Saturday
25 May 2019

പത്രപ്രവര്‍ത്തന ചരിത്രത്തിലെ ധീരവനിത

By: Web Desk | Thursday 7 June 2018 9:35 PM IST


leela_menon_
k a beena

കെ എ ബീന

നിലമ്പൂരിലുള്ള അരുവാക്കോട് ഇന്ന് ഒരു ടെറാകോട്ടാ ഗ്രാമമാണ്. പരമ്പരാഗതമായി കുശവപ്പണി ചെയ്തിരുന്ന ഈ ഗ്രാമവാസികളുടെ ടെറാകോട്ടാ ശില്‍പങ്ങള്‍ ദേശത്തും വിദേശത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലും മണിമേടകളിലുമൊക്കെ ആഡംബര ചിഹ്നങ്ങളായി അലങ്കരിക്കപ്പെടുന്നു.
ഈ ഗ്രാമം ഇന്ന് ആത്മാഭിമാനവും ആത്മവിശ്വാസവുമുള്ള ഒരു കൂട്ടം മനുഷ്യരുടെ വാസസ്ഥലമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടം ഇങ്ങനെയൊന്നുമായിരുന്നില്ല. കേരളത്തിന്റെ ലൈംഗിക തലസ്ഥാനം എന്ന വിളിപ്പേര്‍ നേടിയ സ്ഥലമായിരുന്നു അരുവാക്കോട്. അവിടേക്ക് കടന്നുചെന്ന ഒരു പത്രപ്രവര്‍ത്തക ഹൃദയത്തില്‍ കൊണ്ടുകയറുന്ന വാക്കുകളില്‍ എഴുതി:
‘അരുവാക്കോട്, സാമൂഹികപ്രവര്‍ത്തകരുടെ അജന്‍ഡയിലില്ലാത്ത ഇടം…’ ആ റിപ്പോര്‍ട്ട് അവിടെ മാറ്റങ്ങള്‍ വരുത്താന്‍ യത്‌നിച്ചിരുന്ന കുറേ പൊലീസുകാര്‍ക്കും മനുഷ്യസ്‌നേഹികള്‍ക്കും കൈത്താങ്ങായി. അരുവാക്കോട്, സാമൂഹികപ്രവര്‍ത്തകരുടെയും സംഘടനകളുടെയും മുഖ്യ അജന്‍ഡയായി. ഒരു ഗ്രാമം പുതിയൊരു മുഖവുമായി ഉയിര്‍ക്കൊണ്ടു.
ആ പത്രപ്രവര്‍ത്തക, ലീലാമേനോന്‍ ഓര്‍മയായി.
സജീവമായ പേനയും വലിയ കുങ്കുമപ്പൊട്ടും മഷിമായാത്ത കണ്ണുകളും കുട്ടിത്തം വിട്ടുമാറാത്ത മനസും ശബ്ദവും മാത്രമല്ല ലീലാമേനോനെ വ്യത്യസ്തയാക്കുന്നത്. ഒരു പ്രതിസന്ധിക്കുപോലും കീഴ്‌പ്പെടുത്താന്‍ കഴിയാത്ത അവരിലെ ഇച്ഛാശക്തി കൊണ്ടുകൂടിയാണ്. പത്രപ്രവര്‍ത്തനചരിത്രത്തിലെ അപൂര്‍വവും കരുത്തുറ്റതുമായ സ്ത്രീസാന്നിധ്യമാണവര്‍. പക്ഷേ ഒരു വനിതാ പത്രപ്രവര്‍ത്തക എന്ന നിലയില്‍ അവരെ പരിമിതപ്പെടുത്തുന്നത് നീതികേടാകും. ലക്ഷ്യബോധത്തിലും നിശ്ചയദാര്‍ഢ്യത്തിലും കര്‍മശേഷിയിലും പത്രപ്രവര്‍ത്തന രംഗത്തെ ഏതൊരു പുരുഷകേസരിയോടും മത്സരിക്കാന്‍ കെല്‍പുണ്ടെന്ന് ലീലാമേനോന്‍ പണ്ടേ തെളിയിച്ചു കഴിഞ്ഞു.
