March 27, 2023 Monday

സ്ത്രീശാക്തീകരണം; എൽഡിഎഫ് സർക്കാർ വനിതാക്ഷേമത്തിന് നടപ്പാക്കിയത് നിരവധി പദ്ധതികൾ

സബിന പത്മൻ
കണ്ണൂര്‍
March 8, 2020 8:59 am

സ്ത്രീശാക്തീകരണം എന്നത് എൽഡിഎഫ് സർക്കാരിന് വെറുമൊരു വാക്കല്ല. വനിതാ ശാക്തീകരണത്തിലൂടെ സാമൂഹ്യതുല്യതയും സാമ്പത്തിക ഭദ്രതയും കൈവരിക്കുന്നതിനായി നിരവധി പദ്ധതികളാണ് വനിത ശിശുവികസന വകുപ്പിന് കീഴിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്. അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസ സഹായം നൽകുന്ന അഭയകിരണം, 55 വയസ്സിന് താഴെ പ്രായമുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ വിധവകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ധനസഹായം നൽകുന്ന സഹായഹസ്തം, മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ള വനിതകൾ, ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ് കോളജുകളിൽ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്ക് പഠനത്തിന് ധനസഹായം നൽകുന്ന പടവുകൾ, കുടുംബനാഥൻ രോഗിയായി കിടപ്പിലാക്കുകയോ മരിക്കുകയോ ചെയ്യുന്ന കുടുംബങ്ങൾക്ക് പരമാവധി അമ്പതിനായിരം രൂപവരെ സഹായം നൽകുന്ന അതിജീവിക പദ്ധതി, സ്ത്രീശാക്തീകരണത്തിനുള്ള ബോധവൽക്കരണ പരിപാടി- സധൈര്യം മുന്നോട്ട് എന്നിവയെല്ലാം എൽഡിഎഫ് സർക്കാർ നടപ്പിലാക്കി.

സംസ്ഥാനത്ത് കഴിഞ്ഞ ഡിസംബറിൽ 250 ഓളം സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ക്രീകളാണ് സധൈര്യം മുന്നോട്ട് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച രാത്രി യാത്രയിൽ ഭാഗമായത്. ഇതുകൂടാതെ സ്ത്രീകളിലെയും കുട്ടികളിലെയും പോഷണമില്ലായ്മ ഇല്ലാതാക്കുന്നതിനുള്ള സമ്പുഷ്ട കേരളം പദ്ധതി, പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതികളും നല്ല രീതിയിൽ നടപ്പിലാക്കിവരുന്നുണ്ട്. ആദിവാസി വനിതകളുടെ സമഗ്ര ശാക്തീകരണം ലക്ഷ്യമിട്ടുകൊണ്ടാണ് കോഴിക്കോട് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നാല് ആദിവാസി ഊരുകളിൽ നടപ്പാക്കിയ വനമിത്ര പദ്ധതി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കൈത്താങ്ങ് കർമ സേനയും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. ഓരോ വാർഡിലെയും ശിഥില കുടുംബങ്ങൾ, പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള കുടുംബങ്ങൾ, മദ്യപാനം/മയക്കുമരരുന്ന് എന്നിവയുടെ ഉപയോഗമുള്ള കുടുംബങ്ങൾ എന്നിവ കണ്ടെത്തുകയും ഈ കുടുംബങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യുകയെന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.

ഈ വർഷവും പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ട്. അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിൽ സാധ്യത, സംരഭകശേഷി, വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിനായി വനിതാ വികസന കോർപ്പറേഷൻ വനിതാ സംരഭകർക്കായുള്ള സംരംഭകത്വ വികസനപരിപാടികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. കൂടാതെ ഒറ്റക്ക് യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്കും ജോലി സംബന്ധമായും അല്ലാതെയും നഗരങ്ങളിൽ താമസിക്കേണ്ടവരുന്ന സ്ത്രീകൾക്കും രാത്രിയിൽ സുരക്ഷിതതാമസൗകര്യം ഒരുക്കുന്നതിനായി എന്റെ കൂട് പദ്ധതിയും നടപ്പിലാക്കി വരുന്നു. തിരുവനന്തപുരത്ത് തമ്പാനൂർ കെഎസ്ആർടിസി ടെർമിനൽ സ്റ്റേഷൻ കെട്ടിടസമുച്ചയത്തിലെ എട്ടാം നിലയിൽ ഏകദിന വസതി എന്ന സൗകര്യവും ഒരുക്കുന്നുണ്ട്. വനിതകൾക്ക് സംസ്ഥാന വ്യാപകമായി ഹ്രസ്വകാല താമസസൗകര്യം ഒരുക്കുന്ന സേഫ് സ്റ്റേ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭഘട്ടപ്രവർത്തനങ്ങളിലാണ് നിലവിൽ വനിത വികസന കോർപ്പറേഷൻ. ഒറ്റക്ക് യാത്ര ചെയ്യുന്ന വനിതകൾക്ക് സുരക്ഷിതവും വൃത്തിയുള്ളതും മിതമായനിരക്കിലും താമസസൗകര്യം(ഹോസ്റ്റലുകൾ/ഹോട്ടലുകൾ)എന്നിവ ഉറപ്പാക്കാനുള്ള ഉദ്ദേശത്തിന്റെ ഭാഗമായാണ് കോർപ്പറേഷൻ സേഫ് സ്റ്റേ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഹോസ്റ്റൽ സൗകര്യം, യാത്രക്കിടെ തങ്ങാനുള്ള രീതിയിൽ ലോഡ്ജിങ്ങ് സൗകര്യം.

ഹോസ്റ്റൽ അന്തേവാസികളായ സ്ത്രീകളുടെ കുഞ്ഞുങ്ങൾക്ക് ക്രെഷ് സൗകര്യം, ഒറ്റപ്പെട്ടുപോയതോ/ഉപേക്ഷിക്കപ്പെട്ടതോ ആയ സ്ത്രീകളെ താത്കാലികമായി താമസിപ്പിക്കുവാനുള്ള ഷോർട്ട് സ്റ്റേ സൗകര്യം എന്നിവ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന വനിതാമിത്ര പദ്ധതിയും നടപ്പിലാക്കിവരുന്നു. ആദ്യ വനിതാമിത്ര കേന്ദ്രം മലപ്പുറം പെരിന്തൽമണ്ണ നഗരസഭയിൽ നിർമാണം പുരോഗമിച്ച് വരികയാണ്. ഇത് ഈ വർഷം തന്നെ തുറന്ന് പ്രവർത്തിക്കും. വരും ദിനങ്ങളിൽ മറ്റ് ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കും.

Eng­lish Sum­ma­ry; Women Empow­er­ment; LDF gov­ern­ment has imple­ment­ed many projects

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.