Wednesday
18 Sep 2019

സ്ത്രീകള്‍ സംസ്‌കാരമുള്ള കുട്ടികളെ പ്രസവിക്കണമെന്ന് ബിജെപി എംഎല്‍എ

By: Web Desk | Friday 15 June 2018 11:07 AM IST


pannalal Shakhya

ന്യൂഡല്‍ഹി: സംസ്‌കാരമുള്ള കുട്ടികളെ പ്രസവിക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്ത്രീകള്‍ പ്രസവിക്കേണ്ടെന്ന് ബിജെപി എംഎല്‍എ. മധ്യപ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ പന്നാലാല്‍ ശാഖ്യയാണ് സ്ത്രീകള്‍ക്കുള്ള വിചിത്രമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. സമൂഹത്തെ മലിനമാക്കുന്നതിനു പകരം അതാണ് നല്ലതെന്നാണ് പന്നാലാല്‍ പറഞ്ഞത്. സമൂഹ നവീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പന്നാലാലിന്റെ വിവാദ പ്രസ്താവന.
ഇതാദ്യമായല്ല ശാഖ്യ സ്ത്രീകളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തുന്നത്. പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കരുതെന്നും എന്നാല്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാകുമെന്നും ആയിരുന്നു പന്നാലാലിന്റെ മുന്‍ നിരീക്ഷണം. ‘ഗേള്‍ഫ്രണ്ടിനെ’ കണ്ടെത്തുന്ന പാശ്ചാത്യ സംസ്‌കാരത്തില്‍ നിന്നും പിന്തിരിയണമെന്ന് ആണ്‍കുട്ടികളെ ഉപദേശിക്കാനും അദ്ദേഹം മറന്നില്ല.
ഇന്ത്യയ്ക്കു പകരം ഇറ്റലി വിവാഹവേദിയായി തെരഞ്ഞെടുത്തതിന്റെ പേരില്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍ വിരാട് കോഹ്‌ലിക്കെതിരെയും ശാഖ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും പണവും പ്രശസ്തിയും സമ്പാദിച്ച് ഇറ്റലിയില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന കോഹ്‌ലിയുടെ രാജ്യസ്‌നേഹം ചോദ്യംചെയ്യുകയായിരുന്നു എംഎല്‍എ.

Related News