മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുന്ന ഇന്ത്യന്‍ സ്ത്രീത്വം

Web Desk
Posted on January 14, 2020, 1:10 am

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അഭൂതപൂര്‍വമായ രാഷ്ട്രീയ ഉണര്‍വിന്റെയും ചെറുത്തുനില്പിന്റെയും തളരാത്ത സമരവീര്യത്തിന്റെയും ഒരു മാസക്കാലമാണ് പിന്നിടുന്നത്. പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസംഖ്യാ രജിസ്റ്റര്‍ എന്നിവയുടെ പേരില്‍ ജനങ്ങളെ വിഭജിക്കാനും ഭരണപരാജയങ്ങള്‍ മറച്ചുവയ്ക്കാനും മോഡി ഭരണകൂടം നടത്തിയ കുത്സിത നീക്കങ്ങളാണ് ദേശീയ രാഷ്ട്രീയ ആഖ്യാനത്തെ മാറ്റിമറിച്ച പ്രതിഷേധ പരമ്പരകള്‍ക്ക് നാന്ദി കുറിച്ചത്. അത്തരമൊരു രാഷ്ട്രീയമാറ്റത്തില്‍ കമ്മ്യൂണിസ്റ്റുകാരടക്കം രാജ്യത്തെ പുരോഗമന ജനാധിപത്യ മതനിരപേക്ഷ ശക്തികള്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആശയപ്രചാരണ പരിപാടികളും പ്രക്ഷോഭങ്ങളും നിര്‍ണായക പങ്ക് വഹിച്ചുപോന്നിട്ടുണ്ട്. എന്നാല്‍, പൊടുന്നനെ വിസ്ഫോടിതമായ പൗരത്വാവകാശ പ്രക്ഷോഭം നാളിതുവരെ രാഷ്ട്രീയ ജീവിതത്തിന്റെ മുഖ്യധാരയുടെ പ്രകമ്പനമേഖലകളില്‍ ഒരിക്കലും ദൃശ്യമാവാതിരുന്ന വെെവിധ്യമാര്‍ന്ന വലിയൊരു സാമൂഹ്യ രാഷ്ട്രീയശക്തിയെ ആ സമരച്ചുഴിയിലേക്ക് വലിച്ചടുപ്പിച്ചിരിക്കുന്നു.

