സൈന്യത്തിൽ ലിംഗസമത്വം നടപ്പിൽ വരുത്തുന്നതിനെതിരെയുള്ള കേന്ദ്ര സർക്കാർ നിലപാട് തള്ളി വനിതാ ഓഫീസര്‍മാര്‍ക്ക് കമാന്റ് നിയമനം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സൈനീകര്‍ക്കിടയില്‍ സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന ലിംഗവിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള സുപ്രധാനവിധിയാണ് ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചത്. കരസേനയിലെ വനിതാ ഓഫീസര്‍മാര്‍ക്ക് പുരുഷന്മാരായ ഓഫീസര്‍മാര്‍ക്ക് ബാധകമായ എല്ലാ ആനുകൂല്യങ്ങളും സുപ്രീം കോടതി വിധിയിലൂടെ ലഭിക്കും. പെന്ഷന്, പ്രമോഷന്, മറ്റ് ആനുകൂല്യങ്ങള്‍ റാങ്കുകള്‍ തുടങ്ങി എല്ലാകാര്യത്തിലും തുല്യതയാണ് വിധി ഉറപ്പു വരുത്തുന്നത്. സൈന്യത്തിനിടയില്‍ നിലനില്‍ക്കുന്ന ലിംഗവിവേചനത്തിന് അവസാനവും ലിംഗസമത്വവുമാണ് ചരിത്രവിധിയിലൂടെ കൈവരുന്നത്. ഇത് സംബന്ധിച്ച ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിര്‍ണ്ണായകമായ വിധി പുറപ്പെടുവിച്ചത്. നിലവില്‍ സ്ത്രീ ഓഫീസര്‍മാരെ ഷോര്‍ട്ട് സര്‍വ്വീസ് കമ്മിഷന് വ്യവസ്ഥ പ്രകാരമാണ് സേനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
സുപ്രീം കോടതി വിധിയോടെ ഇനി സ്ഥിരം കമ്മിഷന് വ്യവസ്ഥകള്‍ വനിതാ ഓഫീസര്‍മാര്‍ക്കും ബാധകമാകും. സ്ത്രീ ഓഫീസര്‍മാര്‍ക്ക് ആദ്യം അഞ്ചു വര്‍ഷത്തെ ഷോര്‍ട്ട് സര്‍വ്വീസാണ് അനുവദിച്ചിരുന്നത്. പിന്നീടത് പതിനാലു വര്‍ഷം വരെയും തുടര്‍ന്നും നീട്ടി. എന്നാല്‍ അവര്‍ക്ക് റാങ്കിലും സര്‍വ്വീസിലും മറ്റും പുരുഷന്മാര്ക്ക് കിട്ടിയിരുന്ന ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതിനെതിരെ അഭിഭാഷകയായ ബബിതാ പുനിയയാണ് പൊതു താല്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആര്‍മിയിലെ ആകെയുള്ള പത്ത് വിഭാഗങ്ങളില്‍, ആര്‍മി എജ്യൂക്കേഷന്‍ കോര്‍, ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നീ രണ്ടു വിഭാഗങ്ങളില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് പെര്‍മനന്റ് കമ്മീഷന് 2008ല്‍ നല്‍കിയത്. ബാക്കിയുള്ള എട്ടു വിഭാഗങ്ങളില്‍നിന്നും സ്ത്രീകളെ പെര്‍മനന്റ് കമ്മിഷനില്‍നിന്നും ഒഴിവാക്കി നിര്‍ത്തിയിരിക്കുകയായിരുന്നു. ആര്‍മി പോസ്റ്റല്‍ സര്‍വ്വീസ്, ആര്‍മി ഓര്‍ഡിനന്‍സ് കോര്‍, ആര്‍മി സര്‍വ്വീസ് കോര്‍, സിഗ്നല്‍സ്, ഇന്റലിജന്‍സ് കോര്‍, എഞ്ചിനിയര്‍ കോര്‍, ആര്‍ട്ടിലറി റജിമെന്റ്, ഇലക്ട്രിക്കല്‍ ആന്റ് മെക്കാനിക്കല്‍ എൻജിനീയറിങ് കോര്‍ എന്നിവയാണ് ആര്‍മിയിലെ ബാക്കിയുള്ള വിവിധ വിഭാഗങ്ങള്‍.
കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കും പെര്‍മനന്റ് കമ്മിഷന് അനുവദിക്കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും അത് പതിനാലു വര്‍ഷത്തില്‍ താഴെ സര്‍വ്വീസ് കാലാവധിയുള്ളവര്‍ക്കു മാത്രമാകും എന്ന നിബന്ധനയും മുന്നോട്ടുവച്ചു. പ്രായമായ സ്ത്രീകളിലെ ആരോഗ്യ പരിമിതികളാണ് ഇതിനു കാരണമായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദത്തോടു യോജിക്കാന്‍ കോടതി തയ്യാറായില്ല. അതേസമയം വനിതാ കമാന്റിന്റെ ഉത്തരവുകള്‍ അംഗീകരിക്കാന്‍ പുരുഷന്മാര് തയ്യാറാകില്ലെന്നും അവര്‍ക്ക് സാമൂഹ്യപരമായി കുടുംബത്തിൽ ഉത്തരവാദിത്വം കൂടുതലുണ്ടെന്നും മറ്റുമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളി. വനിതാ ഷോര്‍ട്ട് സര്‍വ്വീസ് ഓഫീസര്‍മാര്‍ക്ക് സ്ഥിരം സര്‍വ്വീസിനു അര്‍ഹതയുണ്ടെന്നു ഹൈക്കോടതി 2010ല്‍ ഉത്തരവു പുറപ്പെടുവിച്ചിരുന്നു.
ഇത് ചോദ്യം ചെയ്താണ് കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചത്. ശാരീരികമായ പരിമിതികളും സാമൂഹ്യ ചുറ്റുപാടുകളും പരിഗണിക്കുമ്പോൾ സ്ത്രീകൾക്ക് തുല്യപദവി നല്‍കുക പ്രയാസകരമാണെന്നായിരുന്നു കേസിൽ കേന്ദ്രം നല്കിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ വാദം കേട്ട സുപ്രീം കോടതി ഹൈക്കോടതി ഉത്തരവു ശരിവയ്ക്കുകയും സ്ത്രീകള്‍ക്ക് സ്ഥിരം നിയമനം നല്‍കാത്ത സര്‍ക്കാര്‍ നടപടി ആര്‍ട്ടിക്കിള്‍ 14, 16 എന്നിവയുടെ തത്വങ്ങള്‍ക്ക് ലംഘനവും പൊതുസേവനത്തിലെ തുല്യാവസര നിഷേധവും വിവേചനവുമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എല്ലാ ഓഫീസര്‍മാരെയും സ്ഥിരം കമ്മിഷനു പരിഗണിക്കണമെന്നും പ്രായപരിധി ബാധകമാക്കരുതെന്നും കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഹൈക്കോടതി വിധിക്കു സ്റ്റേ ഇല്ലാതിരുന്നിട്ടും വിധി നടപ്പാക്കാതിരുന്നതിനോടു വിയോജിച്ച ബെഞ്ച് വിധി മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചു.
English Summary: Women in armed force should consider granting permanent commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.