ലീലാമഞ്ജരി എന്ന പെണ്‍കുട്ടിയായിരുന്നപ്പോഴോ ഉദ്യോഗസ്ഥയും വിവാഹിതയുമായി ലീലാമേനോന്‍ എന്ന മധ്യവയസ്‌കയാകുന്നതുവരെയോ പത്രപ്രവര്‍ത്തകയാകണമെന്ന് സ്വപ്‌നത്തില്‍പോലും അവര്‍ കരുതിയിരുന്നില്ല. അങ്ങനെയൊരു മേഖലയെക്കുറിച്ച് ബോധവതിപോലുമായിരുന്നില്ലെന്നതാണ് സത്യം. പെരുമ്പാവൂര്‍ സ്‌കൂളില്‍ നിന്ന് പത്താംതരം പാസായി 18 വയസു തികയും മുമ്പുതന്നെ പോസ്‌റ്റോഫീസില്‍ ക്ലര്‍ക്കായി ചേരുമ്പോള്‍ ലീലാമഞ്ജരിക്ക് വീട്ടിലെ ഒരുപിടി പ്രാരാബ്ധങ്ങളെക്കുറിച്ചു മാത്രമാണ് ബോധമുണ്ടായിരുന്നത്. ഹൈദരാബാദിലായിരുന്നു ജോലി കിട്ടിയത്. അവിടെ നൈസാം കോളജിലെ ഈവനിങ് ബാച്ചില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി ഡിഗ്രിയെടുത്തു. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ടെലിഗ്രാഫ് ട്രെയിനിങിനു ചേരാന്‍ ലീലയ്ക്കു തോന്നിയത് മോഴ്‌സ് കോഡ് പഠിക്കാനുള്ള താല്‍പര്യം കൊണ്ടാണ്.
ഞാന്‍ ആറുമാസത്തെ ടെലിഗ്രാഫ് പരിശീലനവും മൂന്നുമാസത്തെ പ്രാക്ടിക്കലും കഴിഞ്ഞ് കൊച്ചിയില്‍ ടെലിഗ്രാഫിസ്റ്റായി ജോലിക്കു ചേര്‍ന്നു. ആദ്യ വനിതാ ടെലിഗ്രാഫിസ്റ്റിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന ഇന്ത്യന്‍ എക്‌സ്പ്രസിലെ പത്രപ്രവര്‍ത്തക പ്രേമവിശ്വനാഥാണ് പത്രപ്രവര്‍ത്തകയാകാനുള്ള മോഹം ലീലയില്‍ ഉണര്‍ത്തിയത്. പ്രേമ കൊച്ചിയിലെ ഭാരതീയ വിദ്യാഭവനിലെ പത്രപ്രവര്‍ത്തന കോഴ്‌സിനെക്കുറിച്ച് പറഞ്ഞു. ഒട്ടും വൈകാതെ ലീല അവിടെ ചേര്‍ന്നു, ഒന്നാം റാങ്കോടെ പാസായി.’ ലീലാമേനോന്‍ പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയത് 1978 ലാണ്. ഏറെ വൈകാതെ തന്നെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേര്‍ന്നു.
