Janayugom Online
supreme court- janayugom

സാമൂഹിക വിചാരങ്ങളിലേക്ക് നയിക്കുന്ന സ്ത്രീപക്ഷ വിധികള്‍

Web Desk
Posted on October 16, 2018, 10:24 pm
M S Thara

അഡ്വ. എം എസ് താര

സമൂഹത്തില്‍ വിവേചനം അനുഭവിക്കുന്ന വിഭാഗമായി സ്ത്രീകള്‍ രേഖപ്പെടുത്തപ്പെടുന്നു. നൂറ്റാണ്ടുകളായി ഈ അവസ്ഥ തുടരുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ പ്രത്യേക പരിഭവമോ അതിനെതിരായ പ്രതിഷേധമോ സ്ത്രീകളില്‍ ഭൂരിപക്ഷത്തിനു പോലും ഇല്ല. സാമൂഹിക പ്രവണതകള്‍ ഈ പ്രസ്താവനയെ ശരിവെക്കുന്നതാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ നിയമനിര്‍മാണ സഭകളില്‍നിന്ന് സ്ത്രീസമത്വ ചിന്തകളും നടപടികളും ഉയര്‍ന്നുവരണമെന്നാണ് നാം ആശിക്കുന്നത്. പക്ഷേ, അവിടെനിന്നുള്ള ചരിത്രവും സ്ത്രീകള്‍ക്ക് ആഘോഷിക്കാന്‍ മാത്രം ഇല്ലെന്നത് കാര്യമായ നിരൂപണങ്ങള്‍ക്ക് വിധേയമാകുന്നില്ല. അതേസമയം, സ്ത്രീസമത്വത്തെക്കുറിച്ച ചര്‍ച്ചകള്‍ സമൂഹത്തില്‍ പൊടുന്നനെ ഉയര്‍ന്നുവരുമ്പോള്‍ മുന്‍കാലങ്ങളില്‍നിന്ന് ഭിന്നമായി അനുകൂലമായ പ്രതികരണങ്ങള്‍ ഉണ്ടായിത്തീരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിലൂടെയാണ് നമ്മുടെ രാജ്യവും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.
അടുത്തിടെ ഉണ്ടായ സുപ്രിംകോടതി വിധികളും മീ ടു ക്യാമ്പയിനുമാണ് സാമൂഹിക ചര്‍ച്ചകളെ ഇപ്പോള്‍ നയിച്ചുകൊണ്ടിരിക്കുന്നത് ഇത്തരം ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പാരമ്പര്യമായി നാം കൊണ്ടുനടക്കുന്ന പല ധാരണകളെയും നവീകരിക്കാന്‍ നാം ബാധ്യസ്ഥമാണ്. എന്നാല്‍ ചര്‍ച്ചകളെ ആ നിലയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്ട്രീയ സംഘടനകള്‍ക്കും വനിതാ സംഘടനകള്‍ക്കും കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പുതിയൊരു ചര്‍ച്ചാഹേതു കടന്നുവന്ന് സ്ത്രീസമത്വ ചര്‍ച്ചകളെ അപ്രത്യക്ഷമാക്കുന്നത് കാത്തിരിക്കുകയേ ഇപ്പോള്‍ നിര്‍വാഹമുള്ളൂ.
