Wednesday
20 Mar 2019

അന്റാര്‍ട്ടിക്കന്‍ അഗ്നിച്ചിറകുകള്‍

By: Web Desk | Tuesday 17 April 2018 6:25 PM IST


സതീഷ് ബാബു കൊല്ലമ്പലത്ത്

കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഭൂഖണ്ഡം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ- അന്റാര്‍ട്ടിക്കന്‍ ഉപഭൂഖണ്ഡം. മഞ്ഞും തണുപ്പും മാത്രമല്ല, ഭൂമിയിലെ മൊത്തം മഞ്ഞുപാളികളേയും ഉരുക്കി കടല്‍ ജലനിരപ്പ് ഉയര്‍ത്തുക വഴി കരഭൂമിയെ കടലാക്കി മാറ്റാനുള്ള അത്രയും ചൂട് ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. ഏറ്റവും തണുത്ത ഈ ഭൂഖണ്ഡത്തിലാണ് ആന്തരിക ഭൗമതാപം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നത് എന്നത് ഒരു വിരോധാഭാസമായി കാണാം. ഭൂമിയിലെ മൊത്തം മഞ്ഞുപാളികളേയും ഉരുക്കുവാന്‍ ആവശ്യമായ ചൂടും മര്‍ദ്ദവും ഈ ഉപഭൂഖണ്ഡത്തിന്റെ ഉപരിമണ്ഡലത്തിനു താഴെയുള്ള മുകള്‍ മാന്റിനയില്‍ നിന്ന് വരുന്നുണ്ട്. അഗ്നിച്ചിറകുകള്‍ എന്നറിയപ്പെടുന്ന ഹോട്ട് പ്ലൂം ഈ ഭൂഖണ്ഡത്തില്‍ വന്നടിയുന്നതാണ് പ്രധാന കാരണം.
അന്റാര്‍ട്ടിക്കയിലെ ചെറിയ അഗ്നിപര്‍വതത്തിന് പോലും കരഭൂമിയിലെ അഗ്നിപര്‍വതത്തേക്കാള്‍ മൂന്ന് മുതല്‍ നാലിരട്ടിവരെ ഊര്‍ജം ഉല്‍പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. കാസറസ് (മൗണ്ട് കാസര്‍നെറ്റ്) അഗ്നിപര്‍വതം ഒരു ചെറിയ ന്യൂക്ലിയര്‍ പ്ലാന്റ് പുറത്തുവിടുന്ന അത്രയും ഊര്‍ജം (700 മില്ല്യണ്‍ വാട്ട്‌സ്) ഒരു വര്‍ഷം പുറംതള്ളുന്നുണ്ട്. അതായത് ഒരു വര്‍ഷം ഏകദേശം 700 മില്ല്യണ്‍ വാട്ട്‌സ് ഊര്‍ജം ഇവ പുറംതള്ളുമ്പോള്‍ ചിലിയിലേയും മെക്‌സിക്കോയിലേയും ജപ്പാനിലേയും ഇതേ വലിപ്പത്തിലുള്ള അഗ്നിപര്‍വതങ്ങള്‍ 200 മില്ല്യണ്‍ ടണ്‍ ഊര്‍ജം മാത്രമാണ് പുറത്തുവിടുന്നത്. അതായത് 70 മില്ല്യണ്‍ ടണ്‍ ഐസിനെ ജലമാക്കി മാറ്റാനുള്ള കഴിവ് അന്റാര്‍ട്ടിക്കയിലെ ഓരോ അഗ്നിപര്‍വതത്തിനുമുണ്ടെന്നര്‍ത്ഥം. അതുപോലെ അന്റാര്‍ട്ടിക്കന്‍ മാന്റീന (ഭൂവല്‍ക്കത്തിന്റെ തൊട്ടടിയിലുള്ള ലെയര്‍)യില്‍ നിന്ന് വരുന്ന ഊര്‍ജ്ജം ഒരു സ്‌ക്വയര്‍മീറ്ററില്‍ 150 മില്ലീവാട്ട്‌സാകുമ്പോള്‍ ലിബിയ, ഇറാഖ്, ഇറാന്‍, ഒമാന്‍, സുഡാന്‍, ഇന്ത്യ തുടങ്ങി ഉഷ്ണരാജ്യങ്ങളിലെ ഭൂവല്‍ക്കത്തില്‍ നിന്നുവരുന്ന ഊര്‍ജം പോലും 40 മുതല്‍ 60 മില്ലീവാട്ട്‌സ് വരെ മാത്രമെ ഉള്ളൂ. ആഗോളതാപനം വര്‍ദ്ധിച്ചതിന് ശേഷമാണ് ഈയൊരു പ്രതിഭാസം കണ്ടുതുടങ്ങിയത് എന്നതാണ് ശാസ്ത്രനിഗമനം.
