Saturday
14 Dec 2019

ദൈവപ്രീതിയ്ക്കായി യുവാക്കള്‍ ബന്ധുവായ യുവതിയെ ബലികൊടുത്തു

By: Web Desk | Friday 12 October 2018 11:40 AM IST


black magic

പട്‌ന: രാജ്യത്ത് അന്ധവിശ്വാസങ്ങളുടെയും ദുര്‍മന്ത്രവാദത്തിന്റെയും പേരില്‍ മനുഷ്യക്കുരുതി വര്‍ധിക്കുന്നു. ഇതിനിടയില്‍ ബിഹാറിലും ഇത്തരത്തില്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തു. ദൈവപ്രീതിയ്ക്കായി രണ്ടുയുവാക്കള്‍ ചേര്‍ന്ന് ബന്ധുവായ യുവതിയെ വെട്ടി കൊലപ്പെടുത്തി. ബിഹാറിലെ സീതാമാര്‍ഹിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
36 കാരിയായ സരിതാദേവിയാണ് ഭര്‍ത്താവിന്റെ ഇളയ സഹോദരന്മാരായ സുനില്‍, വീര്‍ എന്നിവരുടെ വെട്ടേറ്റ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഭഗ്വാന്‍ ലാല്‍ മുഖിയയ്ക്കും പങ്കുള്ളതായും ദുര്‍മന്ത്രവാദിയുടെ അടുത്ത് ഇവരെ എത്തിക്കുന്നതിന് പദ്ധതിയിട്ടത് ഇയാളാണെന്നും പൊലീസ് വ്യക്തമാക്കി.

എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ സരിതയെ ദുര്‍മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. വീര്‍, സുനില്‍ എന്നിവര്‍ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. വീറിനും ഭാര്യ ഇന്ദ്രാസെന്നിനും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന് കാരണം സരിതയുടെ പ്രശ്‌നങ്ങള്‍മൂലമാണെന്ന് ആരോപിച്ചാണ് സരിതയെ ദുര്‍മന്ത്രവാദിയുടെ അടുക്കലെത്തിച്ചതെന്ന് പ്രതികള്‍ പറഞ്ഞതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. വിനോദെന്നയാളാണ് യുവതിയെ ബലിനല്‍കിയാല്‍ കുട്ടികളുണ്ടാകുമെന്ന് ദമ്പതികളോട് പറഞ്ഞതെന്ന് കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. വിനോദിനും കൂട്ടാളികള്‍ക്കുമായുള്ള തെരച്ചില്‍ ആരംഭിച്ചതായും കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Related News