കാലിൽ തറച്ച സൂചിയുമായി സ്ത്രീ ജീവിച്ചത് 37 വർഷം; സൂചി പുറത്തെടുത്തത് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ

Web Desk
Posted on October 15, 2019, 10:57 pm

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലിൽ ഒരു ആണിയോ സൂചിയോ തറച്ചാൽ അതുമായി ഒരു ദിവസം പോലും കഴിയുകയെന്നത് പ്രയാസമാണ്. എന്നാൽ പെരിങ്ങമല സ്വദേശി മുജുമുനിസ കാലിൽ തറച്ച സൂചിയുമായി 37 വർഷമാണ് ജീവിച്ചത്. മെഡിക്കൽ കോളജ് ഓർത്തോ വിഭാഗം അഡീഷണൽ പ്രൊഫസർ  ഡോ. ശബരിശ്രീയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് ഒരു സെന്റി മീറ്ററോളം നീളമുള്ള സൂചി പുറത്തെടുത്തത്.

47 വയസുകാരിയായ മുജുമുനിസ എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് തയ്യൽ സൂചി കാലിൽ തറച്ചത്. ഉപ്പൂറ്റിയിൽ തറച്ച സൂചിയുടെ കുറച്ചു ഭാഗം പൊട്ടിച്ചു കളഞ്ഞിരുന്നു. എന്നാൽ സൂചിയുടെ ബാക്കി ഭാഗം ഉള്ളിലുള്ള കാര്യം ഇവർ അറി‍ഞ്ഞിരുന്നില്ല. ഇത്രയും വർഷം  കാലിൽ വേദനയുണ്ടായിരുന്നെങ്കിലും അത് കാര്യമാക്കിയിരുന്നില്ല. എന്നാൽ വേദന കൂടിയപ്പോൾ ഒരാഴ്ച മുമ്പ് മെഡിക്കൽ കോളജിൽ ചികിത്സക്ക് എത്തുകയായിരുന്നു.

ഉപ്പൂറ്റിയിലെ എല്ലിനുള്ളിലേക്ക് സൂചി കയറിയിരുന്നതിനാൽ കാലിനു പുറത്തേക്ക് അണുബാധ ഉണ്ടായിരുന്നില്ല. എന്നാൽ എല്ലിന്റെ വളരെ ഉള്ളിലേക്ക് സൂചി കടന്നിരുന്നതിനാൽ എല്ല് ദ്രവിച്ചിരുന്നു. എല്ലിനുള്ളിൽ ദ്വാരം ഉണ്ടാവുകയും എല്ലിന്റെ ഘടന തന്നെ മാറിപ്പോയതായും  ഡോ. ശബരിശ്രീ പറ‍ഞ്ഞു. ഈ അവസരത്തിൽ ശസ്ത്രക്രിയ നടത്തിയാലും അത് വിജയിക്കാനുള്ള സാധ്യത വെറും പത്തു ശതമാനം മാത്രമായിരുന്നു.

വൈക്കോൽ കൂനയിൽ സൂചി തിരയും പോലെ കാലിനുള്ളിൽ സൂചിയുടെ സ്ഥാനം കണ്ടുപിടിക്കുക എന്നത് വളരെയേറെ പ്രയാസമേറിയ ഘട്ടമായിരുന്നു. പുറമേ പ്രശ്നങ്ങളൊന്നും കണ്ടിരുന്നില്ല എങ്കിലും എല്ലിനകത്ത് സൂചി ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. സാധാരണ ശസ്ത്രക്രിയകളെപ്പോലെ നടത്താൻ കഴിയുന്നതല്ല ഇത് എന്നുള്ളത് ഡോക്ടർമാർക്ക് വൻ വെല്ലുവിളി ഉയർത്തിയിരുന്നു. സിആം എന്ന എക്സ്റേ മെഷീന്റെ സഹായത്തോടെയാണ് സൂചി പുറത്തെടുത്തത്.

വർഷമായി കാലിനുള്ളിലിരുന്ന് സൂചിയുടെ നിറം പുറത്തെടുക്കുമ്പോൾ കറുത്തിരുന്നു. സൂചി പുറത്തെടുക്കാനാകുമോ എന്ന് ഒരു ഗ്യാരന്റിയും പറയാനാകാതെ നടത്തിയ ശസ്ത്രക്രിയ വൻ വിജയമായി മാറിയതിന്റെ ആഹ്ലാദത്തിലാണ് ഡോക്ടര്‍മാർ.  ഇത്തരമൊരു ശസ്ത്രക്രിയ മെഡിക്കൽ കോളജിൽ തന്നെ ആദ്യമായാണ്. ഡോ. ശബരിശ്രീയുടെ നേതൃത്വത്തിൽ ഡോ. സുനിൽകുമാർ, ഡോ. പ്രവീൺ, ഡോ. ഷാൻ, ഡോ. സുജിത്ത്, ഡോ. ജോസഫ് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. താജുദീനാണ് സിആം ടെക്നീഷ്യൻ.