Web Desk

തിരുവനന്തപുരം

July 26, 2021, 10:18 pm

കുഴൽപ്പണം ഇടപാട് കെ സുരേന്ദ്രന്റെ അറിവോടെ : മുഖ്യമന്ത്രി

Janayugom Online

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ ബിജെപി ഒഴുക്കിയത് കോടികളുടെ കള്ളപ്പണം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളുടെ അറിവോടെയാണ് കുഴൽപ്പണ ഇടപാട് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കൊടകരയിൽ കൊള്ളയടിക്കപ്പെട്ട കുഴൽപ്പണം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ്. കൊടകരയിൽ വച്ച് കവര്‍ച്ച ചെയ്യപ്പെട്ട കാറില്‍ ഉണ്ടായിരുന്നത് മൂന്നരക്കോടി രൂപ. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച് വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള നിർണായക വിവരങ്ങളും ലഭിച്ചു. കേസിലെ പ്രതികളായ ധര്‍മ്മരാജന്‍, ധനരാജ്, ഷൈജു, ഷിജില്‍ എന്നിവര്‍ നേരിട്ടും ഹവാല ഏജന്റുമാര്‍ മുഖേനയും 40 കോടി രൂപ മാർച്ച് അഞ്ച് മുതല്‍ ഏപ്രിൽ അഞ്ച് വരെ കേരളത്തിലെ പല ജില്ലകളിലെയും ബിജെപി ഭാരവാഹികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നു.

അതില്‍ 4.40 കോടി രൂപ മാർച്ച് ആറിന് സേലത്ത് വച്ചും മൂന്നര കോടി രൂപ കൊടകരയില്‍ വച്ചും കവര്‍ച്ച ചെയ്യപ്പെട്ടതായും തെളിവുകൾ ലഭിച്ചു. ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് എത്തിച്ചു കൊടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന പണമാണ് കൊടകരയിൽ കെള്ളയടിക്കപ്പെട്ടതെന്നും വ്യക്തമായതായി പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും 17 സംസ്ഥാന — ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെ യും ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ഇതിൽ പലരും കേസിൽ പ്രതികളായേക്കും. തൃശൂര്‍ റെയ്ഞ്ച് ഡിഐജിയുടെയും എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് ഊർജ്ജിതമായ അന്വേഷണം നടക്കുന്നത്.

അറസ്റ്റിലായ 22 പ്രതികള്‍ക്കെതിരെ ആദ്യ ചാര്‍ജ്ജ്ഷീറ്റ് കോടതിയിൽ സമര്‍പ്പിച്ചു. ആർഎസ്എസ് പ്രവർത്തകനായ ദീപക് നാലാം പ്രതിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റിങ് സെക്രട്ടറി എം ഗണേഷ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണ് കേസില്‍ പ്രതിയും ബിജെപി പ്രവർത്തകനുമായ ധര്‍മ്മരാജനെന്നും വ്യക്തമായിട്ടുണ്ട്. ഇയാൾ ഹവാല ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കാതെ കേസ് അന്വേഷണം ഒതുക്കിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന അടിയന്തരപ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ റോജി എം ജോണിന്റെ ആരോപണം വസ്തുതകള്‍ മറച്ചുവച്ച് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അവരുടെ നിയമപ്രകാരം വ്യക്തമായ അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കേണ്ട ആവശ്യം ഇല്ല എന്നത് ഒരു പ്രാഥമിക വസ്തുതയായിരിക്കെ യാതൊരു പിന്‍ബലവും ഇല്ലാതെയാണ് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മറുപടിയെ തുടർന്ന് അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ എം ബി രാജേഷ് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

Eng­lish sum­ma­ry;  With the knowl­edge of K Suren­dran: CM

you may also like this video;