കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു

Web Desk
Posted on November 01, 2018, 8:26 pm

നെടുങ്കണ്ടം: കൂട്ടുകാര്‍ക്കൊപ്പം വീടിന് സമീപമുള്ള പെരിയാര്‍ വാലി പുഴയില്‍ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു. ചേലച്ചുവട് എസ്എസ്ബി സൗണ്ട്‌സ് ഉടമ ആറമ്പന്‍കുടി സണ്ണിയുടെ മകള്‍ ബിന്‍സി (22) ആണ് മരിച്ചത്. വയനാട് സ്വദേശിയായ അനൂപാണ് ബിന്‍സിയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു വയസുള്ള കുട്ടിയുണ്ട്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ബിന്‍സി സഹപ്രവര്‍ത്തകരോടൊത്ത് ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിനിടെ ചേലച്ചുവട്ടിലെ സ്വന്തം വീട്ടില്‍  എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ രണ്ട് യുവതികളും പുഴയിലെ കയത്തില്‍ പെട്ടിരുന്നു. ഇവരെ ഓടികൂടിയ നാട്ടുകാര്‍ രക്ഷപെടുത്തിയെങ്കിലും ബിന്‍സിയെ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ബിന്‍സിയുടെ മൃതദേഹം കരക്കെടുത്തത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ മ്യതദേഹം സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലേയ്ക്ക് കൊണ്ടുപോകും.