കേണ്ട ഏറ്റവും നല്ല വികസന മാതൃക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.