ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം ലക്കത്തിന്റെ മൂന്നാം മത്സരമായ പുളിങ്കുന്ന് ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാട്ടിൽ തെക്കേതിൽ ചുണ്ടന് വിജയം.
എൻസിഡിസി ബോട്ട്ക്ലബ് കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടനെ ഹീറ്റ്സിലും ഫൈനലിലും തറപറ്റിച്ചാണ് (3.49.51 മിനിറ്റ്) മഹാദേവിക്കാട് വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്. അവസാന പത്തു മീറ്ററിൽ അവിശ്വസനീയമായ മുന്നേറ്റം നടത്തി പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം പുളിങ്കുന്നിൽ രണ്ടാമതായി തുഴഞ്ഞെത്തി.
രണ്ടാം ഹീറ്റ്സിൽ ആദ്യസ്ഥാനങ്ങൾ പങ്കിട്ടിരുന്ന നടുഭാഗവും മഹാദേവിക്കാട് കാട്ടിൽ തെക്കേതിലും കാരിച്ചാലുമാണ് മത്സരിച്ചത്. ഏറ്റവും മികച്ച സമയത്തോടെ ഹീറ്റ്സിൽ ഒന്നാമതെത്തി പിബിസി (മഹാദേവിക്കാട്) തങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കി. ഹീറ്റ്സിൽ കാണിച്ച മികവ് ഫൈനലിൽ പുറത്തെടുക്കാൻ നടുഭാഗ (എൻസിഡിസി) ത്തിനായില്ല. വീയപുരമാകട്ടെ ആദ്യമായി ലീഗ് മത്സരത്തിൽ അഞ്ച് മൈക്രോസെക്കൻറുകളുടെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തുകയും (3.51.26 മിനിറ്റ്) ചെയ്തു. 3.51.31 മിനിറ്റ് കൊണ്ട് നടുഭാഗം (എൻസിഡിസി) മൂന്നാമതായി ഫിനിഷ് ചെയ്തു. മൂന്ന് സിബിഎൽ മത്സരങ്ങൾ പിന്നിട്ടപ്പോൾ 29 പോയിൻറുകളുമായി മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ വീണ്ടും പട്ടികയിൽ ഒന്നാമതെത്തി. എൻസിഡിസി നടുഭാഗം ചുണ്ടൻ 27 പോയിൻറുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. 24 പോയിൻറുകളോടെ വീയപുരമാണ് മൂന്നാം സ്ഥാനത്ത്.
ചീഫ് വിപ്പ് ഡോ. എൻ ജയരാജ് രാജീവ് ഗാന്ധി വള്ളം കളിയും സിബിഎൽ മൂന്നാം മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് അധ്യക്ഷനായിരുന്നു. ആലപ്പുഴ ജില്ലാകളക്ടർ വി ആർ കൃഷ്ണതേജ സമ്മാനദാനം നടത്തി.
English Summary: Winner of Kattil Tekket at Pulingunn Jlotsavam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.