ഭൂഖണ്ഡത്തിന്റെ പുറംഭാഗത്ത് കടുത്ത മഞ്ഞ് വ്യാപിച്ചുകിടക്കുമ്പോള്‍ തന്നെ അതിന് തൊട്ടുതാഴെയുള്ള മാന്റീനയുടെ അടിത്തട്ടില്‍ വമ്പിച്ച തോതിലുള്ള ഊര്‍ജവും അഗ്നിയും ഉല്‍പാദിപ്പിക്കുന്ന വിരോധാഭാസവും കാണാം. ഈ രണ്ട് വിപരീത സ്വഭാവമുള്ള ഊര്‍ജങ്ങള്‍ ഒരേ വന്‍കരയില്‍ വ്യത്യസ്തമായി കാണുന്നത് അന്റാര്‍ട്ടിക്കയില്‍ മാത്രമാണ്. എന്തുകൊണ്ട് ഈ പ്രതിഭാസം നടക്കുന്നു എന്നത് ഇന്നും ഒരു കീറാമുട്ടിയായ വിഷയം തന്നെയാണ്. അടിത്തട്ടിലുള്ള മാന്റീനയില്‍ (ലോവര്‍ മാന്റീന) നിന്നും 1000 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരുമ്പോള്‍ അതിലുള്ള പാറകളും മറ്റ് ധാതുക്കളും പച്ചവെള്ളം പോലെ ഉരുകി പുറം മാന്റീനയുടെ പുറംതോടില്‍ വന്ന് നിക്ഷേപിക്കപ്പെടുന്നു. ഈ ലാര്‍വയാണ് അന്റാര്‍ട്ടിക്കയിലെ പ്രധാന ഊര്‍ജ്ജസ്രോതസ്സ്. ഇതില്‍ നിന്നും പുറത്തുവരുന്ന ചൂട് അന്റാര്‍ട്ടിക്കന്‍ ഉപഭൂഖണ്ഡത്തിലെ മഞ്ഞിനെ മാത്രമല്ല അലിയിച്ച് ജലമാക്കുന്നത്. ലോകത്തിലെ മറ്റ് വന്‍കരകളിലുള്ള കടല്‍ ജലനിരപ്പ് ഉയര്‍ത്തി നാശം വിതക്കുന്നു. അതായത് ഈ ലാര്‍വയുടെ ചൂടേറ്റ് പുറം മാന്റീനയിലെ മഞ്ഞുപാളികള്‍ ഉരുകി കടലിലേക്കൊഴുകുകയും കടലിലെ ജലവിതാനം ഉയരുകയും ചെയ്യുന്നു. ഈ ചൂട് യഥാര്‍ഥത്തില്‍ അഗ്നിയാണ്. ഭൂമിയെ വിഴുങ്ങുന്ന അഗ്നിച്ചിറക്. അതുകൊണ്ടാണ് ഇതിന് ഹോട്ട് ബ്ലൂം എന്ന പേര് നല്‍കിയത്. അഗ്നിയുടെ ചിറക് പോലെ ഉയര്‍ന്ന് ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മഞ്ഞ് ഉരുക്കി ജലനിരപ്പ് ഉയര്‍ത്തുന്നതിനും അതുവഴി ചെറിയ ദ്വീപുകളെപ്പോലും വെള്ളത്തിനടിയിലാക്കുന്നതിനുമുള്ള ശക്തി ഈ അഗ്നിച്ചിറകള്‍ക്കുണ്ട്.
