സാരിയോട് ഒരു വൈകാരിക അടുപ്പമാണ് എന്നും പെണ്ണിനുള്ളത്, പക്ഷേ സാരിയില്‍ തിളങ്ങണമെങ്കില്‍ ഇങ്ങനെ ഉടുക്കണം

Anooja Thampy
Posted on September 26, 2019, 5:25 pm

കാലം മാറുന്നതിന് അനുസരിച്ച് കോലവും മാറുമെന്നാണെല്ലോ ചൊല്ല്. എന്നാല്‍ എത്രയൊക്കെ കാലത്തിനൊപ്പം ഓടിപ്പാഞ്ഞാലും പെണ്ണിന് അഴക് ആഢ്യത്തം നിറഞ്ഞ സാരി തന്നെയാണ്. ടോപ്പും പാവാടയും കുര്‍ത്തയും ജീന്‍സും വന്നാലും അഞ്ചരമീറ്റര്‍ നീളമുള്ള സാരിക്ക് തന്നെയാണ് ആദ്യ സ്ഥാനം. ഭാരതീയ സ്ത്രീകളുടെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ സാരിക്കുള്ളത്ര പ്രാധാന്യം മറ്റൊരു വസ്ത്രത്തിനും ഇല്ല.

സാരിയോട് ഒരു വൈകാരിക അടുപ്പമാണ് എന്നും പെണ്ണിനുള്ളത്. വിവാഹമോ മറ്റെന്ത് വിശേഷമോ ആയാലും സാരിയില്‍ തിളങ്ങാനാണ് അവര്‍ കൂടുതലും ഇഷ്ടപ്പെടുന്നത്. സാരിയുടെ അഴകളവുകള്‍ കൂട്ടാനും കുറയ്ക്കാനും അതിനൊപ്പമുള്ള ആക്‌സസറീസിനു കഴിയും. വില കുറഞ്ഞ കോട്ടന്‍ സാരിയുടെ എടുപ്പു കൂട്ടാന്‍ മുത്തുവച്ച നല്ലൊരു കമ്മല്‍ വിചാരിച്ചാല്‍ പോലും സാധിക്കും. സിന്ദൂരപൊട്ടും മുല്ലപ്പൂവും ഒപ്പം തനിനാടന്‍ മാങ്ങാമാലയോ മുല്ലമൊട്ടു മാലയോ കഴുത്തില്‍ അണിഞ്ഞാലും സാരിയ്ക്ക് പ്രൗഢിയേറും.

കേരളത്തിന്റെ സ്വന്തമാണ് കസവ് സാരി. ഓണം, വിഷുപോലുള്ള വിശേഷാവസരങ്ങളില്‍ കസവ് സാരിക്കാണ് ഡിമാന്റ്. സ്വര്‍ണ നിറത്തിലുള്ള കവസോടുകൂടിയ സാരിയില്‍ ചിത്രപ്പണികളൊക്കെ ചെയ്ത് വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നവരും കുറവല്ല. കസവ് സാരിയ്ക്ക് പുത്തന്‍ ലുക്ക് നല്‍കുന്നത് ജിമിക്ക തന്നെയാണ്. വലുപ്പമേറിയ ജിമിക്കയില്‍ കസവ് സാരിയെ വേല്ലാന്‍ ആരുമില്ല.

സാരികളിലെ രാജ്ഞിയാണ് കാഞ്ചീപുരം പട്ട്. നിറത്തിലും ഇഴയടുപ്പത്തിലുമുള്ള സമ്പന്നതയാണ് കാഞ്ചീപുരം പട്ടിനെ മറ്റ് സാരികളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. വീതിയേറിയ ബോഡറുള്ള പട്ടുസാരിക്ക് ഇറക്കം കുറഞ്ഞ മാലകളാണ് ഇണങ്ങുക. കഴുത്തില്‍ ചേര്‍ന്നുകിടക്കുന്ന നെക്‌ലേസും പട്ടിന് ഇണങ്ങും. വീതി കുറഞ്ഞവയ്ക്ക് അല്‍പം ഇറക്കമുള്ള വലിയ ലോക്കറ്റുള്ള മാലകള്‍ നന്നായിണങ്ങും. ട്രഡീഷനല്‍ വളകളും മോതിരങ്ങളും നാടന്‍ ലുക്കിനു പൂര്‍ണത നല്‍കും.

സ്വര്‍ണം, വെള്ളി ആഭരണങ്ങളാണ് സെറ്റ് സാരിയുടെ സ്വന്തം കൂട്ടുകാര്‍. ബ്ലാക്ക് മെറ്റല്‍, ടെറാക്കോട്ട എന്നിവയും കേരളത്തനിമയ്ക്കു വേറിട്ട അഴകു നല്‍കും. കസവുള്ള കോട്ടന്‍ സാരികള്‍ക്ക് സ്വര്‍ണവും ആന്റിക്ക് ഗോള്‍ഡും ആണു ചേര്‍ച്ച. സില്‍വര്‍ കരയുള്ളവയ്ക്ക് ആന്റിക് സില്‍വര്‍, മുത്ത്, ആന്റിക് ഗോള്‍ഡ് എന്നിവയിലുള്ള മാലകളും വളകളും നന്നായി ഇണങ്ങും. ഓഫീസില്‍ പോകാനും മറ്റുമായി ഉടുക്കുന്ന കോട്ടന്‍ സാരികള്‍ക്കൊപ്പം ഒരേ മാലയും കമ്മലും വളയും തന്നെയിട്ടു പോയാലും അഴകാണ്. മാച്ചിങ് ആഭരണങ്ങള്‍ ഇട്ടാലും കോട്ടണ്‍ സാരികള്‍ക്ക് എടുപ്പേറും.

ഷിഫോണ്‍ പോലെയുള്ള ഒഴുക്കുള്ള സാരികള്‍ക്കൊപ്പം മാലയൊഴിവാക്കി കല്ലിന്റെയോ മുത്തിന്റെയോ ഡയമണ്ടിന്റെയോ കമ്മലിടുക, ഒപ്പം വാച്ചും. നെറ്റ് സാരിക്കൊപ്പം ട്രഡീഷനല്‍ ആഭരണങ്ങള്‍ തീരെ ചേരില്ല. ചെറിയ കമ്മലും മാലയുമിടാം. അധികം വളകള്‍ ഒഴിവാക്കി മുത്തിന്റെയോ കല്ലിന്റെയോ മോതിരമണിയാം.

കലംകാരി പോലുള്ള സാരികള്‍ വന്നതോടെ മരം, രുദ്രാക്ഷം, പേപ്പര്‍, പല തരം ലോഹങ്ങള്‍ തുടങ്ങിയവകൊണ്ടുള്ള ആഭരണങ്ങള്‍ ഇത്തരം സാരിക്ക് നന്നായി യോജിക്കും. കൂടാതെ സില്‍വര്‍, ബ്ലാക്ക് മെറ്റല്‍, മുത്തുകള്‍ അങ്ങനെ എന്തും ഒപ്പം ചേര്‍ക്കാം. കറുത്ത ചരടില്‍ വരുന്ന ആന, താമര പോലുള്ള ലോക്കറ്റുകളും നന്നായി ഇണങ്ങും. ആഘോഷങ്ങള്‍ എന്തുമായികൊള്ളട്ടേ.. ഓരോ അവസരത്തിനും സാരിയ്ക്ക ചേരുന്ന ആഭരണങ്ങള്‍ അണിഞ്ഞാല്‍ ലുക്കില്‍ സാരിയെ വെല്ലാന്‍ മറ്റൊന്നിനും കഴിയില്ല.