പുരുഷന്‍ ജന്‍മമെടുത്തിരിക്കുന്നത് തന്നെ സ്ത്രീകളുടെ സംരക്ഷണത്തിനും കാവലിനുമാണെന്ന ധാരണയിലാണ് സമൂഹം മുന്നോട്ടു പോകുന്നത്. ഇത് നമ്മുടെ രാജ്യത്തെ മാത്രം സ്ഥിതിയല്ല. വിദ്യാഭ്യാസം കൊണ്ടും സാമ്പത്തിക സ്വാശ്രയത്വം കൊണ്ടും സ്ത്രീകള്‍ പുരോഗമിക്കുന്നുണ്ടെന്ന് സമ്മതിക്കുമ്പോഴും പൊതുധാരണകള്‍ക്കു നേരെ നേരിയ തോതില്‍ പോലും വെല്ലുവിളികള്‍ ഉയരുന്നില്ലേ. ഈ ദിശയിലുള്ള ഏതൊരു ചര്‍ച്ചയും സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാനുള്ള നീക്കമായേ വിലയിരുത്തപ്പെടുകയുള്ളൂ. ജന്‍മംകൊണ്ടു തന്നെ സ്വതന്ത്രരാണ് ഈ പ്രപഞ്ചത്തിലെ ഓരോ ജീവനും. പൊതുതത്വമായി ഇതിനെ എല്ലാവരും അംഗീകരിക്കുമ്പോഴും മനുഷ്യന് മേല്‍ക്കൈ ഉണ്ടെന്ന് നാം പറയും. മനുഷ്യരില്‍ പുരുഷനും. ശക്തികൊണ്ട് മാത്രം ജീവിതം സാധ്യമായിരുന്ന വന്യമായ കാലത്തെ സാമൂഹികധാരണ ഇന്നും തലമുറകളിലേക്ക് പ്രസരിപ്പിക്കപ്പെടുന്നു. പക്ഷേ, സ്ത്രീകള്‍ പുരുഷനൊപ്പം സാമൂഹിക ജീവിതത്തില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലും പഴയധാരണകളെ കൈയൊഴിക്കാന്‍ മത മതേതര മേഖലകള്‍ തയാറാകുന്നില്ല.
ഈ സാഹചര്യങ്ങളിലാണ് നിയമസംവിധാനങ്ങളുടെ ഇടപെടലുകള്‍ ചരിത്രം കുറിക്കുന്നത്. സുപ്രിംകോടതി പുറപ്പെടുവിച്ച പല വിധികളും ഇന്ത്യന്‍ അവസ്ഥയില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ നിയമധാരകളില്‍ വഴികാട്ടിയായ ഇംഗ്ലണ്ടിലും ഇത്തരം വിധികളെ നമുക്ക് കണ്ടെത്താനാകും. സുപ്രിംകോടതി നല്‍കിയ സ്ത്രീപക്ഷ വിധികള്‍ പുരുഷപക്ഷ സാമൂഹിക വിശ്വാസങ്ങളെ പിടിച്ചുകുലുക്കുന്നതായിരുന്നു. സ്ത്രീയുടെ കരുത്തും സ്വയംനിര്‍ണയത്തിനുള്ള അവകാശവും ഓരോ വിധി പ്രസ്താവത്തിലും നമുക്ക് കാണാം. സ്ത്രീയുടെ അസ്ഥിത്വത്തെ ഒരു പൗര എന്ന നിലയില്‍ വായിച്ചെടുക്കുകയാണ് സുപ്രിംകോടതി വിധികളില്‍. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഊന്നിനിന്നുകൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ക്ക് സാമൂഹിക ധാരണകളെ പുതുക്കിപ്പണിയാനുള്ള ശക്തിയുണ്ട്.
രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ സുപ്രിംകോടതിയില്‍ 1997 ല്‍ വന്ന വിശാഖ കേസ് ഈ പന്ഥാവിലെ നിര്‍ണായകമായ ഒന്നാണ്. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധയെ കൊണ്ടുവന്ന വിധി ഈ കേസിലാണ് ഉണ്ടായത്. ചീഫ് ജസ്റ്റിസ് ആയിരുന്ന വര്‍മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധിയാണ് ജോലി സ്ഥലത്ത് പീഡനങ്ങള്‍ക്ക് ഇരയാവുന്ന സ്ത്രീകളുടെ പരാതി പ്രാഥമികമായി പരിശോധിക്കാനും ഇരയാകുന്നവള്‍ക്ക് നിയമപരിഹാരത്തിന് മാര്‍ഗനിര്‍ദേശം നല്‍കാനും ഒരു സമിതി വേണമെന്ന് നിര്‍ദേശിച്ചത്. പുതിയ നിയമനിര്‍മാണത്തിലേക്കും ഈ വിധി വഴിവെയ്ക്കുകയുണ്ടായി. സാമ്പത്തിക സ്വാശ്രയത്തിന്റെ വഴിതേടിയ സ്ത്രീസമൂഹത്തിന് തൊഴിലിടങ്ങളില്‍ അന്തസ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ വിധി. ഹിന്ദു സ്ത്രീകള്‍ക്ക് സംരക്ഷണത്തിനുള്ള അവകാശം നല്‍കിയ തുളസമ്മ കേസിലെ വിധിയും പിതാവിന്റെ സ്വത്തില്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയ മേരി റോയ് കേസിലെ വിധിയും കുടുംബത്തില്‍ സ്ത്രീകളുടെ പദവി ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു. മുസ്ലിം സമൂഹത്തിലെ വിവാഹമോചിതകളുടെ ദൈന്യത രാജ്യത്തിന്റെ സജീവശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഷാബാനു കേസും ഈ പട്ടികയില്‍ വരുന്നതാണ്. 2002 ല്‍ ഷമീം ആരയും ഉത്തര്‍പ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ തലാഖിനുള്ള അടിസ്ഥാന ഉപാധികളാണ് സുപ്രിംകോടതി നിശ്ചയിച്ചു നല്‍കിയത്. പുരുഷന്റെ ഇച്ഛക്കും മേല്‍ക്കോയ്മക്കും വിലങ്ങുതടിയിട്ട സുപ്രധാന വിധിയായി ഇത് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതപരമായ ആചരണങ്ങള്‍ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുമ്പോള്‍ ഒരു പൗര എന്ന നിലയില്‍ സ്ത്രീകള്‍ക്ക് പരമോന്നത കോടതി നിയമത്തിന്റെ അടിത്തറയില്‍നിന്നുകൊണ്ട് നീതി സ്ഥാപിച്ചുനല്‍കുകയാണ് ചെയ്യുന്നത്. 2006 ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും ലതാസിംഗും തമ്മിലുള്ള കേസില്‍ ഇഷ്ടമുള്ള ആളെ ഭര്‍ത്താവായി സ്വീകരിക്കാനുളള അവകാശമാണ് സുപ്രിംകോടതി അംഗീകരിച്ചു നല്‍കിയത്. സ്വന്തം മതത്തില്‍നിന്നോ അതിന് പുറത്തുനിന്നോ ഒരാളെ വിവാഹം കഴിക്കാനും ഒപ്പം ജീവിക്കാനും കഴിയുന്ന സാഹചര്യമാണ് ഈ വിധിയൊരുക്കിയത്. ഏറ്റവുമൊടുവില്‍ വിവാദമായ ഹാദിയ കേസിലും ഇത്തരം ഭരണഘടനാപരമായ അവകാശമാണ് പരമോന്നത കോടതി അനുവദിച്ചത്. വിവാഹത്തിലൂടെയല്ലാതെ സമ്മതത്തോടെ ഒരുമിച്ചുള്ള ജീവിതം നയിക്കുന്നവര്‍ക്കിടയിലും ഗാര്‍ഹിക പീഡന നിയമം ബാധകമാണെന്നാണ് 2010 ലെ ഡി വേലുസ്വാമിയും പച്ചയമ്മാളും തമ്മിലുള്ള കേസില്‍ സുപ്രിംകോടതി വിധിച്ചത്. വിവാഹബന്ധം വേര്‍പിരിയുന്ന അവസരത്തില്‍ അഞ്ചുവയസുവരെയുള്ള കുഞ്ഞുങ്ങളെ വളര്‍ത്താനുളള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് 2015 ലെ റൊക്‌സാന്‍ ശര്‍മ- അരുണ്‍ ശര്‍മ കേസില്‍ വിധി വന്നു.
