കോഴിക്കോട്: ഹർത്താൽ അനുകൂലികളായ യുവതികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസത്തു സംഘർഷം. കെഎസ്ആർടിസി കവാടത്തിനു മുന്നിൽ പ്രതിഷേധിച്ച ഇരുപതോളം യുവതികളെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. കെഎസ്ആർടിസി കവാടത്തിനു മുന്നിൽ പ്രതിഷേധക്കാർക്കൊപ്പം എത്തിയതാണെന്നു സംശയിക്കുന്ന രണ്ടു യുവതികളോടു പൊലീസ് വിവരങ്ങൾ ചോദിക്കുന്നതിനിടെ ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് സംഘർഷത്തിന് കാരണമായത്.
ഇവർ പൊലീസിനു നേരെ കയർത്തോടെ രണ്ടു യുവതികളെയും രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിഷേധിച്ച യുവതികളേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ കോഴിക്കോട് കുറ്റിക്കാട്ടൂർ വില്ലേജ് ഓഫിസ് അടപ്പിക്കാനെത്തിയ മൂന്നു പേരെ മാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ കരുതൽ തടങ്കലിലാണ്.
കോഴിക്കോട് ‑താമരശേരി ദേശീയ പാതയിൽ പുല്ലാഞ്ഞിമേട്, കാരാട്ടി, വട്ടക്കുണ്ട് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. താമരശേരി പോസ്റ്റ് ഓഫിസിനു സമീപം വാഹനം തടഞ്ഞവരെ നീക്കാൻ ശ്രമിച്ച എസ്ഐയെ കയ്യേറ്റം ചെയ്തു. നഗരത്തിൽ പലയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിച്ചു. ഇംഗ്ലീഷ് പള്ളി ജംഗ്ഷൻ, നടക്കാവ് പ്രദേശങ്ങളിൽ മിക്ക കടകളും തുറന്നപ്പോൾ മിഠായിത്തെരുവിലും വലിയങ്ങാടിയിലും കടകൾ അടഞ്ഞു കിടന്നു. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് കെ എസ് ആർ ടി ബസ്സുകളും ചില സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തി. സന്നദ്ധ സംഘടനാ പ്രവർത്തകരും പോലീസും യാത്രക്കാർക്ക് തുണയായി രംഗത്തുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.