Web Desk

കാസര്‍കോട്

May 18, 2020, 8:59 pm

പാസ്സില്ലാതെ പ്രതിശ്രുത വധു അതിര്‍ത്തിയില്‍ കുടുങ്ങി; ഉച്ചയ്‌ക്ക്‌ നടക്കേണ്ട വിവാഹം നടന്നത്‌ വൈകുന്നേരം 6.30 ന്‌

Janayugom Online

കര്‍ണാടകയിലെ യുവതിയും കേരളത്തിലെ യുവാവും തമ്മിലുള്ള വിവാഹം പാസ്സ്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌ നിശ്ചയിച്ച മുഹൂര്‍ത്തത്തിന്‌ ശേഷം മണിക്കൂറുകള്‍ വൈകി വൈകുന്നേരം 6.30 ന്‌ നടന്നു. ലോക്ക്‌ ഡൗണിനെ തുടര്‍ന്ന്‌ ലളിതമായി നടത്താനിരുന്ന വിവാഹമാണ്‌ അതിലും ലളിതമായി രാത്രിയില്‍ വരന്റെ വീട്ടില്‍ നടത്തേണ്ടി വന്നത്‌.
കാസര്‍കോട്‌ ജില്ലയിലെ മുള്ളേരിയയിലെ ദേലംമ്പാടി സ്വദേശി ഇലക്‌ട്രീഷ്യനായ പുഷ്‌പരാജനും കര്‍ണാടക കുളൂര്‍ സ്വദേശിനി വിമലയുമായുള്ള വിവാഹമാണ്‌ ഇന്നലെ ഉച്ചയോടെ മുള്ളേരിയയിലെ വരന്റെ വീട്ടില്‍ വച്ച്‌ നടക്കേണ്ടത്‌. വിവാഹത്തിന്‌ വധുവിന്‌ കര്‍ണാടകയില്‍ നിന്ന്‌ കേരളത്തിലേക്കെത്തുന്നതിനായി കര്‍ണാടകയിലും കേരളത്തിലും പാസ്സിന്‌ അപേക്ഷിച്ചിരുന്നു.

ഇതനുസരിച്ച്‌ കര്‍ണാടക പാസ്സ്‌ ലഭിച്ചിരുന്നു. എന്നാല്‍ കേരളത്തിലേക്കുള്ള പാസ്സ്‌ വേണ്ടത്ര രേഖകള്‍ ഹാജരാക്കാത്തിനെ തുടര്‍ന്ന്‌ മെഡിക്കല്‍ ഓഫീസര്‍ നിരസിച്ചിരുന്നു. ഇത്‌ അറിയാതെയാണ്‌ വിവാഹത്തിനണിഞ്ഞൊരുങ്ങിയ അതിര്‍ത്തിയില്‍ കാറിലെത്തിയത്‌. പാസ്സ്‌ ഇല്ലാതെ കടത്തി വിടാനാകില്ലെന്ന നിലപാടിലായിരുന്നു അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍. വിവരം അറിഞ്ഞ്‌ വരനും കുടുംബാംഗങ്ങളും തലപ്പാടിയിലെത്തുകയും പുഷ്‌പരാജ്‌ കാല്‍നടയായി അതിര്‍ത്തികടന്ന്‌ അപ്പുറമെത്തി വിമലയെ കണ്ടു. തുടര്‍ന്ന്‌ തലപ്പാടിലെ കൗണ്ടറില്‍ നിന്ന്‌ തന്നെ 11 മണിയോടെ വീണ്ടും പാസ്സിന്‌ അപേക്ഷിക്കുകയായിരുന്നു. പാസ്സ്‌ ലഭിക്കാന്‍ സമയമെടുക്കും എന്ന്‌ മനസ്സിലാക്കിയ വധുവും വരനും തലപ്പാടിയില്‍ വച്ച്‌ തന്നെ വിവാഹം നടത്താന്‍ ആലോചിച്ചിരുന്നു.

