കെ കെ ജയേഷ്

കോഴിക്കോട്

November 23, 2020, 8:25 pm

വിമതൻമാർ പിന്മാറാതെ മത്സര രംഗത്ത്; യുഡിഎഫ് പ്രതിസന്ധിയില്‍

Janayugom Online

കെ കെ ജയേഷ്

പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞപ്പോൾ വിമതൻമാർ പിന്മാറാതെ മത്സര രംഗത്ത് തുടരുന്നത് കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. യുഡിഎഫ് മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്ന സ്ഥാനാർത്ഥിക്കെതിരെ ഉൾപ്പെടെ ശക്തമായ പ്രചരണവുമായി വിമത സ്ഥാനാർത്ഥികൾ മുന്നോട്ട് പോവുകയാണ്. കോർപറേഷൻ ചേവായൂർ ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് മേയർ സ്ഥാനാർത്ഥി ഡോ. പി എൻ അജിതക്കെതിരെ മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റു കൂടിയായ പുഷ്പ ശേഖരൻ ശക്തമായ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. ആപ്പിൾ ചിഹ്നത്തിലാണ് പുഷ്പ ശേഖരൻ മത്സരിക്കുന്നത്.

പ്രചരണരംഗത്ത് മുന്നേറുകയാണെന്നും വീടുകൾ കയറി പ്രചരണം ആരംഭിച്ചെന്നും പുഷ്പ ജനയുഗത്തോട് പറഞ്ഞു. സ്ഥാനമാനങ്ങൾ മോഹിച്ചല്ല മത്സര രംഗത്തുള്ളത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കാതെയാണ് നേതൃത്വം പുറത്തു നിന്നൊരാളെ സ്ഥാനാർത്ഥിയാക്കിയത്. പ്രവർത്തന പാരമ്പര്യമുള്ള ആളുകൾ പ്രദേശത്തുള്ളപ്പോൾ യാതൊരു പ്രവർത്തന പരിചയവുമില്ലാത്തെ ഒരാളെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രവർത്തകർ വലിയ പ്രതിഷേധത്തിലാണെന്നും അവരുടെ പിന്തുണ തനിക്കുണ്ടെന്നും പുഷ്പ വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷമായി ഈ വാർഡിൽ കോൺഗ്രസിന്റെ വിദ്യാബാലകൃഷ്ണനായിരുന്നു കൗൺസിലർ. കെപിസിസി ഭാരവാഹിയായ വിദ്യാബാലകൃഷ്ണൻ പാർട്ടി തിരക്കിലാകുമ്പോൾ വാർഡിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് പുഷ്പയായിരുന്നു. ഇവർക്ക് മത്സരിക്കാൻ അനുവാദം നൽകണമെന്ന് ഇവരെ അനുകൂലിക്കുന്നവർ യുഡിഎഫിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം നേതൃത്വം ആവശ്യം നിരാകരിക്കുകയും തൊട്ടടുത്ത കുടിൽതോട് വാർഡിൽ താമസിക്കുന്ന ഡോ. അജിതയെ യുഡ‍ിഎഫ് സ്ഥാനാർത്ഥിയാക്കുകയുമായിരുന്നു. യാതൊരു പ്രവർത്തന പരിചയവുമില്ലാത്ത ഡോ. അജിതയെയാണ് യുഡിഎഫ് അധികാരത്തിലെത്തിയാൽ മേയറായി പരിഗണിക്കുന്നതും. ഇതാണ് പ്രവർത്തകരെ വലിയ തോതിൽ പ്രകോപിപ്പിച്ചത്.

പാളയം വാർഡിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ സകരിയ്യ പി ഹുസൈനെതിരെ ചാലപ്പുറം മണ്ഡലം കോൺഗ്രസ് സെക്രട്ടറി എ ടി മുഹമ്മദ് റഫീഖും വിമതനായി മത്സര രംഗത്ത് തുടരുകയാണ്. ഐ ഗ്രൂപ്പിന് പ്രാതിനിധ്യം നൽകിയില്ലെന്ന് പറഞ്ഞ് വലിയങ്ങാടിയിലും പുഞ്ചപ്പാടത്തും പത്രിക നൽകിയ രണ്ട് ഐ ഗ്രൂപ്പ് നേതാക്കൾ മത്സര രംഗത്തു നിന്നും പിൻവലിഞ്ഞു. കെ പി സി സി നേതൃത്വം ഇടപെട്ടതിനെത്തുടർന്നാണ് പിന്മാറ്റം. വലിയങ്ങാടി വാർഡിൽ കോൺഗ്രസിലെ എസ് കെ അബൂബക്കറിന് വിമതനായി പത്രിക നൽകിയ എൻ ലബീബും പുഞ്ചപ്പാടം വാർഡ‍ിൽ രാജീവൻ തിരുവച്ചിറക്കെതരെ രംഗത്തുവന്ന എ എം അനിൽകുമാറുമാണ് മത്സര രംഗത്തു നിന്നും പിന്മാറിയത്. പുഞ്ചപ്പാടത്ത് എ എം അനിൽ കുമാറിനെയായിരുന്നു ഐ ഗ്രൂപ്പ് നിർദ്ദേശിച്ചിരുന്നത്. ഇദ്ദേഹം പിന്മാറിയെങ്കിലും ഇവിടെ യു ഡി എഫിന് തലവേദന ഒഴിഞ്ഞിട്ടില്ല. അനിൽകുമാറിനെ മത്സരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ ബേപ്പൂർ ഗ്രാമ പഞ്ചായത്തംഗവും മുൻ ബേപ്പൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായിരുന്ന എ എം മാധവദാസ് മത്സര രംഗത്തുണ്ട്. കോൺഗ്രസിൽ നിന്ന് രാജിവെച്ച ശേഷമാണ് ഇദ്ദേഹം ജനവിധി തേടുന്നത്. വലിയ ജനപിന്തുണയുള്ള മാധവദാസിന്റെ സാന്നിധ്യം യു ഡി എഫിന് വലിയ തിരിച്ചടിയായി മാറും.

മൂഴിക്കലിൽ ജമാ അത്ത് ‑യുഡി എഫ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് കബീർ എടച്ചന്നൂർ എന്ന ലീഗ് പ്രവർത്തകൻ ബലൂൺ ചിഹ്നത്തിൽ മത്സര രംഗത്തുണ്ട്. ഇവിടെ വെൽഫെയർ പാർട്ടി പിന്തുണയോടെ കോൺഗ്രസിന്റെ പ്രാദേശിക നേതാവ് സലീം മൂഴിക്കലാണ് യുഡിഎഫ് സ്ഥാനാർത്ഥി. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ചാണ് ലീഗ് പ്രവർത്തകൻ ഇവിടെ വിമതനായി മത്സര രംഗത്തെത്തിയത്. ജില്ലയിൽ മറ്റു സ്ഥലങ്ങളിലും യുഡിഎഫിന് വിമതർ വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. വെൽഫെയർ പാർട്ടി ബന്ധത്തെ തുടർന്ന് ജില്ലയിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ ഇതിനകം പാർട്ടി വിട്ടിട്ടുണ്ട്. ആഴ്ചവട്ടത്ത് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ സി പി എം കൗൺസിലറായിരുന്ന പി ഷഹീദ പത്രിക നൽകിയിരുന്നുവെങ്കിലും ഇന്നലെ പിൻവലിച്ചു.

Eng­lish sum­ma­ry: with­draw­al of nominations

You may also like this video: