Friday
19 Jul 2019

പടക്കമില്ലാതെ ദീപാവലി ആഘോഷിച്ച് തമിഴ് ഗ്രാമങ്ങള്‍

By: Web Desk | Thursday 19 October 2017 10:45 PM IST


ചെന്നൈ:

പക്ഷികളെയും വവ്വാലുകളെയും ഭയപ്പെടുത്താതിരിക്കാന്‍ പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിച്ച് മാതൃകയായിരിക്കുകയാണ് തമിഴ് നാട്ടിലെ ചില ഗ്രാമങ്ങള്‍. തിരുനെല്‍വേലി ജില്ലയിലെ കൂത്തംകുളത്ത് പക്ഷി സങ്കേതത്തിനടുത്തുള്ള ഗ്രാമങ്ങള്‍ കുറേ വര്‍ഷങ്ങളായി പടക്കം പൊട്ടിച്ചുള്ള ദീപാവലി ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. മാത്രമല്ല, ഗ്രാമവാസികള്‍ തങ്ങളുടെ വീടുകളിലെ ആഘോഷങ്ങള്‍ക്ക് ഉച്ചഭാഷിണിയും ഉപയോഗിക്കാറില്ല. ഫ്‌ളെമിന്‍ഗോ, പെലിക്കന്‍, സ്പൂണ്‍ബില്‍, പെയ്ന്റഡ് സ്റ്റോര്‍ക്, എഗ്രെറ്റ്, ടേണ്‍, ഇബിസ് തുടങ്ങി വിവിധയിനം പക്ഷികള്‍ ഇവിടത്തെ തടാകത്തിലെ നിത്യസന്ദര്‍ശകരാണ്.
ഋതുഭേദങ്ങള്‍ക്ക് അനുസൃതമായി ദേശാടനപ്പക്ഷികളും ഇവിടെ വിരുന്നുകാരായെത്തുന്നു. സേലത്തെ വവ്വാല്‍ തോപ്പ്, നാഗപട്ടണത്തിനടുത്തുള്ള ക്ഷേത്ര നഗരമായ സിര്‍ഗാഴി, കാഞ്ചീപുരത്തെ വിശാര്‍ എന്നീ ഗ്രാമവാസികളും പടക്കം ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. പെരമ്പൂര്‍ ഗ്രാമവാസികള്‍ പറയുന്നത്, നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ഇവര്‍ വവ്വാലുകള്‍ക്ക് വേണ്ടി പടക്കങ്ങള്‍ ഉപേക്ഷിച്ചവരാണ് എന്നാണ്. വെല്ലോടിലെ വടമുഖമടക്കമുള്ള ആറ് ഗ്രാമനിവാസികള്‍ 18 വര്‍ഷങ്ങളായി പടക്കമില്ലാതെയാണ് ദീപാവലി ആഘോഷിക്കുന്നത്. ഈറോഡ് പക്ഷിസങ്കേതത്തിനടുത്തുള്ള തടാകം ഇപ്പോള്‍ മിക്കവാറും വരണ്ടുകിടക്കുകയാണെങ്കിലും തീരുമാനത്തിന് മാറ്റം വരുത്താന്‍ ഇവര്‍ തയാറായില്ല.ആസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലാന്റില്‍ നിന്നുമുള്ള വെളുത്ത പെലിക്കനുകള്‍ സെപ്റ്റംബര്‍ ഓക്ടോബര്‍ മാസങ്ങളിലാണ് ഇവിടം സന്ദര്‍ശിക്കാനെത്തുക.