ഗര്‍ഭം അലസിപ്പിക്കല്‍ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീകളുടെ ഹര്‍ജി

ന്യൂഡല്‍ഹി: ഗര്‍ഭം അലസിപ്പിക്കല്‍ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജികളില്‍ നിലപാടറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.സുരക്ഷിതമായി ഗര്‍ഭം അലസിപ്പിക്കുന്നതിനും, പ്രത്യുല്‍പ്പാദനത്തെ കുറിച്ച് തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെയും മറ്റ് വിഷയങ്ങളെയും ഉയര്‍ത്തിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ സ്ത്രീകളെയും ബാധിക്കുന്ന വിഷയമാണിതെന്ന് ഹര്‍ജി സമര്‍പ്പിച്ച സ്ത്രീകള്‍ പറയുന്നു.ഗര്‍ഭം ധരിക്കണോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് മൗലികമായ അവകാശമുണ്ടെന്ന് ഹര്‍ജികളില്‍ വാദിക്കുന്നു. ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തെയും സ്വകാര്യതയെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും വ്യക്തിയുടെ നിശ്ചയദാര്‍ഢ്യത്തെയും ബാധിക്കുന്ന പ്രശ്നമാണെന്നും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉത്തമ വിശ്വാസത്തോടുകൂടി ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് രക്ഷിക്കുവാന്‍ വേണ്ടിയല്ലാതെ സ്വേച്ഛയാ ഗര്‍ഭം അലസിപ്പിക്കുന്ന ഒരാള്‍ക്കും മൂന്നു വര്‍ഷത്തോളം ആകാവുന്ന വെറും തടവിനോ കഠിന തടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ അയാള്‍ക്ക് പിഴ ശിക്ഷയും നല്കപ്പെടാവുന്നതാണ്.ആ സ്ത്രീ ജീവനുള്ള ഗര്‍ഭസ്ഥ ശിശുവിനോടു കൂടിയവളാണെങ്കില് തടവുശിക്ഷ ഏഴു വര്‍ഷത്തോളം ആകാവുന്നതും അതിനു പുറമെ പിഴ ശിക്ഷ കൂടി ഉണ്ടാകാവുന്നതുമാണ്. തന്റെ ഗര്‍ഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഇപ്രകാരമുള്ള ശിക്ഷയ്ക്ക് അര്ഹയായിരിക്കുന്നതാണ്. ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടുള്ളത് 321 വകുപ്പിലാണ്. ഗര്‍ഭം അലസിപ്പിക്കുന്നത് സ്ത്രീയുടെ സമ്മതം കൂടാതെയാണെങ്കില്‍ അതു ചെയ്യുന്ന ഏതൊരാളും ജീവപര്യന്തം തടവുശിക്ഷയ്ക്കോ പത്തുവര്‍ഷം വരെ വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ പിഴശിക്ഷയും ഉണ്ടാകും എന്ന് 313 വകുപ്പില്‍ പറയുന്നു.ഗര്‍ഭം അലസിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവൃത്തി ചെയ്യുന്ന ഏതൊരാളും പത്തുവര്‍ഷം വരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടുന്നവയാണ്.
പ്രസ്തുത പ്രവൃത്തി സ്ത്രീയുടെ സമ്മതം കൂടാതെയാണെങ്കിലും മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കാം. താന്‍ ചെയ്യുന്ന പ്രവൃത്തി മരണത്തിനിടയാക്കിയേക്കാമെന്ന് പ്രവൃത്തി ചെയ്യുന്ന ആളിന് അറിയില്ലെങ്കില്‍ പോലും ആ പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമായിരിക്കും. 314 വകുപ്പിലാണ് മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുള്ളത്.