‘ഡല്‍ഹിയിലേക്ക് പോസ്റ്റിങ് ചോദിച്ച് വാങ്ങിയാണ് ഞാന്‍ ചേര്‍ന്നത്. മുള്‍ഗോങ്കര്‍ ആയിരുന്നു അവിടെ ചീഫ് എഡിറ്റര്‍. അരുണ്‍ ഷൂറി, അജിത് ഭട്ടാചാര്‍ജി, കുല്‍ദീപ് നയ്യാര്‍ തുടങ്ങിയ പത്രപ്രവര്‍ത്തക ആചാര്യന്മാരൊക്കെ അന്നവിടെ ഉണ്ടായിരുന്നു. പ്രശസ്ത പത്രപ്രവര്‍ത്തക അനിതാ പ്രതാപ് അക്കാലത്താണ് അവിടെ ചേര്‍ന്നത്. എനിക്ക് ഡെസ്‌കിലായിരുന്നു ഡ്യൂട്ടി. റിപ്പോര്‍ട്ടിംഗ് എന്റെ സ്വപ്‌നമായിരുന്നു. അപ്പോഴാണ് ബി എം സിന്‍ഹ ‘പ്രോബ്’ മാസിക തുടങ്ങുന്നത്. എയര്‍ഹോസ്റ്റസുമാരുടെ വിവാഹപ്രശ്‌നത്തെപ്പറ്റി ഞാന്‍ ചെയ്ത ഫീച്ചര്‍ ‘പ്രോബ്’ മാസിക കവര്‍സ്‌റ്റോറിയായി കൊടുത്തു. തികച്ചും യാദൃച്ഛികമായാണ് എനിക്ക് ആ വിഷയം കിട്ടിയത്. ഡല്‍ഹിയില്‍ എന്റെ റൂംമേറ്റായിരുന്ന കിറ്റിയില്‍ നിന്ന് എയര്‍ഹോസ്റ്റസുമാര്‍ക്ക് വിവാഹം കഴിക്കാന്‍ വിലക്കുണ്ടെന്ന വസ്തുത ഞാനറിഞ്ഞു. കിറ്റിയുടെയും എന്റെ മറ്റൊരു സുഹൃത്ത് രേണുശര്‍മ്മയുടെയും സഹായത്തോടെ ഞാന്‍ ഒട്ടേറെ എയര്‍ഹോസ്റ്റസുമാരെ ഇന്റര്‍വ്യൂ ചെയ്തു. കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയായിരുന്നു അന്ന് അവരുടെ അഡ്വക്കേറ്റ്. അവരെയും ഇന്റര്‍വ്യൂ ചെയ്ത് സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന തുല്യാവകാശധ്വംസനമാണ് ഈ വ്യവസ്ഥ എന്ന ലീഡോടെ ഞാനെഴുതി. എന്റെ സ്‌റ്റോറിക്ക് ഒരുപാട് പ്രശംസ കിട്ടി. മാര്‍ഗരറ്റ് ആല്‍വ കേസ് ജയിച്ചു. എയര്‍ഹോസ്റ്റസുമാര്‍ക്ക് വിവാഹാനുമതി കിട്ടി. ആദ്യത്തെ എന്റെ സ്‌റ്റോറി പാഴായിപ്പോയില്ല എന്നെനിക്ക് അഭിമാനിക്കാനുമായി.’
ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എത്തിയ ലീലാമേനോന്‍ താന്‍ സ്ത്രീയായതുകൊണ്ട് നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടതില്ലെന്ന എഡിറ്ററുടെ തീരുമാനത്തെ ശക്തിയായി എതിര്‍ത്തു. ‘വളരെയേറെ ശ്രമപ്പെട്ടതിനുശേഷമാണ് രണ്ടു മുതല്‍ എട്ടു വരെയുള്ള ഷിഫ്‌റ്റെങ്കിലും കിട്ടിയത്. സ്ത്രീകളെ 105 ഡ്യൂട്ടിയിലിടുന്നതായിരുന്നു രീതി. അക്കാലത്ത് ഉച്ചവരെയുള്ള സമയം പാഴാക്കാതെ ഞാന്‍ ഫീച്ചറുകള്‍ ചെയ്തുകൊണ്ടേയിരുന്നു. ബ്യൂറോയില്‍ എത്തിയതോടെയാണ് റിപ്പോര്‍ട്ടിങിനോടുള്ള എന്റെ ആവേശം എനിക്കുതന്നെ മനസിലായത്.’
