രമേശ് ബാബു

മാറ്റൊലി

January 13, 2022, 7:15 am

വീട്ടുകാർ പുറത്താകുമോ?

Janayugom Online

കേരളത്തിൽ അസംഘടിത തൊഴിൽമേഖലയിലെ മനുഷ്യവിഭവശേഷിയുടെ ശൂന്യത പരിഹരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഇവിടെ സർവസാധാരണമായി തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കേരളം അവരെ ബഹുമാനപൂർവം അതിഥി തൊഴിലാളികൾ എന്ന് വിശേഷിപ്പിക്കുന്നു. അങ്ങിങ്ങ് നടന്ന ചില കൊലപാതകങ്ങൾ, മോഷണം, പിടിച്ചുപറി, ഭവനഭേദനം ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ അതിഥി തൊഴിലാളികളുടെ പങ്കാളിത്തം കണ്ടെത്തപ്പെട്ടെങ്കിലും അതൊക്കെയും ഒറ്റപ്പെട്ട സംഭവങ്ങളായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാൽ നിയമ വിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ടതോടെ അന്യദേശക്കാരുടെ വ്യാപനം ഉയർത്തുന്ന സാമൂഹിക ഭീഷണികൾ ഗൗരവത്തോടെ വീക്ഷിക്കപ്പെട്ടു തുടങ്ങി. ലോക്ഡൗൺ കാലത്ത് ആയിരക്കണക്കിന് അന്യദേശ തൊഴിലാളികൾ സംഘടിച്ച് പായിപ്പാട്ട് നടത്തിയ പ്രതിഷേധ അക്രമങ്ങൾ, 2021ൽ കിഴക്കമ്പലത്തെ കിറ്റെക്സ് തൊഴിലാളികൾ നടത്തിയ അതിക്രമങ്ങളിൽ പൊലീസ് ജീപ്പുകൾ കത്തിക്കലും പൊലീസുകാർ മർദനമേറ്റതിനെത്തുടർന്ന് പ്രാണരക്ഷാർത്ഥം ഓടിയൊളിച്ചതുമായ സംഗതികൾ വിലയിരുത്തുമ്പോൾ അന്യദേശ തൊഴിലാളികളുടെ വർധിച്ചുവരുന്ന സാന്നിധ്യം ആശങ്കകൾ നിറയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ തേടി കേരളത്തിലെത്തുകയും പണിയെടുത്ത് ജീവിക്കുകയും ചെയ്യുന്ന തൊഴിലാളികളെ അന്യദേശക്കാരെന്നൊ, അതിഥികളെന്നൊ ഒക്കെ സാങ്കേതികമായി വിശേഷിപ്പിക്കാറുണ്ടെങ്കിലും അതിന് ഭരണഘടനയനുസരിച്ച് സാധൂകരണമില്ല. കാരണം ഭാരതത്തിലെ ഓരോ പൗരനും രാജ്യത്ത് എവിടെ താമസിക്കാനും ജോലിയെടുക്കാനും സംഘടിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പുനല്കുന്നുണ്ട്. ആർട്ടിക്കിൾ 19 പ്രകാരം പൗരത്വമെന്നത് ഓരോ ഭാരതീയന്റെയും ജന്മാവകാശവും രാജ്യത്ത് എവിടെയും തൊഴിലെടുക്കാനുള്ള അവകാശം അവരുടെ മൗലിക അവകാശത്തിൽപെടുന്നതുമാണ്. ചില കേന്ദ്രഭരണ പ്രദേശങ്ങളിൽ മാത്രമേ നിയന്ത്രണങ്ങളുള്ളൂ. അത് ആ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരവും നരവംശ ശാസ്ത്രപരവുമായ പ്രത്യേകതകളിൽ സങ്കലനം വരാതിരിക്കാൻ വേണ്ടിയാണ്. എന്നാൽ കുടിയേറ്റംമൂലം തദ്ദേശീയമായൊരു സങ്കലന ഭീഷണി ഓരോ സംസ്ഥാനത്തിന്റെയും സാമൂഹിക സാംസ്കാരിക സാമ്പത്തിക മേഖലകൾ നേരിടുന്നുണ്ടെന്നുള്ളതാണ് വാസ്തവം. തമിഴ്‌നാട്, കർണാടക, ഒഡിഷ, ഝാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, അസം, അരുണാചൽപ്രദേശ്, ജമ്മുകശ്മീരിലെ ബാരമുള്ള എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കേരളത്തിലെ അതിഥി തൊഴിലാളികളിൽ ഏറിയ പങ്കും. ഇതിൽ പശ്ചിമബംഗാളിൽ നിന്നുള്ളവർക്കാണ് മേൽക്കെെ. ദക്ഷിണേന്ത്യയിൽ നിന്നുള്ള തൊഴിലാളികൾ കൂട്ടത്തിൽ കുറവുമാണ്. വടക്കേ ഇന്ത്യയിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം പെരുകിയതോടെയാണ് കേരളത്തിൽ പാൻപരാഗ്, കഞ്ചാവ് തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ സുലഭമാകാൻ തുടങ്ങിയതെന്ന് സർവേകൾ ചൂണ്ടിക്കാട്ടുന്നു. ഇവർ മലയാളികളുടേതല്ലാത്ത ഒരു ജീവിത സംസ്കാരം ഇവിടെ രൂപപ്പെടുത്തിയിട്ടുമുണ്ട്. വൃത്തിയില്ലാത്തയിടങ്ങളിലെ കൂട്ടത്തോടെയുള്ള താമസം, മാലിന്യ സംസ്കരണമില്ലായ്മ, നാടുവിട്ടെത്തുന്ന ക്രിമിനലുകൾ, ബംഗ്ലാദേശിൽ നിന്ന് അതിർത്തി ചാടിക്കടന്ന് ബംഗാളിയെന്ന പേരിൽ ഇവിടെ കഴിയുന്നവർ, തീവ്രവാദി സംഘടനകളുമായി രഹസ്യബന്ധമുള്ളവർ…


