Web Desk

December 22, 2020, 2:36 pm

മൊഴി നൽകിയത് മകളായി കണ്ട്; കേസിൽ നിർണായക സാക്ഷിയായി അടയ്ക്കാ രാജു

Janayugom Online

28 വർഷങ്ങൾക്കുശേഷം അഭയകേസ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയ വിധിയിൽ താൻ ഒരുപാടധികം സന്തോഷിക്കുന്നുണ്ടെന്ന് കേസിലെ പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്കാ രാജു. കോൺവെന്റിൽ ചെമ്പുകമ്പി മോഷ്ടിക്കാനെത്തി തികച്ചും അപ്രതീക്ഷിതമായി പ്രതികളെ സംഭവസ്ഥലത്തുവെച്ചു കണ്ട അടയ്ക്കാ രാജു ഒടുവിൽ വിധിയെത്തിയപ്പോൾ എന്റെ കുഞ്ഞിന് നീതി കിട്ടിയെന്നാണ് പ്രതികരിച്ചത്. നീതിയ്ക്കായുള്ള പോരാട്ടത്തിനിടയിൽ സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ മരിച്ചുപോയിരുന്നു.

എന്നാൽ ഇപ്പോൾ ഞാനവളുടെ അപ്പന്റെ സ്ഥാനത്തുനിന്നാണ് സംസാരിക്കുന്നതെന്ന് മുൻമോഷ്ടാവായ അടയ്ക്കാ രാജു പറഞ്ഞു. കേസിലെ പ്രധാന സാക്ഷിയായ തന്നെ തേടി കോടികളുടെ ഓഫർ എത്തിയെന്ന് അടയ്ക്കാ രാജു പറയുന്നു. ഞാൻ ഒരു പൈസ വാങ്ങിയില്ല. എന്റെ മൂന്ന്സെന്റ് സ്ഥലത്ത് ഞാനും എന്റെ ഭാര്യയും മക്കളും ജീവിച്ചു.

ഒരു കുഞ്ഞ് നഷ്ടപ്പെടുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ? അതാണ് ആ കുഞ്ഞിനെ ഞാൻ എന്റെ കുഞ്ഞെന്ന് തന്നെ പറഞ്ഞത്. സത്യത്തിനൊപ്പം നിന്ന മുൻകള്ളന്റെ വാക്കുകൾ ഇങ്ങനെ. അഭയയുടെ കൊലക്കുറ്റം തന്റെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമങ്ങൾ നടന്നതായി അടയ്ക്കാ രാജു വെളിപ്പെടുത്തിയിരുന്നു. പൊലീസ് ഇതിനായി തന്നെ ക്രൂരമായി മർദ്ദിച്ചതായും രാജു വെളിപ്പെടുത്തി.നീണ്ട 28 വർഷങ്ങൾക്കു ശേഷമാണ് ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന് കണ്ടെത്തി അഭയകേസിൽ വിധിയെത്തുന്നത്. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.

Eng­lish sum­ma­ry;  wit­ness adayk­ka raju after abhaya case

You may also like this video;