പ്രസവശേഷം കുഞ്ഞിനെ കണ്ട് ഞെട്ടി ഡോക്ടർമാരും ദമ്പതികളും; കുഞ്ഞിനെ കാണാൻ എത്തുന്ന ജനക്കൂട്ടത്തെ തടയേണ്ട അവസ്ഥയിൽ ജീവനക്കാർ

Web Desk
Posted on November 25, 2019, 10:33 am

ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്പതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച്‌ കുഞ്ഞ്. ഭോപ്പാലിലെ വിദിഷ പട്ടണത്തിലുള്ള സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. വിദിഷ ജില്ലയിലെ മാലാ ഗ്രാമത്തിലെ യുവതിയ്ക്ക് നടത്തിയ സോണോഗ്രാഫി പരിശോധനയില്‍ ഇവര്‍ക്ക് ഇരട്ടകുട്ടികളാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇരട്ടക്കുട്ടികളെ കാത്തിരുന്ന യുവതിക്ക് പിറന്ന കുഞ്ഞിന് ഒരു ശരീരവും രണ്ട് തലകളും മൂന്ന് കൈകളുമാണ് ഉണ്ടായിരുന്നത്. ഓപ്പറേഷനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തതെന്ന് ജില്ലാ ആശുപത്രി സിവില്‍ സര്‍ജന്‍ ഡോ സഞ്ജയ് ഖരെ പറഞ്ഞു. വാര്‍ത്ത പരന്നതോടെ കുഞ്ഞിനെ കാണാന്‍ എത്തുന്ന ജനക്കൂട്ടത്തെയും തടയേണ്ട അവസ്ഥയിലായെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയിലെ പ്രത്യേക നവജാതശിശു പരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ച കുഞ്ഞ് നിരീക്ഷണത്തിലാണ്. ഇരട്ടകളെ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തരത്തില്‍ കൂടിച്ചേര്‍ന്ന് ഇരിക്കുമെന്ന് കരുതിയില്ലെന്ന് ഡോ. പ്രതിഭ ഓസ്വാള്‍ പറഞ്ഞു. അടിയന്തര സര്‍ജറിയാണ് നടത്തിയത്.

image; ANI

യുവതിയുടെ ആദ്യപ്രസവം ആയിരുന്നു ഇത്. ഓപ്പറേഷന് ശേഷം കുടുംബം ഞെട്ടലില്‍ ആയതിനാല്‍ അമ്മയോട് വിവരം അറിയിച്ചില്ല, ഓസ്വാള്‍ വ്യക്തമാക്കി.

കുട്ടിയെ പരിചരിച്ച്‌ വരികയാണെന്ന് ആശുപത്രി ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് സുരേന്ദ്ര സോങ്കര്‍ പറഞ്ഞു. ഭോപ്പാലിലെയും, ഡല്‍ഹിയിലെയും വിദഗ്ധ ഡോക്ടര്‍മാരുമായി സംസാരിക്കുന്നുണ്ട്. ഇത്തരം കുട്ടികളില്‍ നേരത്തെ ഓപ്പറേഷന്‍ നടത്തിയ അനുഭവപരിചയമുള്ളവരാണ് ഇവര്‍ എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.