Thursday
21 Mar 2019

സത്യത്തിൽ തൊഗാഡിയ ജീവിച്ചിരിക്കുമോ?

By: Web Desk | Sunday 21 January 2018 8:00 AM IST


praveen togadia

Jose Davidജോസ് ഡേവിഡ് 

ഗുജറാത്ത് നരഹത്യയുടെ കറുത്ത നാളുകളിൽ തൊഗാഡിയ തീ തുപ്പിയത്  ഇതായിരുന്നു:”ഹിന്ദുത്വത്തെ എതിർക്കുന്നവർക്ക് വധശിക്ഷ”.
ഇത് അറം പറ്റുമെന്ന് പ്രവീൺ തൊഗാഡിയ കരുതിയില്ല. ആ വാൾ തന്റെ ഹൃദയത്തിലേക്ക്, അതും, ഉറ്റ ചങ്ങാതി നരേന്ദ്ര മോഡിയിൽ നിന്നും. 

അഹമ്മദാബാദിൽ തൊഗാഡിയ: “എന്നെ കൊല്ലാൻ നോക്കുന്നു”.

ചൂണ്ടു വിരൽ  ഇന്ത്യയുടെ പ്രധാനമന്ത്രിയിലേക്കു നീണ്ടു. ഒന്നുകിൽ തൊഗാഡിയ കള്ളം പറയുന്നു, അല്ലെങ്കിൽ ഇന്ത്യയുടെ രാജാവ് നഗ്നനാണ്.

വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ഗുജറാത്തു പോലീസിലേയും രാജസ്ഥാൻ പോലീസിലേയും സംഘം എത്തിയപ്പോൾ വി എച്ച് പി ആസ്ഥാനത്തു നിന്നും ഒളിച്ചു കടന്ന തൊഗാഡിയയെ പിന്നിട് അബോധാവസ്ഥയിലാണ് അഹമ്മദാബാദിലെ ചന്ദ്രമണി ആശുപത്രിയിൽ എത്തിച്ചത്.

നിറ കണ്ണുകളോടെ തൊഗാഡിയ ആശുപത്രിയിലെ പത്രസമ്മേളനത്തിൽ: “എന്നെ  വ്യാജ ഏറ്റുമുട്ടലില്‍ വധിക്കാനുള്ള ശ്രമത്തിൽ നിന്നും രക്ഷപെടാനാണ് ഒളിച്ചു കടന്നത്”.  

“ഇന്നലെ രാവിലെ ഞാൻ പൂജ ചെയ്യുകയായിരുന്നു. രാജസ്ഥാൻ പോലീസിന്റെ വൻ പട, ഗുജറാത്ത് പോലീസുമായി എന്നെ എട്ടുമുട്ടലിൽ കൊല്ലാൻ വരുന്നുവെന്ന സന്ദേശം കിട്ടി. എന്റെ സുരക്ഷാ ആളുകളുമായി ആലോചിച്ച ശേഷം, ഒരു വി എച്ച് പി പ്രവർത്തകനുമൊത്തു നഗരത്തിലെ തെൽതേജ് പ്രദേശത്തേക്ക് പോയി. രാജസ്ഥാൻ മുഖ്യമന്ത്രി (വസുന്ധര രാജ) യെയും ആഭ്യന്തര മന്ത്രി (ഗുലാബ് ചാന്ദ് കട്ടാരി) യയെയും വിളിച്ചു. പക്ഷെ പോലീസിനെ അയച്ചിട്ടില്ലെന്ന് അവർ പറഞ്ഞു. ഇതെനിക്ക് കൂടുതൽ സംശയം ഉണ്ടാക്കി. അങ്ങനെ ഞാൻ മൊബൈൽ ഓഫ് ചെയ്തു വച്ചു.

രാജസ്ഥാനിലെ അഭിഭാഷകരെ ബന്ധപ്പെട്ട് അറസ്റ്റ് വാറന്റ് റദ്ദാക്കിക്കാൻ നോക്കി. കോടതി പുറപ്പെടുവിച്ച സ്ഥിതിക്ക് ഇനി ബുദ്ധിമുട്ടാണെന്ന് അവർ പറഞ്ഞു. അതുകൊണ്ടു ജയ്‌പ്പൂരിൽ കോടതി മുമ്പാകെ ഹാജരാകാൻ വിമാനത്താവളത്തിലേക്ക് ഓട്ടോയിൽ പോകുമ്പോഴാണ് എനിക്ക് ഓർമ്മ പോയത്. എന്നെ ഒരു ആശുപത്രിയിൽ എത്തിക്കാൻ ഞാൻ പറഞ്ഞു. ഓർമ തെളിഞ്ഞപ്പോൾ എനിക്ക് പരിചയമില്ലാത്ത ആശുപത്രിയിലാണ് ഞാൻ” – അർബുദരോഗ ചികിത്സകനായിരുന്ന, നഗരത്തിൽ മുമ്പ് സ്വന്തം ആശുപത്രി നടത്തിയിട്ടുള്ള തൊഗാഡിയ.