പരമ്പരാഗത സംഘടനാ ചട്ടക്കൂടുകള്‍ക്ക് അപ്പുറത്ത് വിദ്യാര്‍ത്ഥികളെയും യുവ പ്രൊഫഷണലുകളെയും കലാ-സാഹിത്യ പ്രതിഭകളെയും ഇടത്തരക്കാരെയും വീട്ടമ്മമാരെയും ഒരുപോലെ പ്രകോപിപ്പിക്കാന്‍ പൗരത്വാവകാശ പ്രശ്നത്തിന് കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും പെെശാചികവും വര്‍ഗീയപ്രേരിതവുമായ അടിച്ചമര്‍ത്തലുകളെയും ഒറ്റപ്പെടുത്തലുകളെയും പ്രതികാര നടപടികളെയും അതിജീവിച്ചാണ് പ്രക്ഷോഭം വര്‍ധിതവീര്യത്തോടെ മുന്നേറുന്നത്. ഇന്ത്യയെപ്പോലെ ഒരു യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹത്തില്‍ മുന്‍പൊരിക്കലും കാണാത്തവിധം പെണ്‍കുട്ടികളും സ്ത്രീകളും തികഞ്ഞ സ്വാഭാവികതയോടെ ഈ പ്രക്ഷോഭത്തില്‍ കൂട്ടത്തോടെ അണിനിരക്കുന്നുവെന്ന് മാത്രമല്ല അവര്‍ ചോദ്യം ചെയ്യപ്പെടാന്‍ ആവാത്തവിധം അവയുടെ നേതൃത്വത്തില്‍ സ്വയം അവരോധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പാര്‍ലമെന്റിലും സംസ്ഥാന അസംബ്ലികളിലും സ്ത്രീസംവരണത്തിനു വേണ്ടിയുള്ള നിയമനിര്‍മ്മാണ പ്രക്രിയ മരച്ചുനില്ക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. കൂട്ടബലാല്‍സംഗങ്ങളുടെയും സ്ത്രീകള്‍ക്കെതിരായ കൊടിയ അതിക്രമങ്ങളുടെയും ലോക തലസ്ഥാനമാണ് ഇന്ത്യ. ആര്‍ത്തവം സ്ത്രീയെ അശുദ്ധയാക്കുന്നുവെന്നും ദെെവത്തിനു മുന്നില്‍ പോലും സ്ത്രീക്ക് തുല്യത അവകാശപ്പെടാനാവില്ലെന്നും നാം ശഠിക്കുന്നു. സ്ത്രീ തുല്യതയെപ്പറ്റി അത്യുന്നത നീതിപീഠത്തിനുപോലും ഭരണഘടനാധിഷ്ഠിതവും ധീരവുമായ നിലപാടെടുക്കാന്‍ കഴിയുന്നില്ല. അത്തരമൊരു സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിലാണ് സംവരണത്തിന്റെയും നിയമനിര്‍മ്മാണത്തിന്റെയും നീതിപീഠത്തിന്റെയും സര്‍വോപരി പുരുഷാധിപത്യ സമൂഹത്തിന്റെയും പിന്തുണയില്ലാതെ ഇന്ത്യന്‍ സ്ത്രീത്വം ദേശീയ ജീവിതത്തിന്റെ മുന്‍നിരയില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കുന്നത്. പൗരത്വ അവകാശ സമരത്തിന്റെ ഗതിവിഗതിയും പരിണിതഫലവും എന്തുതന്നെയായാലും യാഥാസ്ഥിതിക പുരുഷാധിപത്യ സമൂഹത്തിന്റെ ബലതന്ത്രത്തെ പിടിച്ചുലയ്ക്കുകയും കീഴ്മേല്‍ മറിക്കുകയും ചെയ്യുന്ന ഈ വിപ്ലവത്തെ ആര്‍ക്കാണ് കണ്ടില്ലെന്നു നടിക്കാനും അവഗണിക്കാനുമാവുക? ഏഴ് പതിറ്റാണ്ടിലേറെ വരുന്ന ദേശീയ സ്വാതന്ത്ര്യം ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകളില്‍ എന്തു മാറ്റമുണ്ടാക്കിയെന്ന് അറിയണമെങ്കില്‍ രാഷ്ട്രതലസ്ഥാനപ്രാന്തത്തിലെ ഷഹീന്‍ ബാഗിലേക്ക് നോക്കുക.

രാജ്യത്ത് മറ്റൊരിടത്തും കാണാത്ത, പൗരത്വാവകാശ സമരത്തിന്റെ അണയാത്ത ജ്വാലയാണ് അവിടെ ദര്‍ശിക്കാനാവുക. ആ അഗ്നിസ്ഫുലിംഗങ്ങള്‍ അണയാതെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത് ജാതിമത വിവേചനങ്ങളെ ഉല്ലംഘിക്കുന്ന അചഞ്ചലമായ സ്ത്രീശക്തിയാണ്. പൗരത്വ അവകാശ പോരാട്ടത്തിനും അപ്പുറം കഴിഞ്ഞ ഒരു മാസക്കാലത്തെ അനുഭവം രാജ്യത്തിനു നല്‍കുന്ന പാഠം ഇന്ത്യന്‍ സ്ത്രീത്വം പക്വതയും കരുത്തും കര്‍മ്മവീര്യവും ആര്‍ജിച്ചിരിക്കുന്നു എന്നുതന്നെയാണ്. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇനിമേല്‍ ഈ യാഥാര്‍ത്ഥ്യം അവഗണിക്കാനാവില്ല. അത് തിരിച്ചറിഞ്ഞ് അലങ്കാരത്തിനു പകരം സ്ത്രീകളുടെ അവകാശങ്ങള്‍ അംഗീകരിക്കാന്‍ ഇനി വെെകിക്കൂട. ഇന്ത്യന്‍ വനിതകള്‍ അവരുടെ ഭാവി ഭാഗധേയത്തിന്റെ ഉത്തരവാദിത്വം തിരിച്ചറിവോടെ അവളുടെ കെെകളില്‍ ഏന്തിയിരിക്കുന്നു. വിവേചനങ്ങള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കും നാനാതരം നീതിനിഷേധങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പാണ് അവര്‍‍ സമൂഹത്തിന് നല്‍കുന്നത്. ആ താക്കീത് അവഗണിക്കപ്പെട്ടുകൂട.