നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ കവർച്ച; തടയാൻ ശ്രമിച്ച അമ്മയേയും മകളേയും തള്ളിയിട്ടു കൊന്നു

Web Desk

ഉത്തർപ്രദേശ്

Posted on August 04, 2019, 1:02 pm

കവർച്ച തടയാൻ ശ്രമിച്ച അമ്മയേയും മകളെയും കവർച്ചക്കാർ ട്രെയിനിൽ നിന്നും തള്ളിയിട്ടു കൊന്നു. നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയില്‍ അജ്ഹായി റെയില്‍വെ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. ഡല്‍ഹിയില്‍നിന്നും രാജസ്ഥാനിലെ കോട്ടയിലേക്കു പോകുകയായിരുന്ന ഡല്‍ഹി ഷാദര സ്വദേശി മീണയും (55) മകള്‍ മനീഷയും (21) ആണ് കൊല്ലപ്പെട്ടത്.  കോട്ടയില്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ പരീശിലന കേന്ദ്രത്തില്‍ പ്രവേശനം ലഭിച്ച മനീഷയുമായി ഇവിടേക്കു പോവുമ്പോഴായിരുന്നു  ആക്രമണം ഉണ്ടായത്. മീണയുടെ മകന്‍ ആകാശും (23) ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കവർച്ചക്കാർ പുലർച്ചെ ബാഗുമായി കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ മീണ തടയാൻ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ട് മകള്‍ മനീഷയും അമ്മക്കൊപ്പം  കവർച്ചക്കാരെ തടയാൻ ശ്രമിച്ചു.  പിടിവലിക്കിടെ മീണയേയും മനീഷയേയും കവര്‍ച്ചക്കാര്‍ സ്ലീപ്പര്‍ കോച്ചിന്റെ വാതിലില്‍വരെ എത്തിച്ചു. ഈ സമയവും ബാഗില്‍നിന്ന് പിടിവിടാതിരുന്ന ഇവരെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. മൊബൈല്‍ ഫോണ്‍, പണം, ചെക്ക് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. മകൻ ആകാശ് ചെയിന്‍ വലിച്ചതിനെ തുടര്‍ന്ന് വൃന്ദാവന്‍ റോഡ് റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ട്രെയിന്‍ നിര്‍ത്തി.

ഇവിടെ ഇറങ്ങി ആകാശ് റെയില്‍വെ പൊലീസിനെ വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് ആംബുലന്‍സില്‍ സംഭവസ്ഥലത്ത് എത്തിയെങ്കിലും മീണയേയും മനീഷയേയും രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

you may also like this video