27വര്‍ഷം അബോധാവസ്ഥയില്‍ കിടന്നിരുന്ന സ്ത്രീക്ക് ബോധം വീണ്ടുകിട്ടി

Web Desk
Posted on April 24, 2019, 3:20 pm

പകടത്തെത്തുടര്‍ന്ന് 27വര്‍ഷം അബോധാവസ്ഥയില്‍ കിടന്നിരുന്ന സ്ത്രീക്ക് ബോധം വീണ്ടുകിട്ടി. യുഎഇയിലാണ് വൈദ്യലോകത്തെ അപൂര്‍വതയെന്നുപറയാവുന്ന സംഭവം നടന്നത്. മുനീറാ അബ്ദുള്ള തന്റെ 32ാം വയസിലാണ് അപകടത്തില്‍പെടുന്നത്. 1991ല്‍ സ്‌കൂളില്‍നിന്നും മകനെ വിളിച്ചുമടങ്ങുമ്പോള്‍ കാര്‍ ബസുമായികൂട്ടിയിടിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. പിന്‍സീറ്റില്‍ മകന്‍ ഒമര്‍ വെബയറിനെ കെട്ടിപ്പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു മുനീറ.

പ്രാഥമിക ചികില്‍സ നാലുമണിക്കൂറോളം വൈകിയത് പ്രശ്‌നമായി. ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുവാന്‍ ലണ്ടനില്‍ വരെ എത്തിച്ചെങ്കിലും അത് ഫലപ്രദമായില്ല. പിന്നീട് യുഎഇയിലേക്ക് തിരികെ കൊണ്ടുവരികയും ആശുപത്രിയില്‍ കിടത്തുകയും ചെയ്തു. വേദന അറിയാമെന്നതുമാത്രമായിരുന്നു മുനീറയ്ക്ക് ജീവനുണ്ട് എന്നതിന് ആധാരം. ഒരേ കിടപ്പു കിടക്കുന്നതിനാല്‍ മസിലുകള്‍ തളരാതിരിക്കാനുള്ള ഫിസിയോതെറാപ്പിയായിരുന്നു മുഖ്യ ചികില്‍സ. കുടുംബം പ്രതീക്ഷ കൈവിടാതെ സംരക്ഷിക്കുകയായിരുന്നു മുനീറയെ. 2017ല്‍ ചില പുരോഗതി ദൃശ്യമായതോടെ ജര്‍മ്മനിയില്‍ എത്തിച്ച് ചികില്‍സകള്‍ നടത്തിയിരുന്നു. ബോധത്തിലേക്ക് എത്തിയ മുനീറ മറവിയിലാണ്ടുപോയ തന്റെ ഭൂതകാലം വീണ്ടെടുക്കുകയാണ്. തളര്‍ന്നു ബോധമില്ലാത്ത അവസ്ഥയിലായിപോകുന്ന ബന്ധുക്കളെ ഉപേക്ഷിക്കുന്നവര്‍ക്ക പ്രതീക്ഷ നല്‍കുന്നതാണ് തന്റെ മാതാവിന്റെ തിരിച്ചുവരവെന്ന് ഒമര്‍ അഭിപ്രായപ്പെട്ടു.