15 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 8, 2024
September 5, 2024
August 19, 2024
August 18, 2024
July 3, 2024
May 28, 2024
April 29, 2024
April 21, 2024
February 11, 2024
February 10, 2024

വനിതാ ഡോക്ടറുടെ ബ ലാത്സംഗക്കൊ ല; നീതി തേടി രാജ്യം

Janayugom Webdesk
ന്യൂഡൽഹി
August 18, 2024 10:40 pm

കൊൽക്കത്തയിലെ സർക്കാർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നതില്‍ നീതി തേടി രാജ്യത്താകമാനം ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം കത്തുന്നു. ഇന്ന് വിവിധ ഭാഗങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. 

സമരം തുടരുന്ന പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളും രണ്ടു മണിക്കൂർ ഇടവിട്ട് ക്രമസമാധാന നില സംബന്ധിച്ച റിപ്പോർട്ടുകൾ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. വിവരങ്ങള്‍ കൈമാറാനായി പ്രത്യേക ഇ മെയിൽ ഐഡിയും ഫാക്സ്, വാട്‌സ്ആപ്പ് നമ്പരുകളും ആഭ്യന്തര മന്ത്രാലയം സംസ്ഥാന പൊലീസ് സേനകള്‍ക്ക് നൽകി. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആഗസ്റ്റ് 20ന് പരിഗണിക്കും. സംഘര്‍ഷസാധ്യതാ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത ആര്‍ജി കര്‍ ആശുപത്രി പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ആശുപത്രി പരിസരത്ത് സമരമോ ധര്‍ണയോ പാടില്ലെന്ന് കൊല്‍ക്കത്ത പൊലീസ് ഉത്തരവിട്ടു. ആശുപത്രി പ്രക്ഷോഭ കേന്ദ്രമായി മാറിയ സാഹചര്യത്തില്‍ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ.

ഓഗസ്റ്റ് ഒമ്പതിനാണ് കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിക്കിടെ പിജി ഡോക്‌ടർ ക്രൂരമായി കൊല്ലപ്പെടുന്നത്. തൊട്ടടുത്ത ദിവസം കൊൽക്കത്ത പൊലീസിലെ ഒരു സിവിക് വോളണ്ടിയർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൽക്കട്ട ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസില്‍ സിബിഐ ആണ് അന്വേഷണം നടത്തുന്നത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംരക്ഷണത്തിന് കേന്ദ്ര നിയമം നടപ്പാക്കണമെന്നും ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നുമാണ് സമരരംഗത്തുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രധാന ആവശ്യങ്ങൾ. ആശുപത്രികളിൽ വിമാനത്താവളത്തിന് സമാനമായ സുരക്ഷ പ്രോട്ടോക്കോൾ വേണമെന്ന് പ്രധാനമന്ത്രിക്ക് ഐഎംഎ കത്ത് നൽകിയിരുന്നു. ഡോക്ടർമാർ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്രം സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.

ആര്‍ജി കര്‍ മെഡിക്കൽ കോളജിന് മുന്നിൽ ജൂനിയർ ഡോക്ടർമാർ ഇന്നലെയും ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധ മാർച്ച് നടത്തി. ഡൽഹിയിൽ ഡോക്ടർമാര്‍ മനുഷ്യചങ്ങല തീര്‍ത്തു. വിവിധ ആശുപത്രികളിലെ റസിഡന്റ് ഡോക്ടർമാർ കൊണാട്ട് പ്ലേസിൽ പ്രതിഷേധ മാർച്ച് നടത്തി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിന് പുറത്ത് മോഹന്‍ ബഗാന്‍— ഈസ്റ്റ് ബഗാന്‍ ആരാധകര്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിരോധനാജ്ഞ ലംഘിച്ചെത്തിയ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും ലാത്തി വിശി. ഏതാനും പേരെ കസ്റ്റഡിയിലെടുത്തു.
ബംഗാളിന് പുറമെ വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങൾ വരെ സമര രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.