Web Desk

ബ്യൂണസ് ഐറിസ്

September 10, 2021, 10:14 pm

മിശിഹ ഹാട്രിക്ക് ; പെലെയെ മറികടന്നു, അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം

Janayugom Online

ലോകകപ്പ് ഫുട്ബോള്‍ ലാറ്റിനമേരിക്കന്‍ റൗണ്ടില്‍ വമ്പന്‍മാരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം. ലയണല്‍ മെസി ഹാട്രിക് നേടിയ മത്സരത്തില്‍ ബൊളീവിയയ്ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. 14ാം മിനിറ്റില്‍ പെരീഡസിന്റെ അസിസ്റ്റില്‍ നിന്നാണ് മെസി ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ മറ്റൊരു മനോഹര നീക്കത്തിന് ഒടുവില്‍ മെസിയുടെ രണ്ടാം ഗോള്‍ പിറന്നു. കളി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ മെസി ഹാട്രിക്കും തികച്ചു. ബൊളീവിയക്കെതിരായ ഹാട്രിക്കോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ഗോള്‍ നേടുന്ന ദക്ഷിണഅമേരിക്കന്‍ പുരുഷ ഫുട്ബോളര്‍ എന്ന റെക്കോഡ് മെസി കൈക്കലാക്കി. സാക്ഷാല്‍ പെലെയുടെ റെക്കോഡാണ് മെസിക്കുതിപ്പില്‍ വഴിമാറിയത്.

അന്താരാഷ്ട്ര കരിയറിലെ പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് മെസി മറികടന്നത്. ഒപ്പം അന്താരാഷ്ട്ര കരിയറില്‍ കൂടുതല്‍ ഗോളുകള്‍ നേടുന്ന ദക്ഷിണഅമേരിക്കന്‍ താരമെന്ന നേട്ടവും മെസി സ്വന്തം പേരിലാക്കി. അതേസമയം പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മഞ്ഞപ്പട തകര്‍ത്തത്. 15-ാം മിനിറ്റില്‍ എവര്‍ട്ടന്‍ റിബൈറോയിലൂടെ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ 40-ാം മിനിറ്റില്‍ നെയ്മറാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. എട്ട് മത്സരത്തില്‍ നിന്ന് 24 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത്. 19 ഗോളുകള്‍ എതിര്‍ പോസ്റ്റിലെത്തിച്ച ബ്രസീല്‍ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയത്. ലാറ്റിനമേരിക്കയില്‍ പോയിന്റ് പട്ടികയില്‍ എട്ട് കളിയില്‍ 24 പോയിന്റുമായി ബ്രസീല്‍ ആ­ധിപത്യം തുടരുകയാണ്. എട്ട് തന്നെ കളികളില്‍ 18 പോയിന്റുമായി അര്‍ജന്റീനയാണ് രണ്ടാമത്. ഉറുഗ്വെ മൂന്നും ഇ­ക്വഡോര്‍ നാലും കൊളംബിയ അഞ്ചും സ്ഥാനങ്ങളിലാണ്. മറ്റൊരു മത്സരത്തില്‍ ഉറുഗ്വേയ്ക്ക് എതിരില്ലാത്ത ഒരു ഗോളിന്റെ ജ­യം. ഇഞ്ചുറി ടൈ­മില്‍ ഗാസ്റ്റോന്‍ പെ­രീറോയാണ് ഉറുഗ്വേയ്ക്ക് വിജയഗോള്‍ സമ്മാനിച്ചത്.

Eng­lish sum­ma­ry; win­ning for argan­teena brazil

You may also like this video;