4 December 2024, Wednesday
KSFE Galaxy Chits Banner 2

കർഷക സമരത്തിലെ സ്ത്രീജ്വാലകൾ

എം കെ നാരായണമൂര്‍ത്തി
December 21, 2021 7:30 am

ലോക സമര ചരിത്രങ്ങളിലിടം നേടി കർഷക സമരം അവസാനിച്ചു. ഉന്നയിച്ച എല്ലാ ആവശ്യങ്ങളും നേടിയെടുത്തതിന്റെ ആഹ്ലാദത്തിൽ കർഷകർ അവരവരുടെ കൃഷിയിടങ്ങളിലേക്ക് മടങ്ങി. പല കാര്യങ്ങൾ കൊണ്ടും വിഭിന്നമാകുമ്പോൾ ഈ സമരത്തിൽ സ്ത്രീകൾ വഹിച്ച പങ്കിനെപ്പറ്റിയും അതിന്റെ വർഗപരമായ വിശകലനത്തിനുമാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. ജാതി-മത‑ലിംഗ വ്യത്യാസങ്ങൾക്കപ്പുറം അതിജീവനത്തിനായുള്ള പോരാട്ടമായി മാറിയ കർഷക സമരത്തിന്റെ മുന്നണിയിൽ മാത്രമല്ല ഗ്രാമഗ്രാമാന്തരങ്ങളിൽ നടന്ന തയാറെടുപ്പുകളിലും സാധാരണ വീട്ടമ്മമാരായി ജീവിച്ചിരുന്ന സ്ത്രീകൾ വഹിച്ച പങ്ക് നിസ്തുലമാണ്. കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന പ്രധാന ആവശ്യത്തോടൊപ്പം കാർഷിക കടങ്ങൾ, മൈക്രോ ഫിനാൻസ്, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ തുടങ്ങി ഒരു ജനാധിപത്യ സംവിധാനത്തിൽ സ്ത്രീകൾ ഏതു വിധത്തിലാണ് സമൂഹത്തിലിടപെടേണ്ടത് എന്നത് വരെയുള്ള വിവിധ വിഷയങ്ങളെ ചർച്ചയ്ക്ക് കൊണ്ടുവരാൻ ഈ സമരത്തിൽ നേരിട്ടും അല്ലാതെയും പങ്കെടുത്ത സ്ത്രീകൾക്ക് കഴിഞ്ഞു. തങ്ങളുടെ ജീവനും സ്വത്തും വമ്പൻ കോർപറേറ്റുകൾക്ക് അടിയറവയ്ക്കാനുള്ള മോഡിസർക്കാരിന്റെ തീരുമാനം ഓരോ കുടുംബങ്ങളേയും എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്ന് അവർ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ ലിംഗവ്യത്യാസമില്ലാതെ, വർഗ ബോധത്തോടെയാണ് മുന്നോട്ട് പോകേണ്ടതെന്ന് ഈ സ്ത്രീ സമൂഹം വേഗത്തിൽ തിരിച്ചറിഞ്ഞു. ആധുനിക വിവക്ഷകൾ അനുസരിച്ച് ഈ സ്ത്രീകൾ നിരക്ഷരരാണ്. പക്ഷേ ജീവിതം വഴിമുട്ടുന്ന അവസ്ഥയിൽ അവർ ആശയ സാക്ഷരത നേടി. ആ ആശയ സാക്ഷരതയാണ് അവരെ സിംഘുവിലേക്കും ടിക്രിയിലേക്കും ഗാസിപുരിലേക്കും ഷാജഹാൻപുരിലേക്കും പാൽവാലിലേക്കും