“എനിക്ക് മരണഭയമില്ല, ഏറ്റുമുട്ടലിനെയും ഭയമില്ല, പക്ഷെ എനിക്കെന്നെ സംരക്ഷിക്കണം.
എനിക്കെതിരെ പഴയ കേസുകൾ പൊടി തട്ടിയെടുത്തു എന്നെ ഇല്ലാതാക്കൻ ശ്രമിക്കുകയാണ്. എനിക്കെതിരെ ഈ പദ്ധതി ഇടുന്നവരുടെ പേരുകൾ സമയം വരുമ്പോൾ പുറത്തു പറയും”

“രാജസ്ഥാൻ പോലീസ് എന്നെ പിടിക്കാൻ വന്നു, പക്ഷെ അവിടുത്തെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇതേക്കുറിച്ചു അറിവില്ല. ഇത് തന്നെയാണ് ഗുജറാത്തിലും നടന്നത്. എനിക്കെതിരെ അറസ്റ്റ് വാറന്റ് വന്നപ്പോൾ മുഖ്യമന്ത്രി (വിജയ് രൂപാണി)യോ ആഭ്യന്തര മന്ത്രി (പ്രദീപ് സിംഗ് ജഡേജ)യോ അറിഞ്ഞിരുന്നില്ല.

പോലീസ് ആരുടെ ഉത്തരവ്വാണ് നടപ്പാക്കുന്നതെന്ന് ഞാൻ വേണ്ട സമയത്തു തെളിവ് സഹിതം പറയും. നരേന്ദ്ര മോഡി കഴിഞ്ഞ 15 ദിവസം  ഗുജറാത്ത് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനുമായി നടത്തിയ ഫോൺ സംഭാഷണം വെളിപ്പെടുത്തണമെന്നും തൊഗാഡിയ.

ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് മാത്രം ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. പക്ഷെ 19 ലേറെ വിദ്വേഷ പ്രസംഗക്കേസുകളിലൂടെ, മുസ്ലിങ്ങളെ ‘വ്യാജ ഏറ്റുമുട്ടലിലൂടെ’ കൊന്നൊടുക്കിയതിലൂടെ, മുസ്ലിങ്ങളെ അയലത്തു നിന്നും ആട്ടിയോടിക്കണമെന്ന ആഹ്വാനങ്ങളിലൂടെ തൊഗാഡിയ ഇസഡ് പ്ലസ് സുരക്ഷ നേടിയെടുത്തു. ആ സുരക്ഷയും ഇപ്പോൾ തൊഗാഡിയയ്ക്ക് മതിയാകാതായി. തൊഗാഡിയ ക്ഷേത്രം പണിയാൻ മറ്റുള്ളവരെ കൊന്നെറിഞ്ഞതു, ഏതു ദൈവത്തിനു വേണ്ടിയാണോ, ആ ദൈവത്തിന്റെയും സംരക്ഷ കിട്ടാതെ അഹമ്മദാബാദ് നഗരത്തിലൂടെ അദ്ദേഹം ഒരു ഓട്ടോയിൽ പാഞ്ഞു, വഴി മദ്ധ്യേ ബോധരഹിതനായി വീണു..ബോധമില്ലാതെ ആശുപത്രിയിലായി.

ഇക്കാലത്തു ഏറ്റവും സുരക്ഷിതമായ സ്ഥലം വി എച്ച് പി ഓഫീസല്ലാതായി. ഏറ്റവും സുരക്ഷിതൻ വി എച്ച് പിയുടെ അന്താരാഷ്ട്ര പ്രസിഡന്റല്ലാതായി. അതിലും ഉപരി, ഇന്ത്യയുടെ പ്രധാനമന്ത്രി എതിരാളികളെ ‘വ്യാജ ഏറ്റുമുട്ടലിലൂടെ’ കൊന്നു തള്ളുന്ന ഒരു നാലാം കിട കശാപ്പുകാരനാണെന്നുമായി. അതും, പറയുന്നത്, ഇക്കാലമത്രയും ഈ കൂട്ടക്കൊലക്കു മുഴുവൻ കൂട്ടുനിന്ന സന്തത സഹചാരി. കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ. ഒടുവിൽ തന്റെ ഊഴം വന്നപ്പോൾ, തന്റെ കട്ടിളപ്പടിയിലും രക്തത്താൽ അപകടത്തിന്റെ അടയാളം കോറപ്പെട്ടപ്പോൾ…അപ്പോൾ മാത്രമേ തൊഗാഡിയയ്ക്ക് താൻ സ്വയം തീർത്ത മരണക്കുഴിയുടെ ആഴം പിടി കിട്ടിയുള്ളൂ. അതാണ്, ആൾ കരഞ്ഞു പോയത്, ആശുപത്രിയിൽ തൊഴുകയ്യോടെ ‘എന്നെ കൊല്ലല്ലേ’ എന്ന് നിലവിളിച്ചത്.