അഗ്നിച്ചിറകുകളുടെ
പ്രത്യേകതകള്‍
മാന്റീനയുടെ അടിത്തട്ടില്‍ നിന്നും പാറകളും മറ്റ് ലോഹങ്ങളും ഉരുകിയാല്‍ പിന്നെ അവയ്ക്ക് സ്വസ്ഥമായി അവിടെ ഇരിക്കാന്‍ കഴിയില്ല. ഇവ ക്രമേണ സ്വയം രൂപപ്പെടുത്തിയ മര്‍ദ്ദം വഴി തനിയെ മുകളിലേക്ക് ഉയരാന്‍ തുടങ്ങുന്നു. കിണറില്‍ നിന്നും മോട്ടോര്‍ വഴി ജലം ഉയരുന്നതുപോലെ, ഏകദേശം 1800 കിലോമീറ്ററോളം മുകളിലേക്ക് സഞ്ചരിച്ചതിന് ശേഷമാണ് ഈ ലാര്‍വകള്‍ മാന്റീനയില്‍ പുറംഭാഗത്ത് നിക്ഷേപിക്കുന്നത്. ഇതാണ് അഗ്നിച്ചിറകുകളായി രൂപാന്തരം പ്രാപിക്കുന്നത്. ഊര്‍ജ ഉല്‍പാദനത്തിന്റെ പ്രധാന കേന്ദ്രമായ ഈ ലാര്‍വകള്‍ അഥവാ അഗ്നിച്ചിറകുകള്‍ മാന്റീനയുടെ പുറംഭാഗത്ത് കൂണ്‍ മുളച്ചതുപോലെ ഉയര്‍ന്നുനില്‍ക്കുന്നു. അന്റാര്‍ട്ടിക്കന്‍ ഉപഭൂഖണ്ഡത്തിനടിയില്‍ വലിയ വലിയ നദികള്‍ രൂപപ്പെടുത്തുന്നതിനുവരെ കഴിവുള്ള ഈ അഗ്നിച്ചിറകുകള്‍ ഭൂമിയുടെ ഒരു പ്രതിഭാസമായിട്ടാണ് കണക്കുകൂട്ടുന്നത്. ഭൂമിയില്‍ അന്റാര്‍ട്ടിക്ക ഒഴിച്ചുള്ള മേഖലകളില്‍ എവിടെയെങ്കിലും ഒരു അഗ്നിപര്‍വത സ്‌ഫോടനം നടന്നാല്‍ അതില്‍ നിന്ന് വരുന്ന പൊടിപടലങ്ങളെക്കൊണ്ട് ഏതാനും കിലോമീറ്റര്‍ മാത്രമേ ബുദ്ധിമുട്ടുകളുണ്ടാകൂ. എന്നാല്‍ അന്റാര്‍ട്ടിക്കയില്‍ അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടാക്കുന്ന അഗ്നിച്ചിറകുകള്‍ ലോകത്താകമാനം പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നു. സമുദ്രനിരപ്പുയരുകയും ജലത്തിന്റെ അമ്ലത വര്‍ധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ കടല്‍ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നതിനും ഈ അഗ്നിപര്‍വത സ്‌ഫോടനം വഴി പുറത്തുവരുന്ന ഊര്‍ജ്ജത്തിന് കഴിയും. ഈ സ്‌ഫോടനം വഴി ഉയര്‍ന്നുപോകുന്ന ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ പോലുള്ള വാതകങ്ങള്‍ ഓസോണ്‍ പാളിയുടെ വിടവ് വര്‍ധിപ്പിക്കുന്നതിന്റെ ഫലമായി ലോകത്താകമാനം സൂര്യനില്‍ വരുന്ന മാരകമായ കിരണങ്ങള്‍ ഭൂമിയിലെത്തുന്നു.

അഗ്നിച്ചിറകുകളുടെ വ്യാപനം
നേരത്തെ പറഞ്ഞതുപോലെ അഗ്നിച്ചിറകുകള്‍ ഓസോണ്‍ പാളിയെത്തന്നെ നശിപ്പിക്കുന്ന രീതിയില്‍ അവയില്‍ നിന്ന് വാതകങ്ങള്‍ വിസര്‍ജ്ജിക്കുന്നുണ്ട്. നൂറ്റാണ്ടുകളോളം നിര്‍ജ്ജീവമായിക്കിടന്നിരുന്ന അഗ്നിപര്‍വതങ്ങള്‍ ഈ അഗ്നിച്ചിറകുകള്‍ ആക്ടീവാക്കി മാറ്റുന്നു. 1700 വര്‍ഷം മുമ്പെ അതായത് ഹിമയുഗത്തില്‍ ആണ് അന്റാര്‍ട്ടിക്കയില്‍ വന്‍ അഗ്നിപര്‍വത സ്‌ഫോടനമുണ്ടായത്. ഈ സ്‌ഫോടനത്തിന്റെ ഫലമായി ഉയര്‍ന്നുവന്ന അഗ്നിച്ചിറകുകള്‍ ഉപരിതലത്തിലെ ഐസ് പാളികളെ ജലമാക്കി മാറ്റി അവയെ കടലിലേക്ക് ഒഴുക്കിവിടുന്നു.