എത്തിച്ചത്. തങ്ങളുടെ ഗ്രാമങ്ങളുടെ അതിർത്തിക്കപ്പുറം കണ്ടിട്ടില്ലാത്തവരായിരുന്നു ഭൂരിപക്ഷവും. ഈ സമരരംഗത്തേക്ക് ഇറങ്ങുമ്പോൾ ജനാധിപത്യത്തെക്കുറിച്ചുള്ള സ്റ്റഡിക്ലാസുകളിലും അവർ പങ്കെടുത്തിരുന്നില്ല. പക്ഷേ ഒന്നവരെ പഠിപ്പിക്കാൻ നേതൃനിരയിലുണ്ടായിരുന്നവർക്ക് കഴിഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ എന്താണെന്ന് പഞ്ചാബി ഭാഷയിലും ഹരിയാൻവി ഭാഷയിലും ഹിന്ദിയിലും തയാറാക്കിയ കുറിപ്പുകൾ ആയിരക്കണക്കിന് ഗ്രാമങ്ങളിലെ ഗ്രാമസഭകളിലൂടെ ഈ സ്ത്രീകളിലെത്തിക്കുകയും അവരെ വായിച്ചു കേൾപ്പിക്കുകയും ചെയ്തു. അതിന്മേൽ നിരന്തരമായ ചർച്ചകൾ നടന്നു. ആ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ വർഗ്ഗബോധമാണ് ഈ സ്ത്രീകളെ ആശയസാക്ഷരരാക്കിയത്. പിന്നെ അവർ അടുക്കളയിൽ നിന്ന് നടന്നത് പോരാട്ട മുഖത്തേക്കായിരുന്നു. സമര രംഗത്തുള്ളവർക്ക് ലംഗാറുകളിൽ ഭക്ഷണം വച്ച് നൽകാനല്ല അവർ ഡൽഹി അതിർത്തികളിലേക്ക് എത്തിയത്. അവർ വിവിധ സ്റ്റേജുകളിലെ പ്രാസംഗികരായി. ഓരോ വീടുകളിൽ നിന്നും ഒരാളെ വീതമെങ്കിലും സമരരംഗത്തേക്ക് ഉറപ്പു വരുത്താൻ ഈ സ്ത്രീകൾ വീടുവീടാന്തരം കയറിയിറങ്ങി. കോവിഡ് മഹാമാരിയെ പ്രതിരോധിച്ചു കൊണ്ട് സമരമുഖത്തേക്ക് എങ്ങനെയെത്തണമെന്ന് മറ്റുള്ളവരെ പഠിപ്പിച്ചു. രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള നേതാക്കൾ ഈ സ്ത്രീകളുടെ ആർജവത്തെ വളരെ ബഹുമാനത്തോടെയാണ് നോക്കി ക്കണ്ടത്. ഖാപ്പ് പഞ്ചായത്തുകൾ ഈ സ്ത്രീ മുന്നേറ്റത്തിന് മുന്നിൽ അമ്പരന്നുനിന്നു. ഏറ്റവുമധികം സ്ത്രീകളെ സമരമുഖത്തെത്തിച്ചത് ഭാരതീയ കിസാൻ യൂണിയൻ (ഏകതാ-ഉഗ്രഹാൻ) എന്ന സംഘടനയാണ്. കാർഷിക സബ്സിഡി വെട്ടിക്കുറയ്ക്കുന്ന ഡങ്കൽ ഡ്രാഫ്റ്റ് വന്നപ്പോൾ അതിനെതിരെ രൂക്ഷമായ സമരം നടത്തിയ സംഘടനയാണിത്. പൗരത്വ വിരുദ്ധ സമരത്തിലുമൊക്കെ ഈ സംഘടന നേതൃപരമായ പങ്കാണ് വഹിച്ചത്. പഞ്ചാബിലെ 600 ഗ്രാമങ്ങളിൽ നിന്നായി 26,000 സ്ത്രീകളെയാണ് ഈ സംഘടന സമരമുഖത്തെത്തിച്ചത്.


