Web Desk

തിരുവനന്തപുരം:

May 02, 2021, 9:30 pm

സഭയിലുയരും ഈ വനിതകളുടെ ശബ്ദവും

Janayugom Online

തുടർഭരണത്തിന്റെ ചരിത്രനേട്ടവുമായി എൽഡിഎഫ് നിയമസഭയിലെത്തുമ്പോൾ അവിടെ ജനകീയ വിഷയങ്ങളുയർത്താൻ ഈ വനിതകളുടെ ശബ്ദവുമുണ്ടാകും. എൽഡിഎഫിനൊപ്പം നിയമസഭയിൽ ഭരണപക്ഷത്ത് പത്ത് വനിതകളും പ്രതിപക്ഷത്ത് നിന്ന് ഒരാളുമാണ് ഉള്ളത്. കെ കെ ശൈലജ, ജെ ചിഞ്ചുറാണി, സി കെ ആശ, വീണ ജോർജ്, യു പ്രതിഭ, ആർ ബിന്ദു, ഒ എസ് അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ദലീമ ജോജോ എന്നിവരാണ് സഭയിൽ എൽഡിഎഫിനെ പ്രതിനിധീകരിക്കുന്നത്. വടകരയിൽനിന്ന് വിജയിച്ച കെ കെ രമയാണ് ഏക യുഡിഎഫ് വനിതാ പ്രതിനിധിയായി സഭയിലെത്തുക.
കഴിഞ്ഞ സഭയിൽ എൽഡിഎഫിന്റെ മാത്രം എട്ട് വനിതാ എംഎൽഎമാരാണ് ഉണ്ടായിരുന്നത്. കെ കെ ശൈലജ, ജെ മേഴ്സികുട്ടിയമ്മ, കെ അയിഷ പോറ്റി, വീണ ജോർജ്, യു പ്രതിഭ, ഗീത ഗോപി, ഇ എസ് ബിജിമോൾ, സി കെ ആശ എന്നിവരായിരുന്നു അത്. ഇതിൽ രണ്ടുപേർ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യന്ത്രി കെ കെ ശൈലജയും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയും. ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ അരൂർ പിടിച്ചെടുത്തതിലൂടെയാണ് കഴിഞ്ഞ സഭയിൽ യുഡിഎഫിന് ഒരു വനിത അംഗത്തിന് ലഭിച്ചത്.
യുഡിഎഫിനായി പി കെ ജയലക്ഷ്മി, പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ ഉൾപ്പെടയുള്ള 12 പേർ മത്സരരംഗത്തുണ്ടായിട്ടും ജയിച്ചത് കോൺഗ്രസ് പിന്തുണയിൽ മത്സരിച്ച ആർഎംപിയിലെ കെ കെ രമ മാത്രമാണ്. 25 വർഷത്തിന് ശേഷം മുസ്‌ലിം ലീഗ് കോഴിക്കോട് സൗത്തിൽ മത്സരിപ്പിച്ച നൂർബിന റഷീദും പരാജയപ്പെട്ടു. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ച മുൻ മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷും ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രനും പരാജയപ്പെട്ടു.

you may like this video also