Tuesday
19 Feb 2019

സ്ത്രീയ്ക്ക് പ്രവേശിക്കാം: സുപ്രീം കോടതി

By: Web Desk | Friday 28 September 2018 10:50 AM IST

നൂറ്റാണ്ടുകൾ നീണ്ട വിവേചനത്തിന്റെ ഇരുളടഞ്ഞ നിഴൽ 

സ്ത്രീകളുടെ അന്തസ്സിടിച്ച ദുരാചാരം

ഹിന്ദു വനിതകളുടെ അവകാശം

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ചു. ആർത്തവത്തിന്‍റെ പേരിൽ ശബരിമലയിൽ സ്ത്രീകൾക്കു വിലക്ക് ഏർപ്പെടുത്തിയത് ഭരണഘടനാവിരുദ്ധമെന്നു വിധിച്ച കോടതി സ്ത്രീകളുടെ അന്തസ്സിടിക്കുന്ന ഈ ദുരാചാരം നൂറ്റാണ്ടുകൾ നീണ്ട വിവേചനത്തിന്റെ ഇരുളടഞ്ഞ നിഴലാണെന്നു ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ നാലുപേര്‍ – ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എ എം ഖാന്‍ വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് – എന്നിവർ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍  പ്രവേശിക്കാമെന്ന് വിധിച്ചപ്പോള്‍ ഏക വനിതാംഗം ഇന്ദു മല്‍ഹോത്ര വിയോജിപ്പ് പ്രകടിപ്പിച്ചു.

ഹിന്ദു വനിതകളുടെ അവകാശമാണിതെന്നു വിധിച്ച കോടതി വിലക്ക്  ലിംഗ വിവേചനമായിരുന്നുവെന്നു വ്യക്തമാക്കി. അയ്യപ്പ ഭക്തരില്‍ ഒരു ന്യൂനപക്ഷത്തെ ഒഴിവാക്കേണ്ടതില്ല, ഭക്തരില്‍ വിവേചനം പാടില്ല – വിധിയില്‍ പറയുന്നു. ജൈവ ഘടനയായ സ്ത്രീ എന്ന വ്യത്യാസത്തിന്‍റെ പേരില്‍ മാത്രം ഒരാൾക്ക് ഇഷ്ടമുള്ള സ്ഥലത്ത് ആരാധന നടത്താന്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമാണ്.

നാല് പ്രത്യേക വിധികളാണ് പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിന്റെ വിധിയിൽ ആരാധനയെ പുരുഷാധിപത്യ ധാരണകൾക്കും വിവേചനത്തിനും വിധേയമാക്കാൻ പാടില്ലെന്ന് പറഞ്ഞു. ഒരു വിഭാഗം മാത്രമല്ല അയ്യപ്പ ഭക്തർ. പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ അവരുടെ ശാരീരിക അവസ്ഥയുടെ പേരിൽ വിലക്കുന്ന നിലവിലെ ആചാരം അനിവാര്യമായ മതാചാരമല്ലെന്നു അദ്ദേഹം പറഞ്ഞു.

പത്തിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനയുടെ 25, 26 എന്നീ ഖണ്ഡികകളുടെ ലംഘനമാണെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. 1965 ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന അധികാരം) നിയമത്തിലെ  3-ബി വകുപ്പ് റദ്ദാക്കുന്നതായി നരിമാൻ പറഞ്ഞു.

സ്ത്രീകളുടെ ആരാധനാവകാശം നിഷേധിക്കുന്നതിനു മതം മറയാക്കരുതെന്നും ഇത് മനുഷ്യന്റെ അന്തസ്സിനെതിരാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സ്ത്രീകൾക്കു മേലുള്ള ഈ നിരോധം പൂർണമായും മതപരമല്ലാത്ത കാരണങ്ങളാലാണ്, നൂറ്റാണ്ടുകൾ നീണ്ട വിവേചനത്തിന്റെ ഇരുളടഞ്ഞ നിഴലാണിത്,  ചന്ദ്രചൂഡ് പറഞ്ഞു. അയ്യപ്പൻറെ ഭക്തർ വെവ്വേറെ മതപരമായ വിഭാഗങ്ങളല്ല.  ശാരീരിക വ്യത്യാസത്തിന്റെ പേരിൽ സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്ന ഏത് മതാചാരവും അതിന്റെ പേരിൽ പ്രവേശനം നിഷേധിക്കുന്നതും ഭരണഘടനാവിരുദ്ധമാണ്.  ആർത്തവത്തിന്റെ പേരിൽ അകറ്റിനിർത്തുന്നത് അന്തസ്സിടിക്കുന്നതും ഭരണഘടനാലംഘനവുമാണ്. അത് സ്വാതന്ത്ര്യം, അന്തസ്സ്, തുല്യത എന്നിവയുടെ ലംഘനമാണെന്നു ചന്ദ്രചൂഡ് പറഞ്ഞു.

ഇന്ദു മൽഹോത്ര തന്റെ വ്യത്യസ്ഥ വിധിയിൽ, മതപരമായി ആഴത്തിൽ അന്തർധാരകളുള്ള ഒരു ആചാരം രാജ്യത്തു മതേതര അന്തരീക്ഷം ഉണ്ടാക്കുന്നുവെന്നതിന്റെ പേരിൽ ലളിതവൽക്കരിക്കരുതെന്നു പറഞ്ഞു.
സതി പോലുള്ള സാമൂഹ്യ തിന്മകളിലല്ലാതെ മതപരമായ ആചാരങ്ങൾ വെട്ടിക്കളയാൻ കോടതികൾ ശ്രമിക്കരുതെന്നും അവർ അഭിപ്രായപ്പെട്ടു. ഇത് ശബരിമലയ്ക്കു മാത്രമല്ല, അനേകം ആരാധനാലയങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതം ഈ വിധി ഉണ്ടാക്കുമെന്നും അവർ പറഞ്ഞു.

ഈ വിധിയെ തിരുവിതാംകൂര്‍ രാജകൊട്ടാരം സ്വാഗതം ചെയ്തു. വിധി ദുഖകരമാണെങ്കിലും സ്വാഗതം ചെയ്യുന്നുവെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.

ഈ വിധി എങ്ങനെ നടപ്പാക്കണമെന്ന് ആലോചിക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും ദേവസ്വം ബോര്‍ഡിനും വിധി ബാധകമാണെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related News