എന്നാല്‍ ലോക്ക്‌ ഡൗണ്‍ ലംഘനമാവുമെന്ന്‌ മനസ്സിലാക്കി ഇവര്‍ പാസ്സിനായി കാത്തിരിക്കുകയായിരുന്നു. ജില്ലാ കളക്‌ടറുടെ ഇടപെടലിനെ തുടര്‍ന്ന്‌ വൈകുന്നേരത്തോടെ ഇവര്‍ക്ക്‌ പാസ്സ്‌ അനുവദിച്ചു. തുടര്‍ന്ന്‌ വരന്‍ പുഷ്‌പരാജന്റെ മുള്ളേരിയ വീട്ടിലെത്തി വൈകുന്നേരം 6.30 ഓടെ വരന്റെ മാതാവിന്റെ മുന്നില്‍ വച്ച്‌ വച്ച്‌ വിവാഹം നടത്തുകയായിരുന്നു. വിവാഹം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ നടക്കാത്തതില്‍ സങ്കടമുണ്ടെന്നും പാസ്സ്‌ അപേക്ഷിച്ചതിലുണ്ടായ സാങ്കേതികത്വമാണ്‌ പാസ്സ്‌ ലഭിക്കാതിരുന്നതെന്നും വൈകിയാണെങ്കിലും ഇന്നലെ തന്നെ വിവാഹം നടത്താന്‍ സഹായിച്ച ജില്ലാ കളക്‌ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തിന്‌ വരന്‍ പുഷ്‌പരാജന്‍ നന്ദി അറിയിച്ചു. ഇതിനിടെ വധുവിന്‌ പാസ്സ്‌ ലഭിക്കാത്ത സംഭവം രാഷ്‌ട്രീയ വിഷയമാക്കാനും ലീഗ്‌— കോണ്‍ഗ്രസ്‌ നേതാക്കള്‍ ശ്രമം നടത്തിയിരുന്നു.

കര്‍ണ്ണാടകയിലെ വിമല സ്വന്തം വിവാഹത്തിന്‌ മുള്ളേരിയയില്‍ വരുന്നതിന്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ മെഡിക്കല്‍ എമര്‍ജന്‍സി പാസിന്‌ അപേക്ഷിച്ചിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി പാസിന്‌ അപേക്ഷിക്കുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാണ്‌. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌ ഉള്‍പ്പടെ ആവശ്യമായ രേഖകള്‍ അപേക്ഷയോടൊപ്പം ഇല്ലാത്തതുകൊണ്ട്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അപേക്ഷ നിരസിച്ചതെന്ന്‌ ജില്ലാ കളക്‌ടര്‍ വിശദീകരിച്ചു. ഈ വിവരം അറിയാതെ മഞ്ചേശ്വരം തലപ്പാടി ചെക്ക്‌ പോസ്റ്റില്‍ ഇന്നലെ രാവിലെ എത്തിയ പ്രതിശ്രുത വധുവിനെ നിശ്ചിത പാസില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. അപേക്ഷ നല്‍കിയതിലെ തെറ്റ്‌ മനസ്സിലാക്കിയ പ്രതിശ്രുതവധു ഇന്നലെ രാവിലെ 11 ന്‌ ശേഷം ചെക്ക്‌പോസ്റ്റിലെ ഹെല്‍പ്‌ ഡെസ്‌കില്‍ നിന്നു കൊണ്ട്‌ പാസിന്‌ വീണ്ടും അപേക്ഷിച്ചു. ഇതിനായി പൂര്‍ണ്ണമായ സഹകരണം നല്‌കിയത്‌ ചെക്ക്‌പോസ്റ്റ്‌ കൗണ്ടറിലെ ഉദ്യോഗസ്ഥരാണ്‌. ഇതിനായി മറ്റാരുടെയും ഇടപെടല്‍ ആവശ്യമുണ്ടായിരുന്നില്ലെന്നും ജില്ലാ കളക്‌ടര്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്‌ ബാബു അറിയിച്ചു.

Eng­lish sum­ma­ry; With­out a pass, fiance trapped at the bor­der; The wed­ding to be held at noon was at 6.30 pm

you may also like this video;