ആശുപത്രിയില്‍ നവജാത ശിശുവിനെ മോഷ്ടിച്ച 50കാരി അറസ്റ്റില്‍

Web Desk
Posted on May 09, 2019, 7:53 pm

കോയമ്പത്തൂര്‍: നവജാത ശിശുവിനെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച അമ്പതുകാരി അറസ്റ്റില്‍. പൊള്ളാച്ചിയിലെ സര്‍ക്കാര്‍  ആശുപത്രിയില്‍ നിന്നാണ് അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ മോഷ്ടിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഉദുമല്‍പ്പേട്ട സ്വദേശിനി മാരിയമ്മയെ (50) പൊലീസ് അറസ്റ്റ് ചെയ്തു. മെയ് അഞ്ചിനാണ് സംഭവം.

അണ്ണാമലയ്ക്ക് സമീപമുള്ള നാരികല്‍പ്പാത്തിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ദമ്പതിമാരുടെ കുട്ടിയെ ആണ് മോഷ്ടിച്ചു കൊണ്ടുപോയത്.

ആശുപത്രിയില്‍ വെച്ച് മാരിയമ്മ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ച് തന്റെ ഭര്‍ത്താവ് ഇതേ ആശുപത്രിയില്‍ പുരുഷന്‍മാരുടെ വാര്‍ഡില്‍ അഡ്മിറ്റാണെന്നും താന്‍ തനിച്ചെയുള്ളുവെന്നും അതിനാല്‍ കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന സ്ത്രീകളുടെ വാര്‍ഡില്‍ നില്‍ക്കാന്‍ അനുവദിക്കണമെന്നും പറഞ്ഞു. കുഞ്ഞിനെ താന്‍ നോക്കികൊള്ളാമെന്നും മാരിയമ്മ ദമ്പതിമാര്‍ക്ക് ഉറപ്പ് നല്‍കി. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം മാരിയമ്മ കുട്ടിയുമായി കടന്നുകളയുകയായിരുന്നു .


കുട്ടിയെ നഷ്ടപ്പെട്ടതായി ദമ്പതികള്‍ പരാതിപ്പെട്ട ഉടനെ ആശുപത്രി അധികൃതര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം വിവരം പൊലീസില്‍ അറിയിച്ചു. അന്വേഷണത്തിനൊടുവില്‍ മാരിയമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി.