വിവാഹ സമയത്ത് നല്‍കുന്ന സ്വത്തുകള്‍ ഉപയോഗിച്ച്  ഭൂമി വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം: വനിതാ കമ്മീഷന്‍

Web Desk
Posted on January 07, 2019, 3:26 pm

ബി രാജേന്ദ്രകുമാര്‍

പാലക്കാട്: യുവതികള്‍ക്ക് അവളുടെ മാതാ-പിതാക്കള്‍ വിവാഹ സമയത്ത് നല്‍കുന്ന സ്വത്തുക്കളും ആഭരണങ്ങളും ഉപയോഗിച്ച് വസ്തുക്കള്‍ വാങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പേരില്‍ മാത്രം വാങ്ങി നല്‍കുന്നതിന് മാതാ-പിതാക്കള്‍ ശ്രദ്ധിക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നിര്‍ദ്ദേശിച്ചു.

ആലത്തൂര്‍ താലൂക്കിലെ അധ്യാപികയായ യുവതിക്കും മക്കള്‍ക്കും ജീവനാംശം നല്‍കുന്നതിന് കോടതി വിധിയുണ്ടായിട്ടും അത് അനുസരിക്കാത്ത ഭര്‍ത്താവിന്റെ നടപടി സംബന്ധിച്ച കേസ് പരിഗണിച്ചശേഷം സംസാരിക്കുകയായിരുന്നു അവര്‍.

വിവാഹസമയത്ത് മാതാ-പിതാക്കള്‍ നല്‍കിയ തുക ഉപയോഗിച്ച് വാങ്ങിയ ഭൂമിയില്‍ ഭര്‍ത്താവിന്റെ കൂടി പേര്‍ക്ക് വാങ്ങിയതിനാല്‍ സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നതിനെ തുടര്‍ന്ന് വാടക വീട്ടില്‍ അഭയം തേടിയ അമ്മയും മക്കളും നല്‍കിയ കേസ് പരിഗണിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ. സ്ത്രീകള്‍ക്ക് അവരുടെ രക്ഷിതാക്കള്‍ നല്‍കുന്ന സ്വത്ത് അവള്‍ക്ക് മാത്രം അവകാശപ്പെടതായിരിക്കണമെന്നും ഇക്കാര്യത്തില്‍ മാതാ-പിതാക്കളും യുവതികളും ശ്രദ്ധിക്കണമെന്നും വനിതാകമ്മീഷന്‍ അധ്യക്ഷ നിര്‍ദ്ദേശിച്ചു.