സ്ത്രീയുടെ അടഞ്ഞ വാതില്‍

Web Desk
Posted on October 30, 2018, 11:01 pm

സീതാ വിക്രമന്‍

സാമ്പത്തിക ചുറ്റുപാടുകള്‍ക്കനുസരിച്ച് ഏതുവിധത്തിലും ഭീഷണിപ്പെടുത്താനും ഉപയോഗപ്പെടുത്താനും പറ്റുന്നവിധം ഗതികെട്ടൊരു അവസ്ഥയില്‍ നമ്മുടെ നാട്ടിലെ സ്ത്രീസമൂഹം എത്തിച്ചേര്‍ന്നിട്ടുണ്ട്. സ്ത്രീപുരുഷ ബന്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും യാഥാസ്ഥിതികത്വം പുലര്‍ത്തുന്ന ഒരു സംസ്ഥാനമാണ് കേരളം.
ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ സ്ത്രീകള്‍ വിധേയമാവുന്ന അടിമത്തം വളരെ പ്രകടമാണ്. സാങ്കേതിക അര്‍ഥത്തില്‍ തുല്യത, ഭരണഘടന‑വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യത്തില്‍ ഭരണരംഗത്ത് സ്ത്രീകള്‍ക്ക് സമത്വപൂര്‍ണമായ ഒരു പരിഗണന ലഭിക്കുന്നില്ല. കേരളത്തില്‍ പകുതിയോളം ജനങ്ങള്‍ സ്ത്രീകളായിരുന്നിട്ടും ജനപ്രതിനിധി സഭയില്‍ തുലോം സ്ത്രീ അംഗങ്ങള്‍ മാത്രമല്ലേയുള്ളൂ.
തുല്യത എന്നുപറയുന്നത് സാമൂഹ്യരംഗത്ത് ഇടപെടാനുള്ള അവസരങ്ങളുടെ മേലുള്ള തുല്യതയാണ്. തുല്യപദവി ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ വളരെ ശോചനീയമാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് പിന്നാക്കവസ്ഥ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ചും ദരിദ്രരായ സ്ത്രീകള്‍ക്ക് മിക്കവാറും സാമ്പത്തികാവശ്യങ്ങളെ മുന്‍നിര്‍ത്തി കൂലിവേലയ്ക്ക് പോകേണ്ടിവരുന്നു. ഇങ്ങനെ സ്ത്രീകള്‍ ജോലിക്കുപോകുന്ന മേഖലകളില്‍ സ്ത്രീകള്‍ക്ക് തുല്യവേതനം ലഭിക്കുന്നില്ല. പ്രത്യേകിച്ചും ഖനികളിലും എസ്റ്റേറ്റുകളിലും മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങളിലും ഈ വ്യത്യാസം കാണാം. അതായത് സമൂഹത്തില്‍ നിലവിലുള്ള വീക്ഷണാധിപത്യം പുരുഷമേധാവിത്വത്തിന്റേതാണ്.
രാഷ്ട്രീയ സമരങ്ങളില്‍ പുരോഗമനപരമായ ഒരു പങ്കുവഹിക്കുന്ന ശക്തിയായി സ്ത്രീ സമൂഹം മാറണമെങ്കില്‍ ആദ്യമായി ലിംഗപരമായും കുടുംബപരമായും അവരനുഭവിക്കുന്ന രണ്ടാംകിട അവസ്ഥ അവസാനിച്ചേ തീരൂ.
പുരുഷന്മാര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉന്നയിക്കാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ആയിക്കൂടാ? സ്ത്രീകളെ കെട്ടിയിടുന്ന ഇന്നത്തെ കാലഹരണപ്പെട്ട സമ്പ്രദായം നമുക്ക് പിച്ചിച്ചീന്തേണ്ടതുണ്ട്.
കുടുംബത്തിലും ജോലിസ്ഥലത്തും ഇന്ത്യന്‍ സ്ത്രീ അക്രമം നേരിടുന്നുണ്ട്. ഇന്ത്യന്‍ പൊലീസ് പോലും പ്രത്യേകിച്ചും നാട്ടിന്‍പുറത്തുള്ള സ്ത്രീകളോട് പ്രകടമായും ലൈംഗികോപകരണങ്ങള്‍ എന്ന നിലയ്ക്കാണ് പെരുമാറുന്നത്. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള പണിയെടുക്കുന്ന മുഴുവന്‍ ബഹുജനങ്ങളും മര്‍ദ്ദിതരായിരിക്കുന്ന എല്ലാ വിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് സോഷ്യലിസത്തിനുവേണ്ടിയുള്ള ലോകവ്യാപകമായ പോരാട്ടം നടത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
ചരിത്രത്തിന്റെ ഗതിയിലുടനീളം പരിശോധിച്ചാല്‍ മിക്കപ്പോഴും സ്ത്രീക്ക് ഒരു രണ്ടാംസ്ഥാനമാണുള്ളത്. പുരുഷന്‍ ശക്തിയുടെയും സ്ത്രീ സൗന്ദര്യത്തിന്റെയും പ്രതീകമായി ഭാരതദര്‍ശനം അവതരിപ്പിക്കുന്നു.