ഇതുകൂടി വായിക്കാം; കർഷക സമരം നല്‍കുന്ന പാഠങ്ങൾ


സമരഭൂമിയിലേക്ക് ആവശ്യമായ കമ്പിളികൾ മുതൽ ഭക്ഷ്യധാന്യങ്ങൾ വരെ എല്ലാ അവശ്യ സാധനങ്ങളും വിവിധ സംഘടനകളിൽപ്പെട്ട സ്ത്രീകളായിരുന്നു എത്തിച്ചിരുന്നത്. പുരുഷന്മാരിൽ നിന്ന് ഈ ഉത്തരവാദിത്തം അവർ ചോദിച്ച് വാങ്ങുകയായിരുന്നു. പഞ്ചാബിലെയും ഹരിയാനയിലെയും ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നുപോലും സാധന സാമഗ്രികൾ ശേഖരിക്കുകയും അത് ട്രാക്ടറുകളിൽ നിറച്ച് ഡൽഹി അതിർത്തികളിലേക്ക് എത്തിക്കുകയും ചെയ്തത് ഈ കർഷക സ്ത്രീകൾ നേരിട്ടായിരുന്നു. സംയുക്ത കിസാൻ മോർച്ചയുടെ നേതാക്കൾ നൽകുന്ന നിർദേശങ്ങൾ താഴെത്തട്ടിൽ വരെ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തവും ഇവർ ഏറ്റെടുത്തു. തങ്ങൾ ചെയ്യുന്നത് കേവലം നരേന്ദ്ര മോഡിക്കെതിരായ സമരമല്ലെന്നും സാമ്രാജ്യത്വ നയങ്ങൾക്കെതിരായ സമരമാണെന്നും ഈ സ്ത്രീകൾ തിരിച്ചറിഞ്ഞു എന്നാണ് പഞ്ചാബ് കിസാൻ യൂണിയന്റെ സംസ്ഥാന കമ്മിറ്റി മെമ്പർ ജസ്ബീർ കൗർ പറഞ്ഞത്. ഈ സമരത്തിൽ പങ്കെടുത്തില്ലെങ്കിൽ ജീവിച്ചിരിക്കുന്നതിന് അർത്ഥമില്ലെന്ന തരത്തിലുള്ള ഒരു മുദ്രാവാക്യം തന്നെ സ്ത്രീകൾ മെനയുകയുണ്ടായി. ആദ്യ സമയത്ത് സമരക്കാരെ നേരിടാൻ ഹരിയാന‑ഡൽഹി പൊലീസുകൾ ലാത്തിച്ചാർജ‌ും ജലപീരങ്കിയുമൊക്കെ പ്രയോഗിക്കാൻ തുടങ്ങിയപ്പോൾ സമരമുഖത്തെ പുരുഷന്മാർക്ക് പരിക്കേൽക്കാതെ അവരുടെ മുന്നിൽ കയറി നിന്ന് പൊലീസിനെ നേരിട്ടതും സ്ത്രീകളായിരുന്നു. തന്ത്രപരമായ ഒരു തീരുമാനമായിരുന്നു അത്. 2021 ജനുവരിയിൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ സ്ത്രീകളോട് വീടുകളിലേക്ക് മടങ്ങാൻ നിർദേശിച്ചപ്പോൾ തികഞ്ഞ അവജ്ഞയോടെയാണ് ഈ സ്ത്രീകൾ അതിനെ തള്ളിക്കളഞ്ഞത്. പഞ്ചാബിൽ നിന്നുള്ള സ്ത്രീകൾ സ്വാതന്ത്ര്യ സമരകാലത്തിന് മുമ്പുതന്നെ പൊതു സമൂഹത്തിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിൽ പിന്നിലായിരുന്നില്ല. പക്ഷേ ഹരിയാനയിൽ സ്ഥിതി അതല്ല. അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സമീപനമുള്ള സംസ്ഥാനമാണ് ഹരിയാന. എല്ലാ അവകാശങ്ങളും പുരുഷ കേന്ദ്രിതമായ, ജാതീയമായ വേർതിരിവുകൾ ധാരാളമുള്ള