Web Desk

 കോഴിക്കോട്

October 25, 2020, 2:15 pm

സാംസ്കാരിക അധ: പതനത്തിനും മൂല്യച്യുതിക്കും കാരണമാകും: വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് സമസ്തയും വനിതാ ലീഗും

Janayugom Online

വിവാഹപ്രായം ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഏകോപന സമിതി അംഗങ്ങളുടെയും, നിയമജ്ഞരുടെയും സംയുക്ത യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സ്വാതന്ത്ര്യ ദിന സന്ദേശത്തിലും, ഒക്ടോബർ 16ന് ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ 75ാം വാർഷികാഘോഷ പ്രസംഗത്തിലുമാണ് വിവാഹ പ്രായം ഉയർത്തുമെന്ന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര വനിതാ-ശിശുക്ഷേമ വികസന മന്ത്രാലയം ചുമതലപ്പെടുത്തിയ ജയജയ്റ്റ്ലി സമിതി റിപ്പോർട്ട് സമർപ്പിച്ചാൽ ഉടനെ തീരുമാനമുണ്ടാവുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിലൂടെ സാംസ്കാരിക അധഃപതനത്തിനും മൂല്യച്യുതിക്കും കാരണമാവും. അതിനുപുറമെ പെൺകുട്ടികളുടെ ശാരീരികമാനസിക ആവശ്യങ്ങളുടെ നിരാകരണവും മൗലികാവകാശങ്ങളുടെ ലംഘനവും കൂടിയാണിത്.

വികസിത രാഷ്ട്രങ്ങളുൾപ്പെടെ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലും പെൺകുട്ടികളുടെ വിവാഹപ്രായം 16 മുതൽ 18 വരെയാണെന്നിരിക്കെ ഇന്ത്യൻ വിവാഹ പ്രായത്തിൽ മാത്രം മാറ്റം വരുത്തുന്നത് അശാസ്ത്രീയമാണെന്ന് യോഗം വിലയിരുത്തി. വിവാഹപ്രായം ഉയർത്താനുള്ള നീക്കത്തിനെതിരെ കേന്ദ്രസർക്കാരിന് നിവേദനം നൽകാനും വിവിധ രാഷ്ട്രീയ‑മത‑സാമൂഹിക സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിവാഹ പ്രായം ഉയർത്താനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രായം ഉയർത്തുന്നത് ലിവ് — ഇൻ ബന്ധങ്ങൾ വർദ്ധിക്കുന്നതിനും വിവാഹം വഴിയല്ലാതെ കുട്ടികൾ ഉണ്ടാകുന്നതടക്കമുള്ള സാമൂഹ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വനിതാ ലീഗ് ഭാരവാഹികൾ കത്തിൽ ആവശ്യപ്പെട്ടു.