ഇതുകൂടി വായിക്കാം; ഉദിച്ചുയരൂ താരകമേ… ഉയിരിന്നുണർവേകാൻ


എല്ലാംതന്നെ ഈ രൂപപ്പെടുത്തലിന് ആക്കം കൂട്ടുന്നുണ്ട്. 1990 മുതലാണ് കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം ശക്തമാകാൻ തുടങ്ങുന്നത്. ആദ്യം ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള തൊഴിലാളികളാണ് എത്തിത്തുടങ്ങിയത്. കേരളത്തിൽ നിന്നുള്ള ഗൾഫ് കുടിയേറ്റം ശക്തമായതോടെ വടക്കേ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് ബംഗാളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം വർധിക്കാൻ തുടങ്ങി. 2022 മുതൽ അടുത്ത എട്ട് വർഷത്തിനിടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 2017–18ൽ കേരളത്തിൽ 31.4 ലക്ഷം അതിഥി തൊഴിലാളികൾ ഉണ്ടെന്ന് കണക്കുകൂട്ടിയിരുന്നു. ഇത് 2030ഓടെ 60 ലക്ഷത്തോളമായി ഉയരുമെന്നാണ് നിഗമനം. അപ്പോൾ കേരള ജനസംഖ്യ 3.60 കോടിയെത്തുമെന്നും കണക്കാക്കപ്പെടുന്നു. സംസ്ഥാന ആസൂത്രണ ബോർഡ് ഇവാല്വേഷൻ വിഭാഗമാണ് പഠനം നടത്തിയിരിക്കുന്നത്. കേരളത്തിലെ സർക്കാർ ഇതരമേഖലകളിലെ 60 ശതമാനം ജോലികളിലും അതിഥി തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഈ 60 ശതമാനത്തിലെ 45 ശതമാനവും ബംഗാളികളാണ്. കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷവും ദളിതരും മതന്യൂനപക്ഷവുമാണ്. ജാതിമത വേർതിരിവില്ലാത്ത കേരളത്തിലെ സാമൂഹിക അന്തരീക്ഷവും ജീവിതസുരക്ഷയും മതസൗഹാർദവും മെച്ചപ്പെട്ട വേതനവും ഇവർക്ക് ഇവിടെ മാന്യമായ ജീവിതസാഹചര്യമൊരുക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്സേഷന്റെ ഒരു പഠന പ്രകാരം (2018–19) അതിഥി തൊഴിലാളികൾ ഒരു വർഷം 2500 കോടി രൂപയാണ് ഇവിടെനിന്നും കൊണ്ടുപോകുന്നത്. കേരള സർക്കാർ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയും ആവാസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആരോഗ്യ പരിരക്ഷയും ഇവർക്കായി ഒരുക്കുന്നു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രതിശീർഷ വരുമാനം അത്ര മെച്ചമല്ലാത്ത