ഇവിടെ പരാമര്‍ശിച്ച കേസുകളിലെല്ലാം സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരായ ശക്തമായ ആക്രമണമാണ് കോടതികളില്‍ നിന്നുണ്ടായത്. ഓരോ കേസിലുമുള്ള സ്വാഭാവികമായ വിധി പ്രസ്താവമായിട്ടല്ല ഇവ പരിഗണിക്കപ്പെട്ടത്. ഓരോ വിധിയും സമൂഹത്തില്‍ ചര്‍ച്ചക്കും സ്ത്രീകളെക്കുറിച്ചുള്ള ധാരണകളില്‍ വലിയ മാറ്റം കൊണ്ടുവരാനും ഇടയാക്കുകയായിരുന്നു.
പീനല്‍കോഡിലെ 497 ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് കഴിഞ്ഞ സെപ്റ്റംബര്‍ 27 ന് സുപ്രിംകോടതി പുറപ്പെടുവിച്ച വിധി സാമൂഹിക മണ്ഡലങ്ങളില്‍ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമായി നിലനിന്ന 150 വര്‍ഷത്തെ ഇന്ത്യന്‍ ചരിത്രത്തെയാണ് സുപ്രിംകോടതി തിരുത്തിക്കുറിച്ചത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സ്വജീവിതത്തിനു മേലുള്ള അധികാരത്തിനും അടിവരയിടുന്ന വിധിയായി നിയമവൃത്തങ്ങള്‍ ഈ വിധിയെ വിലയിരുത്തി. ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്താണെന്ന ധാരണയെയാണ് കോടതി വിധി ചോദ്യം ചെയ്തത്. വിവാഹത്തേയും വിവാഹജീവിതത്തെയും കുടുംബത്തേയും പവിത്രമായി കാണുന്ന മതശാസനകള്‍ക്ക് ഈ വിധി സ്വാഭാവികമായും പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട്. കോടതി വിധിയിലൂടെ 497-ാം വകുപ്പ് എടുത്തു കളയുന്നതിന് മുമ്പ് രാജ്യത്ത് നിലനിന്നിരുന്ന അവസ്ഥകളില്‍നിന്ന് ഭിന്നമായ ഒരു സാഹചര്യവും ഈ വിധിയിലൂടെ പുതുതായി ഉണ്ടാകില്ലെന്നും അഭിപ്രായങ്ങള്‍ ഉയരുകയുണ്ടായി. കുടുംബത്തെക്കുറിച്ചുള്ള ധാര്‍മിക വിചാരങ്ങള്‍ക്കുമേലുള്ള ശക്തമായ അടിയായിട്ടാണ് ഈ വിധി മറ്റൊരര്‍ഥത്തില്‍ വ്യാഖ്യാനിക്കപ്പെട്ടത്. ഈ വിധിയെ നിയമത്തിന്റെയും ധര്‍മത്തിന്റെയും അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കാവുന്നതാണ്.
നിയമത്തിന്റെ ദൃഷ്ടിയില്‍ സ്ത്രീയും പുരുഷനും ഒരേ അവകാശമുള്ള പൗരന്‍മാരാണ്. വ്യക്തിയുടെ സ്വാതന്ത്ര്യവും സ്വകാര്യതയും തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന കുടുംബ സംവിധാനം മതശാസനകള്‍ക്ക് വിധേയമായിട്ടാണ് നിലനില്‍ക്കുന്നത് പരസ്പരവിശ്വാസത്തിലും കരുതലിലുമാണ് അതിന്റെ നിലനില്‍പ്. പുതിയ കോടതി വിധി ഈ തൂണുകള്‍ക്ക് വിള്ളല്‍ വീഴ്ത്തുമെന്നത് പരിഗണിക്കപ്പെടേണ്ട ആശങ്ക തന്നെയാണ്.
