Web Desk

ന്യൂഡൽഹി:

January 19, 2021, 9:06 pm

മതപരിവർത്തന വിരുദ്ധ ഓർഡിനൻസ്; സ്ത്രീകളുടെ സ്വയംഭരണാധികാരത്തിന് വിലങ്ങു തടി

Janayugom Online

ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ച മതപരിവർത്തന വിരുദ്ധ ഓർഡിനൻസ് സ്ത്രീകളുടെ സ്വയംഭരണാധികാരത്തിന് വിലങ്ങു തടിയാകുന്നുവെന്ന് ആരോപിച്ച് ഹർജി. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ അഡ്വക്കസി ആന്റ് ലീഗൽ ഓർഗനൈസേഷൻ, അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.
പ്രസ്തുത ഓർഡിനൻസ് സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളിലേക്കും രാജ്യത്തെ മുഴുവൻ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളിലേക്കുമുള്ള കടന്നുകയറ്റമാണെന്നും സംഘടന ഹർജിയിൽ ആരോപിക്കുന്നു. വിവാഹ ശേഷമുള്ള മത പരിവർത്തനം വ്യക്തികൾ സ്വയം തിരഞ്ഞെടുക്കുന്നതല്ലെന്നും മറിച്ച് മറ്റുള്ളവരുടെ ഇടപെടലും സമ്മർദ്ധവും മൂലമാണെന്നുമുള്ള യുപി സർക്കാരിന്റെ വാദത്തെയും സംഘടന എതിർത്തു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വ്യത്യസ്ത മതങ്ങളിലും വിശ്വാസങ്ങളിലും ഉള്ള ആളുകൾക്കിടയിൽ വിവാഹം നിയമപരമായതിനാൽ ഒരു വ്യക്തിക്ക് വിവാഹത്തിനായി ഇഷ്ടമുള്ള ആളെ തിരഞ്ഞെടുക്കുന്നതിലോ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിലോ തെറ്റില്ല. സ്വന്തം മതവിശ്വാസത്തിന് പുറത്തുള്ള ആളെ വിവാഹം കഴിക്കുന്നതുകൊണ്ട് ഒരാൾ മതപരിവർത്തനം ചെയ്യണമെന്ന് നിർബന്ധവുമില്ല. പങ്കാളിയുടെ വിശ്വാസം ആചരിക്കാൻ ആഗ്രഹിക്കുന്നവർ മാത്രമാണ് വിവാഹത്തിനായി തങ്ങളുടെ മതം പരിവർത്തനം ചെയ്യാൻ തയാറാകുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീ സംരക്ഷണത്തിന് എന്ന മുഖംമൂടിയണിഞ്ഞുകൊണ്ടുള്ള യുപി സർക്കാരിന്റെ ഈ നീക്കം പ്രായപൂർത്തിയായ സ്ത്രീകളുടെ സ്വയംഭരണാധികാരവും തീരുമാനമെടുക്കാനുള്ള അവകാശവും തടയുന്നു. ഓർഡിനൻസ് പ്രകാരം മതംമാറുന്ന സ്ത്രീകളുടെ ബന്ധുക്കൾക്ക് എഫ്ഐആർ ഫയൽ ചെയ്യാൻ അനുവദിക്കുന്ന വിശാലമായ വ്യവസ്ഥ സ്ത്രീകളുടെ വ്യക്തിത്വം, സ്വകാര്യത, അന്തസ്സ് എന്നിവ നഷ്ടപ്പെടുത്തുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പങ്കാളികളെയും ബന്ധുക്കളെയും നിയമപരമായി ശിക്ഷിക്കുന്നത് വഴി ഓർഡിനൻസ് സ്ത്രീകളെ ഒരു ദാമ്പത്യത്തിലെ ‘ദുർബല’ പങ്കാളിയായി അവതരിപ്പിക്കുകയും കുടുംബ ബന്ധത്തിൽ വിള്ളലുകൾ ഊണ്ടാക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ തുല്യതയ്ക്കും താൽപ്പര്യത്തിനും വിലനൽകാതെ മുൻവിധിയോടെയുള്ള ലിംഗപരമായ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ നിയമം എന്നും ഹർജിക്കാർ ആരോപിക്കുന്നു.
പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ, പ്രത്യേകിച്ച് പങ്കാളിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനത്തിന് ഇടപെടാൻ കഴിയില്ലെന്ന ഹാദിയ കേസിലെ സുപ്രീം കോടതിയുടെ വിധിയും ഹർജിയിൽ ഉദ്ധരിച്ചിട്ടുണ്ട്. ഹർജി അലഹബാദ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ENGLISH SUMMARY: WOMAN’S AUTONOMY CAN’T BE DENIED UNDER THE GRAB OF PROTECTION

YOU MAY ALSO LIKE THIS VIDEO