തൊഗാഡിയയും നരേന്ദ്ര മോഡിയും ഒരേ തൂവൽ പക്ഷികളാണ്. മോഡി 1983 ൽ ബി ജെ പി യിൽ, തൊഗാഡിയ 1984ൽ വി എച്ച് പിയിൽ. തൊഗാഡിയയുടെ സ്കൂട്ടറിന് പിന്നിലിരുന്ന് ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഇരുവരും ഒരുമിച്ചു കറങ്ങിയ, വർഗീയത നട്ടു വളർത്തിയ നാളുകൾ. ഡൽഹിയിലേക്ക് നാട് കടത്തപെട്ട മോഡിയ്ക്ക്, അഹമ്മദാബാദിൽ ബിജെപി ഓഫീസ് ഭൃഷ്ട് കല്പിച്ചപ്പോൾ,  വി എച്ച് പി ഓഫീസിൽ കയറ്റി ഇരുത്തിയതും, പിന്നീട് 2001 ൽ ചരട് വലിച്ചു മുഖ്യമന്ത്രിയായി ഉപരോധിച്ചത്തിനു പിന്നിലെ ബുദ്ധി കേന്ദ്രവും തൊഗാഡിയ.  അക്കാലത്തു രാജാവിനേക്കാൾ വലിയവനായിരുന്ന രാജശില്പി.

പ്രത്യുപകാരമായി തൊഗാഡിയയുടെ അടുത്ത അനുയായി പ്രമുഖ വി എച്ച് പി നേതാവ് ഗോർധൻ സഡാഫിയായെ ആഭ്യന്തര മന്ത്രിയാക്കി. 2002 ൽ ഗുജറാത്ത് കൂട്ടക്കൊല മോഡി നയിച്ചപ്പോൾ അതിന് തൊഗാഡിയയും സഡാഫിയയും അരു നിന്നു. ഇത് ഹിന്ദു രാഷ്ട്രത്തിന്റെ തുടക്കമെന്നു തൊഗാഡിയ; രണ്ടു വർഷത്തിനുള്ളിൽ ഹിന്ദു രാഷ്ട്രം വരുമെന്ന് പ്രവചനം, അത് ഇന്ത്യയുടെ ചരിത്രവും പാകിസ്താന്റെ ഭൂമി ശാസ്ത്രവും മാറ്റുമെന്ന് ഗീർവാണം. തുടർന്നുള്ള ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ നൂറിലേറെ മണ്ഡലങ്ങളിൽ മോഡിക്ക് വേണ്ടി ഹെലികോപ്റ്ററിൽ കറങ്ങി പ്രചാരണം.

പക്ഷെ ആ ബന്ധം അറ്റു. മോഡി തൊഗാഡിയയ്ക്കുമപ്പുറം ഉയരങ്ങളിലേക്ക് പറന്നു. പിന്നെ, തൊഗാഡിയ തകരുന്നതും മോഡി ആർക്കും സ്പർശിക്കാനാവാത്ത സോപാനങ്ങളിൽ നിലയുറപ്പിക്കുന്നതും രാജ്യം കണ്ടു.

ഇപ്പോൾ തൊഗാഡിയ തന്റെ കഥ എഴുതുകയാണ്; “കാവി ചിന്തകൾ, മുഖങ്ങളും മുഖം മൂടികളും”. ഏതാണ്ട് പൂർത്തിയായ പുസ്തകം നരേന്ദ്ര മോഡി എന്ന മസ് ജിദിനെ കല്ലിന്മേൽ കല്ല് ശേഷിക്കാതെ നിലം പരിശാക്കുമെന്നു, അതിന്റെ കയ്യെഴുത്തു വായിച്ച തൊഗാഡിയയുടെ അടുത്ത അനുയായി പറയുന്നു. അപ്പോൾ പിന്നെ, തൊഗാഡിയ ജീവിച്ചിരിക്കുമോ?