56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 74-ാം വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി മങ്കയമ്മ

Web Desk
Posted on September 06, 2019, 11:53 am

അമരാവതി: 74-ാം വയസ്സില്‍ ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി മങ്കയമ്മ റെക്കോര്‍ഡിലേയ്ക്ക്. ആന്ധ്ര സ്വദേശികളായ മങ്കയമ്മ- രാജാറാവു ദമ്പതികളെയാണ് ഭാഗ്യം ഇരട്ടക്കുഞ്ഞുങ്ങളുടെ രൂപത്തില്‍ തേടിയെത്തിയത്. ഇതോടെ മങ്കയമ്മ
ഗിന്നസ് ബുക്കിലേക്ക് കടന്നു. പെണ്‍കുഞ്ഞുങ്ങളാണ് ഇവര്‍ക്കുണ്ടായത്.
കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് ഇവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. 2006 ല്‍ 66ാം വയസ്സില്‍ ഇരട്ടകള്‍ക്കു ജന്മം നല്‍കിയ സ്‌പെയിന്‍കാരി മരിയ ഡെല്‍ കാര്‍മന്റെ പേരിലാണ് നിലവില്‍ റക്കോര്‍ഡുള്ളത്.

56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മങ്കയമ്മ രാജാറാവു ദമ്പതികളെത്തേടി ഇരട്ട സൗഭാഗ്യമെത്തിയത്. ഗുണ്ടൂരിലെ അഹല്യ നഴ്‌സിങ് ഹോമില്‍ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.

55 വയസ്സുകാരിയായ അയല്‍ക്കാരിക്ക് കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി കുഞ്ഞു പിറന്നതോടെയാണ് മങ്കയമ്മ റെക്കോര്‍ഡിനുടമയായത്, ചന്ദ്രബാബു നായിഡു മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ഡോ. അരുണയെ സമീപിച്ചത്.

ജനുവരിയില്‍ ഗര്‍ഭം ധരിച്ച മങ്കയമ്മ 10 ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും. പമേഹം, രക്താതിമര്‍ദം ഉള്‍പ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നത് കൂടുതല്‍ അനുഗ്രഹമായെന്ന് ഡോ. അരുണ പറഞ്ഞു. ആന്ധ്രയില്‍ ഗര്‍ഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു നടത്തിയത്.
ഇത് വൈദ്യ ശാസ്ത്ര രംഗത്തെ അത്ഭുതമായി കണക്കാക്കാമെന്ന് പ്രസവത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഉമാശങ്കര്‍ പറഞ്ഞു.
വളരെ സന്തോഷമുണ്ട്, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈശ്വരന്‍ കേട്ടു, മങ്കയമ്മ പറയുന്നു.
കുറച്ചുദിവസത്തേയ്ക്ക് അമ്മയും കുഞ്ഞുങ്ങളും നിരീക്ഷണത്തിലായിരുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.