കഴിഞ്ഞ രണ്ട് മാസം മുമ്പ് അന്റാര്‍ട്ടിക്കയില്‍ വന്‍ അഗ്നിസ്‌ഫോടനമുണ്ടായി. ഇതിന്റെ ഫലമായിട്ടായിരിക്കണം വന്‍ ഐസ് പാളികള്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും പിളര്‍ന്ന് കടലിലേക്കൊഴുകാന്‍ തുടങ്ങിയത്.
5700 സ്‌ക്വയര്‍ മീറ്ററോളം വരുന്ന ലാര്‍സന്‍ ഐസ് ഷെല്‍ഫ് എന്ന് ശാസ്ത്രനാമം കൊടുത്ത വലിയ മഞ്ഞുപാളി 2017 ജൂലൈ 10 മുതല്‍ 12 വരെ തിയ്യതികളില്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് പിളര്‍ന്ന് കടലിലേക്കൊഴുകാന്‍ തുടങ്ങി. ഈ ഭൂഖണ്ഡത്തിന്റെ 12 ശതമാനത്തോളം വരും ഈ വലിയ മഞ്ഞുമല. അതുപോലെ എ68 എന്ന വലിയ മഞ്ഞുപാളി ഉരുകി ചെറുകഷണങ്ങളായി കടലില്‍ ലയിച്ചുചേര്‍ന്നതും അടുത്തിടെയാണ്.
അഗ്നിച്ചിറകുകള്‍ക്ക് സ്വന്തം നദികള്‍
ഇവിടെ ‘സ്വന്തം’ നദികള്‍ എന്നതിന് അഗ്നിച്ചിറകുകള്‍ രൂപപ്പെടുത്തിയ നദികള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. മുകളില്‍ ആളിക്കത്തുന്ന ചൂടിനടിയിലൂടെ തണുത്തൊഴുകുന്ന സമൃദ്ധമായ നദികളേയും സൃഷ്ടിക്കുന്നത് മാന്ത്രിക സ്വഭാവമുള്ള ഈ അഗ്നിച്ചിറകുകള്‍ തന്നെയാണ്!! അതിലും വിചിത്രം അരുവികള്‍ ചിലപ്പോള്‍ വന്‍ നദികളായി രൂപാന്തരം പ്രാപിക്കുകയും അവ വീണ്ടും തിരിച്ച് അരുവികളായി മാറുന്നതും ഈ അഗ്നിച്ചിറകുകളിലൂടെയാണ് എന്നതാണ്! അതുതന്നെ തിരിച്ച് വീണ്ടും വലിയ തടാകമാകുന്ന പ്രകൃതിയുടെ ഒരു തമാശക്കളി നടത്തുകയാണ് ഈ അഗ്നിച്ചിറകുകള്‍. ഈ പ്രതിഭാസം അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിന് സ്വന്തം. ഹിമയുഗത്തില്‍ ഉദ്ദേശം 17700 വര്‍ഷം മുമ്പ് നഷ്ടപ്പെട്ടുപോയ നദികള്‍ വീണ്ടും ഒരു നദിയായി മാറിയത് അഗ്നിപര്‍വത സ്‌ഫോടനം വഴിയുണ്ടാക്കിയ അഗ്‌നിച്ചിറകുകളുടെ വ്യാപനത്തിന് ശേഷമാണ്.
അന്റാര്‍ട്ടിക്കയിലെ നദികളുടെ എണ്ണവും അതിലെ ജലത്തിലെ അളവും നോക്കിയാല്‍ മഞ്ഞുരുകുന്നതിലെ വേഗതയും അളവും നമുക്ക് മനസിലാക്കാന്‍ കഴിയും. പുതുതായി അന്തര്‍മാന്റീനയില്‍ നദികള്‍ ഉണ്ടാകുമ്പോള്‍ നാം കൂടുതല്‍ ഉല്‍ക്കണ്ഠപ്പെടണം. കാരണം ആഗോള താപനം വര്‍ധിച്ചതിന്റെ ഫലമായി ഭൂമിയില്‍ ദുരിതം ഉണ്ടാക്കുന്നതിന്റെ സൂചനയാണിത്.