Web Desk

തൃശൂർ

December 27, 2020, 2:35 pm

ബി ഗോപാലകൃഷ്‌ണനെതിരെ വനിത നേതാവ് രംഗത്ത്

Janayugom Online

ബിജെപി വക്താവ്‌ ബി ഗോപാലകൃഷ്‌ണനെതിരെ വനിതാ നേതാവും രംഗത്ത്‌. തന്റെ കുടുംബത്തെ ബലിയാടാക്കുന്നതിനെതിരെയാണ്‌ പ്രതിഷേധം. ബിജെപി തൃശൂർ മണ്ഡലം വൈസ്‌പ്രസിഡന്റും കോർപറേഷൻ കൗൺസിലറുമായിരുന്ന ഐ ലളിതാംബികയാണ്‌ ‌ തന്റെ ഫേസ്‌ ബുക്കിലൂടെ ബി ഗോപാലകൃഷ്‌ണനെതിരെ പ്രതികരിച്ചത്‌. ബിജെപി മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ സ്ഥാനം രാജിക്കത്ത്‌ സഹിതമാണ്‌ പോസ്‌റ്റ്‌. 2015ൽ ലളിതാംബിക വിജയിച്ച കുട്ടൻകുളങ്ങര സീറ്റിൽ ഇത്തവണ ബി ഗോപാലകൃഷ്‌ണൻ ദയനീയമായി പരാജയപ്പെട്ടത്. ഇതേ തുടർന്ന്‌ ബിജെപിക്കുള്ളിൽ വലിയ തർക്കമുണ്ടാവുകയായിരുന്നു. നവമാധ്യമങ്ങളിലൂടെ ലളിതാംബികയുടെ കുടുംബത്തിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരിൽ ഗോപാലകൃഷ്‌ണനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്‌. കുടുംബ ജീവിതത്തെ ബാധിക്കുംവിധം അപവാദം പ്രചരിക്കുന്നതിനാലാണ് പ്രതികരണമെന്ന്‌ ലളിതാംബിക പറയുന്നു.

‘തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ ഞാൻ ഗോപാലകൃഷ്ണനോട് തുക ആവശ്യപ്പെട്ടതായി കള്ളം പ്രചരിപ്പിച്ചു. എന്നെയും മക്കളെയും രണ്ടാക്കാൻ ശ്രമിച്ചു. തന്റെ കുടുംബത്തിൽ നടന്ന സ്വകാര്യ പിറന്നാൾ ചടങ്ങിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ദുഷ്‌പ്രചാരണം നടത്തി. ഇതിന്റെ കൃത്യമായ തെളിവ്‌ സഹിതമാണ്‌ മരുമകൻ കേശവദാസ് പരാതി നൽകിയത്‌.
സംഘടന പറയുന്നതനുസരിച്ച് പ്രവർത്തിച്ച വ്യക്തിയാണ് ഞാൻ.

നേതൃത്വത്തെ പരസ്യമായി അധിക്ഷേപിച്ച കൗൺസിലർമാർക്ക് ഈ വർഷം സീറ്റ് നൽകി. എന്നോട് അഭിപ്രായം ചോദിച്ചപ്പോൾ പാർടി തീരുമാനിക്കുകയാണെങ്കിൽ മത്സരിക്കാമെന്ന് അറിയിച്ചിരുന്നു. പിന്നീട്‌ ചർച്ച ചെയ്യുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഡിവിഷനിലെ ഏക മണ്ഡലം ഭാരവാഹിയായ എന്റെ അഭിപ്രായം ആവശ്യമില്ലെങ്കിൽ ഭാരവാഹിയായി തുടരുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടാണ്‌ രാജിവച്ചത്.
തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന മര്യാദകൊണ്ടാണ്‌ ഇത്ര ദിവസം പ്രതികരിക്കാതിരുന്നതെന്നും അവർ പറയുന്നു.

ENGLISH SUMMARY:Women leader on the scene against B Gopalakrishnan
you may also like this video