സദാചാര ഗുണ്ടായിസം: പെണ്‍കുട്ടിയുടെ സുഹൃത്ത് അറസ്റ്റില്‍

Web Desk
Posted on September 17, 2019, 9:21 pm

തൊടുപുഴ: പട്ടാപ്പകല്‍ നഗരമധ്യത്തില്‍ അരങ്ങേറിയ സദാചാര ഗുണ്ടായിസത്തെ
തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന പ്രതിയും
പെണ്‍കുട്ടിയുടെ സുഹൃത്തുമായ അച്ചന്‍കവല വിനുപ്രകാശ്(20) നെ പൊലീസ്
അറസ്റ്റ് ചെയ്തു.

ഗുണ്ടാ ആക്രമണം നടത്തിയ സംഘത്തിലെ അംഗമായ മലങ്കര പ്ലാന്റേഷന്‍ ചേലത്തില്‍
ലിബിന്‍ ബേബിയെ കുത്തിയ കേസിലാണ് വിനു പ്രകാശിനെ അറസ്റ്റ് ചെയ്തത്. ജില്ല
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിനുവിനെ ഇന്നലെ ഡിസ്ചാര്‍ജ്ജ്
ചെയ്തതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ
ശേഷം റിമാന്‍ഡ് ചെയ്തു.

സംഭവത്തില്‍ സദാചാര ഗുണ്ടായിസം നടത്തിയ വള്ളോംകല്ലേല്‍ അനന്ദു(20), പെരുമ്പിള്ളിച്ചിറ കരിമ്പിലക്കോട്ടില്‍ ശ്യാംലാല്‍(31) എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരും റിമാന്‍ഡിലാണ്. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ കുത്തേറ്റ്
ചികിത്സയില്‍ കഴിയുന്ന ലിബിന്‍ ബേബിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍
അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.