Tuesday
26 Mar 2019

പ്രളയക്കടലില്‍ പ്രകാശമായി പെണ്‍മണി

By: Web Desk | Friday 10 August 2018 9:57 PM IST


baby girl- janayugom
സജിനയുടെ നവജാത ശിശു

കല്‍പറ്റ: മഴക്കെടുതികള്‍ക്കിടയില്‍ അവളുടെ കുഞ്ഞുമുഖത്തെ പ്രകാശം എല്ലാവരിലും സന്തോഷം പരത്തി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിയ പൂര്‍ണഗര്‍ഭിണിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും ആശ്വാസത്തോടൊപ്പം ആഹ്ലാദവും.

അമ്മാറ മുര്‍ഷിദിന്റെ ഭാര്യ സജിന (27) പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കനത്ത മഴയില്‍ അമ്മാറയില്‍ ഉരുള്‍പൊട്ടി ഇവര്‍ താമസിച്ച വീടിന്റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബം ഒന്നടങ്കം ടെറസ്സില്‍ അഭയം തേടി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് രക്ഷകരായെത്തിയതിനാല്‍ തക്ക സമയത്ത് സജിനയെ ആശുപത്രിയിലെത്തിക്കാനായി. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു ഫയര്‍ഫോഴ്സ് ബോട്ടിലെത്തി സജിനയെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രാത്രിയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

സജിനയുടെ പിതാവ് ഉമ്മര്‍, മാതാവ് റംല, സഹോദരന്‍ അന്‍വര്‍, സഹോദരി റിഹാനത്ത്, ഇവരുടെ നാലുമക്കളെയുമാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ലീഡിംഗ് ഫയര്‍മാന്‍ പി പി വിനോദ്, ഫയര്‍മാന്‍മാരായ എം വി ഷാജി, കെ എസ് ശ്രീജിത്ത്, പി ആര്‍ മിഥുന്‍, സി ജയന്‍, ഹോംഗാര്‍ഡ് കെ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമ്മാറയിലെ രക്ഷാപ്രവര്‍ത്തനം. സജിനയെകുറിച്ച് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യപരിഗണന അവരുടെ കുടുംബത്തിനുതന്നെ നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും പൂര്‍ണാരോഗ്യത്തോടെ ആശുപത്രിയില്‍ കഴിയുന്നു.