കേരളത്തിലേക്ക് എന്തുകൊണ്ട് ഇത്രയും കുടിയേറ്റ തൊഴിലാളികൾ എത്തുന്നുവെന്നത് ഇനിയെങ്കിലും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയമാണ്. കേരളീയരുടെ മനോഭാവം മുതൽ സാമൂഹ്യ പശ്ചാത്തലം വരെയുള്ള നിരവധികാര്യങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു. അരിമണിയൊന്ന് കൊറിക്കാനില്ലെങ്കിലും തരിവളയിട്ട് കിലുക്കാൻ മോഹിക്കുന്നവരാണ് കേരളീയരെന്നാണ് കവിവാക്യം. ഗൾഫ് മേഖലകളിലേക്കുള്ള കുടിയേറ്റം, ശാരീരിക അധ്വാനം വേണ്ടാത്ത രാഷ്ട്രീയ‑സാമൂഹിക പൊതുപ്രവർത്തനരംഗത്തെ സജീവപങ്കാളിത്തം, ദിവസക്കൂലിക്ക് പണിയെടുക്കാനുള്ള വെെമുഖ്യം (ഇത് സാമ്പത്തിക വളർച്ച കെെവരിക്കുന്ന സമൂഹങ്ങളിലെ പൊതുപ്രവണതയാണെന്ന് വിലയിരുത്തപ്പെടുന്നു) തുടങ്ങിയ പൊതുസ്വഭാവങ്ങൾ സൃഷ്ടിക്കുന്ന ശൂന്യതയിലേക്കാണ് കുടിയേറ്റ തൊഴിലാളികൾ കടന്നെത്തുന്നത്. കൊറോണ ലോക്ഡൗൺ കാലത്ത് അവർ മടങ്ങി പോയെങ്കിലും വൈകാതെ തന്നെ തിരിച്ചെത്തുകയായിരുന്നു. കേരളീയർ വേണ്ടത്ര രേഖകളോടെ പ്രവാസം തേടിപ്പോകുമ്പോൾ രേഖകളൊന്നുമില്ലാതെ അന്യദേശ തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിൽ തമ്പടിച്ചുകൊണ്ടിരിക്കുന്നു. നാല്പതുലക്ഷം പേർ ഈ കൊച്ചു കേരളത്തിൽ കൂടുതലായി തങ്ങുന്നുവെന്നത് ഒരു ചെറിയ കണക്കല്ല. ഇവരുടെ കൃത്യമായ വിവരശേഖരണം, താമസരേഖ, തൊഴിൽ‑മെഡിക്കൽ കാർഡ്, ആരോഗ്യ‑സുരക്ഷാ ക്രമീകരണം, ശക്തമായ നിരീക്ഷണം എന്നിവയൊക്കെ നടപ്പാക്കിയില്ലെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ അനതിവിദൂരഭാവിയിൽത്തന്നെ കേരളം അനുഭവിക്കേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല. അതേസമയം രാജ്യം പിന്തുടരുന്ന ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ മനസോടെ അതിഥി തൊഴിലാളികളെ സമാനരായി കാണേണ്ട ഉത്തരവാദിത്വവും നമുക്കുണ്ട്.

മാറ്റൊലി

കേരളത്തിലെ വൻ നഗരങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഒരു ചായ കുടിക്കണമെങ്കിൽ പോലും ഇപ്പോൾ ഹിന്ദി അറിയണം. മലയാളം മധുരമായ ഒരോർമ്മ മാത്രമാകുമോ?