എറണാകുളം ബ്യൂറോയില്‍ നിന്ന് ലീലാമേനോന്‍ കോട്ടയം ബ്യൂറോയുടെ ചീഫായി നിയമിതയായി. ഓരോ ദിവസവും ഓരോ സ്‌കൂപ്പ് എന്ന മട്ടില്‍ പത്രപ്രവര്‍ത്തനരംഗത്ത് ലീലാമേനോന്‍ നിറഞ്ഞുനിന്നു. അവരുടെ സ്‌കൂപ്പുകള്‍ അവയിലെ വിഷയങ്ങളോടൊപ്പവും ഭാഷയുടെ പ്രത്യേകതകൊണ്ടും വായനക്കാരെ ആകര്‍ഷിച്ചു. ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്ന് അവര്‍ പല കാര്യങ്ങളും ഒപ്പിയെടുത്ത്, വായനക്കാരുമായി പങ്കുവച്ചു…. എഴുതിയ വിഷയങ്ങള്‍ ഏതൊക്കെ എന്ന ചോദ്യത്തെക്കാള്‍ എഴുതാതെപോയ വിഷയങ്ങള്‍ ഏതൊക്കെ എന്നതാവും ഉചിതമായ ചോദ്യം. എച്ച്‌ഐവി ബാധിതരെക്കുറിച്ച്, ലൈംഗികത്തൊഴിലാളികളെക്കുറിച്ച്, വൃദ്ധരുടെ നിരാലംബതയെക്കുറിച്ച്, ടൂറിസത്തിന്റെ സാധ്യതകളെയും അപകടങ്ങളെയും കുറിച്ച് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഫീച്ചറുകള്‍, പ്രശസ്തരും അപ്രശസ്തരുമായ ഒട്ടേറെപേരുമായുള്ള അഭിമുഖങ്ങള്‍. രാപകലുകളില്ലാതെ, സ്ത്രീയുടെ പരിമിതികളില്ലാതെ അവര്‍ വാര്‍ത്തകള്‍ തേടിക്കൊണ്ടേയിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതേത് എന്നതിന് അവരുടെ ഉത്തരം ‘നണ്‍ റണ്ണിങ്’ എന്നുതന്നെയായിരുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ ആ സ്‌റ്റോറിയിലേക്ക് ലീലാമേനോനെ നയിച്ചത് പരസ്യഫോട്ടോഗ്രാഫര്‍ കെ സി ജോര്‍ജായിരുന്നു.
‘റോമിലെ ഒരു കോണ്‍വെന്റില്‍ നിന്ന് രക്ഷപ്പെട്ട് രണ്ടു പെണ്‍കുട്ടികള്‍ തിരുവല്ലയിലെ ഒരാശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ജോര്‍ജിന് വിവരം കിട്ടിയത് ഡല്‍ഹിയിലെ ചില ഉന്നതവൃത്തങ്ങളില്‍ നിന്നായിരുന്നു. മേഴ്‌സി, ജെസ്സി എന്നീ മെലിഞ്ഞ പത്തൊന്‍പതുകാരി പെണ്‍കുട്ടികള്‍ പറഞ്ഞത്, കേരളത്തില്‍ നിന്ന് ജോലിക്കെന്നു പറഞ്ഞ് ഇറ്റലിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് പെണ്‍കുട്ടികളെ കന്യാസ്ത്രീകളാക്കുന്നു എന്ന കഥയായിരുന്നു.