സാമൂഹികവീക്ഷണങ്ങളെ മുഴുവന്‍ തള്ളിക്കളഞ്ഞുകൊണ്ട് നിയമത്തിന് വ്യാഖ്യാനം വരുമ്പോള്‍ സ്വാഭാവികമായും സമൂഹത്തില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടാകും. സ്ത്രീക്ക് അവളുടെ സ്വകാര്യതയില്‍ പൂര്‍ണമായും സ്വാതന്ത്ര്യം അനുവദിക്കുന്നു എന്നാണ് നിലവിലെ വിധിയുടെ വ്യാഖ്യാനം. നമ്മുടെ സാഹചര്യത്തില്‍ കുടുംബത്തിനും കുടുംബബന്ധങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അതിന് വിള്ളല്‍ വീഴുന്നത് കുടുംബത്തിന്റെ അന്തച്ഛിദ്രതക്കും സമൂഹത്തില്‍ അസ്വസ്ഥതക്കും കാരണമാകും. ഈ വശത്തെക്കുറിച്ച് ശരിയായ ഒരു ചര്‍ച്ച ഈ ഘട്ടത്തില്‍ അനിവാര്യമായും നടക്കേണ്ടതുണ്ട്. വിവാഹേതര ബന്ധങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വാതന്ത്ര്യമാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ റാക്കറ്റുകള്‍ തഴച്ചുവളരാനും മറ്റ് ദുരുപയോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇതിന് കൃത്യമായും തടയിടുന്ന തരത്തില്‍ ലോഡ്ജുകളുടെയും ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് മറ്റ് തരത്തിലുള്ള ചില ചട്ടങ്ങള്‍ വേണ്ടി വരും. സുപ്രിംകോടതി വിധിയുടെ ദുരുപയോഗ സാധ്യതകള്‍ തടയുന്നതിന് ഇത് ആവശ്യമാണ്.
കുടുംബത്തിന്റെ സമാധാനവും കെട്ടുറപ്പും തീര്‍ച്ചയായും പരിരക്ഷിക്കപ്പെടേണ്ടതാണ്. പരസ്പര വിശ്വാസത്തോടെയുള്ള ജീവിതത്തിന് പോറല്‍ വീഴ്ത്തുന്ന നടപടികള്‍ സ്ത്രീയുടെയോ പുരുഷന്റെയോ പക്ഷത്തുനിന്ന് ഉണ്ടായാല്‍ അത് വിവാഹമോചനത്തിന് പരിഗണിക്കാവുന്ന സിവില്‍ സ്വഭാവമുള്ള കുറ്റമായി കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്ത്രീയെ അവകാശമുള്ള വ്യക്തി എന്ന നിലയില്‍ പരിഗണിക്കുന്ന കോടതി വിധിയായി 497 ാം വകുപ്പിനെ കാണാം. നിയമത്തിന്റെ കണ്ണില്‍ ധാര്‍മികമായി തെറ്റായി ഗണിക്കപ്പെടുന്ന കാര്യം നിയമപരമായ തെറ്റായി കരുതപ്പെടണമെന്നില്ല. മദ്യപാനം ഈ ഗണത്തില്‍ പെടുന്നതാണ്.
ഏതൊരു നിയമവും നിയമവ്യാഖ്യാനവും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും ധാരണകള്‍ക്കും വിധേയമായിരിക്കും. കുടുംബബന്ധങ്ങള്‍ ശക്തമായ നമ്മുടെ രാജ്യത്ത് നിയമപരമായ ശിക്ഷകളില്‍നിന്ന് ഒഴിവാകുന്നു എന്നതു കൊണ്ടുമാത്രം വിവാഹേതര ബന്ധങ്ങള്‍ വളര്‍ന്നുവരില്ലെന്ന ഉറച്ച വിശ്വാസമാണ് സമൂഹത്തിന്റെ കരുത്തായി വര്‍ത്തിക്കുന്നത്. അതാണ് ശരിയും. അതുകൊണ്ടാണ് നിയമത്തിന്റെ കണ്ണില്‍ സ്ത്രീകള്‍ക്ക് വിവേചനമില്ലെന്ന വിധി പ്രസ്താവത്തിനു നേരെ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നു വരാത്തത്. ഈ കരുത്ത് ശരിയായ ദിശയിലുള്ള ചര്‍ച്ചകള്‍ക്ക് കൂടി വഴിതുറന്നാല്‍ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നവരാണെന്ന രേഖപ്പെടുത്തലുകള്‍ക്ക് നമുക്ക് അന്ത്യം കുറിക്കാം.

ലേഖിക കേരള വനിതാ
കമ്മീഷനംഗമാണ്‌