ഹരിയാനയിൽ നിന്നുള്ള സ്ത്രീ പങ്കാളിത്തം എല്ലാ യൂണിയനുകളേയും അത്ഭുതപ്പെടുത്തി. എൻഡിടിവി അഭിമുഖത്തിൽ രാകേഷ് ടിക്കായത്ത് തുറന്നു പറയുകയും ചെയ്തു. ഹരിയാനയിലെ കർഷക സ്ത്രീകൾ രണ്ടു തരത്തിലാണ് ഈ സമരത്തിൽ പങ്കാളികളായത്. അവരവരുടെ ഗ്രാമങ്ങളിലെ പുരുഷന്മാർ ചെയ്തിരുന്ന കൃഷി സംബന്ധമായ തൊഴിലുകൾ അവരേറ്റെടുക്കുകയും പുരുഷന്മാരോട് ഡൽഹി അതിർത്തികളിലേക്ക് പോകാൻ പറയുകയും ചെയ്തു. വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ഡൽഹി അതിർ ത്തികളിലേക്ക് വരികയും അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പഠിക്കാൻ സഹായിക്കുകയും ഡൽഹിയിലെ ഹരിയാന കുടുംബങ്ങളെ കണ്ടുപിടിച്ച് സമരക്കാർക്ക് സഹായമെത്തിക്കുകയും ചെയ്തു. ഈ സമരകാലം മുഴുവൻ തന്റെ പ്രായത്തേയും ആരോഗ്യത്തെയും അവഗണിച്ച് സമരത്തോടൊപ്പം ഉണ്ടായിരുന്ന ആളാണ് ഭഗത് സിങ്ങിന്റെ അനന്തരവൾ ഗുർജിത് കൗർ. ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത അവർ ഇവിടെയെത്തിയ സ്ത്രീകളുടെ ആവേശ കേന്ദ്രമായിരുന്നു. സമരത്തിന്റെ ഭാഗമായി നടന്ന വിവിധ പരിപാടികളിൽ പങ്കെടുത്തുകൊണ്ട് അവർ ഒരു അഗ്നിനക്ഷത്രമായി മാറി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത് ഇങ്ങനെയാണ്. “ഇവിടെ വന്ന സ്ത്രീകൾ നിരക്ഷരരായിരിക്കാം. പക്ഷേ അവർ ജനാധിപത്യം എന്താണെന്ന് നമുക്ക് കാട്ടിത്തന്നു. വർധിത ധൈര്യത്തോടെയും ആത്മാർപ്പണത്തോടെയും പക്വതയോടെയും വിപ്ലവമെന്താണെന്ന് കാട്ടി അവർ മാതൃകയായി. അവരുടെ അവകാശങ്ങൾ എന്താണെന്ന് അവർ മനസിലാക്കുകയും അതിനായി പോരാടുകയും ചെയ്തു. അവരുടെ ഗ്രാമങ്ങളിൽ ചെന്ന് സംസാരിക്കണമെന്ന് അവർ ഞങ്ങളോട് ആവശ്യപ്പെട്ടു. അവർ അവരുടെ മുഖാവരണങ്ങൾ മാറ്റി കാര്യങ്ങൾ പഠിക്കാൻ തുടങ്ങിയിരിക്കുന്നു.” അതേ, ഒരു വർഷം നീണ്ട ഈ കർഷക സമരം ജനാധിപത്യത്തിന് നേരെയുള്ള മുഖം മൂടികളെ ചീന്തിയെറിഞ്ഞിരിക്കുന്നു. പുതിയ ചിന്തകളും പുതിയ രീതികളും സൃഷ്ടിച്ചുകൊണ്ട് ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്തിയാണ് കർഷകർ തിരികെ കൃഷിയിടങ്ങളുടെ ഊർവരതയിലേക്ക് മടങ്ങിയിരിക്കുന്നത്.

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.