മനുസ്മൃതിയിലാവട്ടെ സ്ത്രീ എല്ലായിപ്പോഴും പുരുഷന്റെ തണലിലോ ആധിപത്യത്തിന്‍ കീഴിലോ ജീവിക്കേണ്ടവളാണെന്ന് വിധിക്കുന്നു. അതിനാല്‍ സ്ത്രീസ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന കാഴ്ചപ്പാടാണുള്ളത്.
‘പ്രകൃത്യാതന്നെ പുരുഷന്‍ ഔന്നത്യത്തോട് കൂടിയവനും സ്ത്രീ അധമയുമാണ്. ഒരാള്‍ ഭരിക്കുകയും മറ്റേയാള്‍ ഭരിക്കപ്പെടുകയും ചെയ്യുന്നു’ എന്നാണ് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ നോക്കുമ്പോള്‍ സ്ത്രീയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് ചരിത്രപരമായ ഒരു പ്രവര്‍ത്തിയാണെന്ന് നമുക്ക് കാണാനാകും.
ഒരു സ്ത്രീ എങ്ങനെ ആയിരിക്കണമെന്നതിനെ സംബന്ധിച്ച് നമ്മുടെ സമൂഹത്തിന് നിയതമായ ചില അനുശാസനകളുണ്ട്. ധാര്‍മ്മിക മൂല്യങ്ങളുടെ രൂപത്തിലാണ് സമൂഹം അത് വിളംബരം ചെയ്തിട്ടുള്ളത്. വിശ്വാസംകൊണ്ടും പ്രയോഗംകൊണ്ടും വ്യക്തിബന്ധങ്ങളിലും ഭാഷയിലും അങ്ങനെ സാമൂഹ്യജീവിതത്തിലാകെത്തന്നെ വളരെ ആഴത്തിലുള്ള ധാരണയാണ് ഈ ധാര്‍മ്മികമൂല്യവിളംബരം സൃഷ്ടിച്ചിട്ടുള്ളത്.
സ്ത്രീ എന്നാല്‍ അടക്കവും ഒതുക്കവുമുള്ളവള്‍, ഒച്ചവച്ച് സംസാരിക്കാത്തവള്‍, ശബ്ദമുണ്ടാക്കി നടക്കാത്തവള്‍, ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ പുരുഷന്റെ തുണ തേടുന്നവള്‍ ഇത്തരത്തിലുള്ള മൂല്യ സങ്കല്‍പങ്ങളാണ് ഇന്ന് നിലവിലിരിക്കുന്നത്. പിതാവിന്റെയോ ഭര്‍ത്താവിന്റെയോ മകന്റെയോ സംരക്ഷണയിന്‍ കീഴില്‍ എക്കാലവും ജീവിക്കേണ്ടവള്‍ എന്ന അനുശാസനമാണ് സ്ത്രീക്ക് ലഭിച്ചിട്ടുള്ളത്. കുട്ടിക്കാലം മുതല്‍തന്നെ ഇത്തരം ധാര്‍മ്മിക മൂല്യവ്യവസ്ഥിതിയിലാണ് സ്ത്രീകള്‍ വളരുന്നത്. അതുവഴി ഈ ധാര്‍മ്മികമൂല്യവ്യവസ്ഥ അവളുടെ ജീവിതത്തിന്റെ ഒരച്ചടക്കമായി മാറുന്നു. ബാല്യവും കൗമാരവും പിന്നിടുമ്പോഴേക്കും താന്‍ ജീവിക്കുന്ന ഒരു മൂല്യവ്യവസ്ഥയുടെ തടവുകാരിയായി മാറിയശേഷം ജീവിതം ഹോമിക്കാനുള്ള പ്രാഥമിക പരിശീലനം അവള്‍ക്ക് ലഭിച്ചുകഴിഞ്ഞിട്ടുണ്ടാവും.
ഒന്നുറക്കെചിരിച്ചാല്‍, ശബ്ദത്തോടെ നടന്നാല്‍, ഇണയ്ക്ക് സമൂഹം കല്‍പ്പിച്ചരുളുന്ന പുരുഷനോടല്ലാതെ മറ്റൊരാളുമായി സൗഹൃദത്തിലേര്‍പ്പെട്ടാല്‍ ഇതെല്ലാം ധാര്‍മ്മിക വിലക്കുകളുടെ ലംഘനമായി പരിഗണിക്കപ്പെടുകയും സ്ത്രീ സമൂഹത്തില്‍തന്നെ അവള്‍ അപഹസിക്കപ്പെടുകയും ചെയ്യും. സ്വന്തം വ്യക്തിസാക്ഷാത്ക്കാരത്തിനുള്ള സ്ത്രീയുടെ വഴി ഒരടഞ്ഞ വാതിലാണ്. സ്വന്തം ഇഷ്ടപ്രകാരം എങ്ങോട്ടെങ്കിലും യാത്രചെയ്യാനോ, മറ്റേതെങ്കിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ വ്യക്തി എന്നനിലയ്ക്ക് സ്ത്രീക്ക് കഴിയാതെ പോകുന്നു. പുരുഷന്‍ ദിവസത്തിന്റെ എല്ലാ മണിക്കൂറും അയാള്‍ ജീവിക്കുന്ന പരിസരം നിര്‍ഭയമായി ഉപയോഗിക്കുമ്പോള്‍ സമൂഹം കല്‍പ്പിച്ചനുവദിച്ചിരിക്കുന്ന സമയപരിധിക്കപ്പുറത്ത് സ്ത്രീക്ക് അവളുടെ ലോകം അപകടകരമായാണ് അനുഭവപ്പെടുന്നത്. അനുവദിക്കപ്പെട്ടിരിക്കുന്ന സമയത്തിനപ്പുറത്ത് പൊതുവഴികള്‍ സ്ത്രീകള്‍ക്ക് ശത്രുവിന്റെ താവളസ്ഥലങ്ങളായി മാറുന്നു. അതുവഴിയുള്ള ഒറ്റയ്ക്കുള്ള സഞ്ചാരം ആക്രമണത്തെ വിളിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും.
ചുരുക്കത്തില്‍ സാമൂഹ്യജീവിതത്തിലും കുടുംബജീവിതത്തിലും സ്വകാര്യജീവിതത്തിലും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു.