മുത്തലാഖ് ചൊല്ലിയ യുവതിയെ ജീവനോടെ കത്തിച്ചു

Web Desk
Posted on August 19, 2019, 9:06 pm

ലഖ്‌നൗ:മുത്തലാഖ് ചൊല്ലിയിട്ടും ഭര്‍തൃവീട്ടില്‍ തുടര്‍ന്ന യുവതിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. പൊലീസ് നിര്‍ദ്ദേശ പ്രകാരമാണ് യുവതി ഭര്‍തൃവീട്ടില്‍ കഴിഞ്ഞത്. ഭര്‍ത്താവ് തന്റെ മൂന്ന് സഹോദരിമാരുടെ സഹായത്തോടെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് സംഭവം. ഭര്‍ത്താവ് തന്നെ മുത്തലാഖ് ചൊല്ലിയതായി സായിദ(22)പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടിലേക്ക് തിരികെ പോകാന്‍ നിര്‍ദ്ദേശിച്ച് പരാതി രജിസ്റ്റര്‍ ചെയ്യാതെ പൊലീസ് യുവതിയെ മടക്കിയയച്ചു.
സായിദയെ ഭര്‍ത്താവ് നഫീസ് ഫോണ്‍ മുഖേനയാണ് തലാക്ക് ചൊല്ലിയത്. ഓഗസ്റ്റ് 15ന് ഭര്‍ത്താവിനെയും കൂട്ടി സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മുംബൈയില്‍ ജോലിചെയ്യുകയായിരുന്ന നഫീസ് വീട്ടില്‍ എത്തി. വീണ്ടും ഭാര്യയോട് വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ സായിദയെ കൊല്ലാന്‍ നഫീസിന്റെ കുടുംബം തീരുമാനിക്കുകയായിരുന്നു.

സായിദയുടെ തലമുടിയില്‍ ഭര്‍ത്താവ് ബലമായി പിടിച്ചുവയ്ക്കുകയും മറ്റുള്ളവര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. യുവതിയുടെ അഞ്ച് വയസുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു ക്രൂരത. അഞ്ച് വയസുകാരിയായ മകള്‍ ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സായിദയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയവയ്ക്കുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

YOU MAY LIKE THIS VIDEO ALSO