കുട്ടികളെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചെന്നാരോപിച്ച് മാനസികാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു

Web Desk
Posted on September 06, 2019, 5:52 pm

അഹമ്മദാബാദ്: കുട്ടികളെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചെന്നാരോപിച്ച് മാനസികാസ്ഥ്യമുള്ള സ്ത്രീയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ആള്‍ക്കൂട്ടാക്രമണങ്ങള്‍ പതിവാണ്.

ഇവരെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇവരെ ചവിട്ടി താഴെ ഇടുന്നതും ആളുകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും മര്‍ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും എല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്. മര്‍ദ്ദനത്തിനൊടുവില്‍ ചില ആളുകള്‍ ഇടപെട്ട് സ്ത്രീയെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ആള്‍ക്കൂട്ടത്തെ സംരക്ഷിക്കാനാണ് പോലീസ് ഇപ്പോഴും ശ്രമിക്കുന്നതെന്നാണ് ആരോപണം. ജനങ്ങള്‍ ഇടപെട്ട് ഇവരെ പോലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദനമേറ്റിട്ടില്ലെന്നും ആണ് പോലീസ് ഭാക്ഷ്യം.