ഇതുസംബന്ധിച്ച് ലീലാമേനോന്റെ റിപ്പോര്‍ട്ട് ഒരൂപാട് ഒച്ചപ്പാടുകളുണ്ടാക്കി. വൈപ്പിന്‍ ദുരന്തവും ഇന്ത്യന്‍ എക്‌സ്പ്രസ് വായനക്കാരിലേക്കെത്തിച്ചത് ലീലാമേനോനാണ്. ഒരു ഓണക്കാലത്ത് വ്യാജമദ്യം കഴിച്ച് എണ്‍പതില്‍പ്പരം ആളുകളാണ് അവിടെ മരിച്ചത്. അത്യാഹിതങ്ങള്‍ക്കൊപ്പം മനസിനെ നോവിച്ചുകൊണ്ട് കേരളത്തില്‍ അരങ്ങേറിയ സ്ത്രീപീഡന സംഭവങ്ങളുമുണ്ട്.
‘സൂര്യനെല്ലി പെണ്‍കുട്ടിയുടെ അഭിമുഖം ആദ്യമായി പ്രസിദ്ധീകരിച്ചത് ഞാനായിരുന്നു. വിതുര, പന്തളം, കോതമംഗലം, തോപ്പുംപടി തുടങ്ങി എത്രയെത്ര പെണ്‍വാണിഭക്കേസുകളാണ് പിന്നീടുണ്ടായത്. മലയാളി പുരുഷന്‍മാര്‍ക്ക് ചെറിയ പെണ്‍കുട്ടികളോടുള്ള താല്‍പര്യം കണ്ട് ഞാന്‍ ഞെട്ടിപ്പോയിട്ടുണ്ട്. ഈ സംഭവങ്ങളിലെല്ലാം പുരുഷന്‍മാര്‍ രക്ഷപ്പെടുകയാണ്. പെണ്‍കുട്ടികള്‍ ‘മുഖമില്ലാത്ത’വരെപ്പോലെ ശിഷ്ടജീവിതം നരകതുല്യമായി ജീവിക്കുന്നു. ഒരിക്കലും സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ ഇവിടെ തെളിയിക്കപ്പെടാറില്ല. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണം ഏകാന്തതയുടെ ലോകത്തേക്ക് ലീലാമേനോനെ വലിച്ചിട്ടു.
അസുഖകരമായ അനുഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പടിയിറങ്ങിയപ്പോള്‍ പുരുഷാധിപത്യത്തിന്റെ ഇര എന്ന മട്ടില്‍ പത്രപ്രവര്‍ത്തനലോകത്ത് ലീലയുടെ രാജി കണക്കാക്കപ്പെട്ടു. പലരും എഴുതുകയും ചെയ്തു. അപ്പോഴും ലീലാമേനോന്‍ തോല്‍ക്കാന്‍ തയാറായില്ല. ഇംഗ്ലീഷ് പത്രപ്രവര്‍ത്തനത്തില്‍ നിന്ന് മലയാളത്തിലേക്ക് അവര്‍ ചുവടുമാറി. വനിത, മാധ്യമം, മലയാളം എന്നിവയില്‍ കോളങ്ങള്‍ എഴുതി ലീലാമേനോന്‍ മലയാളി വായനക്കാര്‍ക്ക് പ്രിയങ്കരിയായി. ഒപ്പം ഹിന്ദുവിലും ഔട്ട്‌ലുക്കിലും തുടര്‍ച്ചയായി എഴുതി. കേരള മിഡ് ഡേ ടൈം, കോര്‍പറേറ്റ് ടുഡേ എന്നിവയില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചതിനുശേഷം അവര്‍ ജന്മഭൂമി ദിനപ്പത്രത്തില്‍ എഡിറ്ററായി ജോലി ചെയ്തു. ഒടുവില്‍ അനാരോഗ്യം തളര്‍ത്തിയതോടെ പതുക്കെ അവര്‍ മരണത്തിന് കീഴടങ്ങി.
ലീലാമേനോന്‍ എന്നും ഒരു പാഠപുസ്തകമാണ്. സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തെയും കര്‍മധീരതയെയും കുറിച്ച് പറഞ്ഞുതരുന്ന പാഠപുസ്തകം. ആ ജീവിതപുസ്തകം ‘നിലയ്ക്കാത്ത സിംഫണി’ എന്ന പേരില്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related News