മരണത്തില്‍ നിന്ന് മധ്യവയസ്‌ക്കനെ തിരികെ നടത്തി വനിത സിവില്‍ പൊലീസ് ഓഫീസര്‍

Web Desk
Posted on September 13, 2019, 6:27 pm

കൊച്ചി: മരണത്തെ മുന്നില്‍ക്കണ്ട അറുപത്തിമൂന്ന്കാരനെ ജീവിതത്തിലേക്ക് ചേര്‍ത്തുപിടിച്ചെത്തിച്ചത് പൊലീസുകാരിയുടെ സമയോചിത ഇടപെടല്‍. പോണേക്കര മാനംചാത്ത് കെ ബി ബാബു(63)വിനാണ് ട്രാഫിക് പൊലീസുകാരിയായ പി ഡി മഹിളാമണി രക്ഷകയായത്. വെള്ളിയാഴ്ച രാവിലെ 10.30ന് കലൂര്‍ ദേശാഭിമാനി ജങ്ഷന് സമീപം ബാബു കുഴഞ്ഞു വീഴുകയായിരുന്നു.

രാവിലെ മാര്‍ക്കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ബാബു റോഡ് മുറിച്ച് കടക്കാന്‍ മഹിളാമണിയുടെ സഹായം തേടി. നടക്കുന്നതിനിടെ പ്രയാസം തോന്നിയ ബാബു ഇവരുടെ കൈകളില്‍ മുറുകെ പിടിച്ചു. നെഞ്ചു വേദനിക്കുന്നു പറഞ്ഞതോടെ റോഡിന് സമീപത്തായി ഇരുത്തി. സമീപത്തെ ഹോട്ടലില്‍ നിന്നും വെള്ളം വാങ്ങി കൊടുത്തെങ്കിലും ശര്‍ദിച്ചു. ബോധം മറയുന്നതിന് മുന്നേ ബാബുവില്‍ നിന്നും ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ മഹിളാമണി വാങ്ങി വിവരം നല്‍കി. ഉടന്‍ ഓട്ടോ വിളിച്ച് ഒറ്റയ്ക്ക്തന്നെ എറണാകുളം ലിസി ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിലെ പരിശോധനയില്‍ ഹൃദയത്തില്‍ രണ്ട് ബ്ലോക്ക് ഉണ്ടെന്നും പെട്ടെന്ന് എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായിയെന്നും ഡോക്ടമാര്‍ പറഞ്ഞു. മഹിളാമണി അറിയിച്ചതിനുസരിച്ച് ബാബുവിന്റെ ഭാര്യ ശാന്തിനിയും മക്കളും ആശുപത്രിയിലെത്തി. ആന്‍ജിയോഗ്രാം കഴിഞ്ഞ് ആറു മണിക്കൂര്‍ നിരീക്ഷണത്തിലാണ് ബാബു.

ബന്ധുക്കളെത്തിയശേഷമാണ് മഹിളാമണി തിരിച്ച് പൊലീസ് സ്‌റ്റേഷനിലെത്തിയത്.
റോഡില്‍ കൊഴിഞ്ഞുപോകുമായിരുന്ന അപരിചിതനായ ഒരുമനുഷ്യനെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെയെത്തിച്ച മഹിളാമണിക്ക് അഭിനന്ദനങ്ങളുമായി സഹപ്രവര്‍ത്തകരും ട്രാഫിക് എസി ഫ്രാന്‍സിസ് ഷെല്‍ബി ഉള്‍പ്പെടെയുള്ളവരും വിളിച്ചു. ബാബുവിന്റെ കുടുംബാംഗങ്ങളും അവരോട് നന്ദി പറഞ്ഞു. 19 വര്‍ഷമായി പൊലീസ് സേനയിലെത്തിയ മഹിളാമണി ഇടപ്പള്ളി ഈസ്റ്റ് ട്രാഫിക് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ്(ഗ്രേഡ്). ചേര്‍ത്തല സ്വദേശിയായ മഹിളാമണി എറണകാുളത്തെ പൊലീസ് ക്വോര്‍ട്ടേഴ്‌സില്‍ കുടുംബ സമേതമാണ് താമസം.