Saturday
23 Feb 2019

സ്ത്രീകളുടെ അവകാശം: ചര്‍ച്ച തുടങ്ങേണ്ടത് ശരിയായ അടിത്തറയില്‍

By: Web Desk | Friday 10 August 2018 9:56 PM IST


അഡ്വ. എം എസ് താര

സ്ത്രീസമൂഹത്തിന്റെ അവകാശങ്ങളെക്കുറിച്ചുളള ചര്‍ച്ചകള്‍ കൂടുതലായി ഉയരുന്ന കാലഘട്ടമാണിത്. ആരോഗ്യകരമായ ചര്‍ച്ചകള്‍ ഏതൊരു പുരോഗതിയുടെയും അടിസ്ഥാനഘടകമാണ്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഘടകങ്ങള്‍ കര്‍ക്കശമായ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. നമ്മുടെ സമൂഹം കൈവരിച്ച വിദ്യാഭ്യാസ, സാമ്പത്തിക, സാംസ്‌കാരിക, സാമൂഹിക വളര്‍ച്ചയുടെ തോതിനനുസരിച്ചോ അതിന്റെ അടിസ്ഥാനത്തിലോ അല്ല സ്ത്രീപക്ഷ ചിന്തകള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. മിക്കപ്പോഴും ആകസ്മികമായി അത്തരം ചര്‍ച്ചകളിലേക്കും ചിന്തകളിലേക്കും സമൂഹം എടുത്തെറിയപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ചര്‍ച്ചകളെ നേര്‍ദിശയില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് വസ്തുത.
എപ്പോഴൊക്കെയാണ് ഈ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നത്. ഏതെങ്കിലും രംഗത്ത് സ്ത്രീകള്‍ക്ക് അര്‍ഹമായത് നിഷേധിക്കപ്പെടുകയൊ, സ്ത്രീകള്‍ അവഗണിക്കപ്പെടുകയോ, അവരുടെ നേരെ നീതിനിഷേധത്തിന്റെ പടവാളുകള്‍ ഉയരുകയോ, അവരുടെ കണ്ണുനീരിന് വിലയുണ്ടെന്ന് സമൂഹം തിരിച്ചറിയുന്ന തരത്തില്‍ അവള്‍ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയോ, അവളുടെ പ്രിയപ്പെട്ടവര്‍ കൊലക്കത്തികള്‍ക്ക് ഇരയാക്കപ്പെടുകയോ ചെയ്യുമ്പോള്‍ സ്ത്രീപക്ഷം ചേര്‍ന്നുള്ള വാര്‍ത്തകളും ചര്‍ച്ചകളും ഉണ്ടാകുന്നത്. അധികം താമസിയാതെ അത്തരം ചര്‍ച്ചകള്‍ അസ്തമിക്കുകയും ചെയ്യും. ആധുനിക സമൂഹം ആര്‍ജിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെയും വിദ്യാഭ്യാസ, സാമ്പത്തിക മികവിന്റെയും അടിത്തറയില്‍ നിന്നുകൊണ്ടല്ല സ്ത്രീപക്ഷ ചിന്തകള്‍ ഉയര്‍ന്നുവരുന്നതെന്ന് സമര്‍ഥിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. സത്യത്തില്‍, നമ്മുടെ സാമൂഹിക വളര്‍ച്ചയുടെ തോതും നൂറ്റാണ്ടുകളിലൂടെ മനുഷ്യസമൂഹം നേടിയെടുത്ത സാംസ്‌കാരിക ഔന്നത്യവും പരിഗണിക്കുമ്പോള്‍ സ്ത്രീപക്ഷമെന്ന പദവും ചിന്തയും അര്‍ഹിക്കുന്ന അളവില്‍ സമൂഹത്തില്‍ സജീവമായിരിക്കും. നിരന്തര നിരീക്ഷണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ അതുണ്ടാകുന്നില്ല എന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തിയാലേ പരിഹാര നടപടികള്‍ കൃത്യവും സൂക്ഷ്മവും വിജയകരവും ആകുകയുള്ളു.
സമൂഹത്തില്‍ സ്ത്രീപക്ഷ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യങ്ങളാണ് സൂചിപ്പിക്കപ്പെട്ടതെങ്കില്‍, അതേക്കാള്‍ ഗൗരവമര്‍ഹിക്കുന്നത് ഇത്തരം ചര്‍ച്ചകള്‍ ഏതൊക്കെ വേദികളില്‍നിന്നാണ് ഉയര്‍ന്നുവരുന്നത് എന്ന കാര്യമാണ്. സ്ത്രീകളുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തി പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യേണ്ട സംഘടനാ സംവിധാനങ്ങള്‍ ഈ സാഹചര്യങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നുവെന്നതും ചര്‍ച്ചകള്‍ക്ക് വിധേയമാകേണ്ട വസ്തുതയാണ്. സ്ത്രീകളുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിതമായ ഔദേ്യാഗിക സംവിധാനങ്ങളുടെ സ്ഥാനവും പ്രവര്‍ത്തനവും വിമര്‍ശനാത്മകമായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കേണ്ടതുമുണ്ട്.
സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളില്‍ ശരിയായ കേന്ദ്രങ്ങള്‍ നിശബ്ദമാക്കപ്പെടുന്നതിന് ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന കാരണങ്ങളുണ്ട്. അതില്‍ പ്രധാനം സ്ത്രീകള്‍ നേരിടുന്ന വിഷയങ്ങളെ സ്ത്രീകളുടെ മൗലികമല്ലാത്ത ഘടകങ്ങളുടെ അടിത്തറയില്‍ ചര്‍ച്ച ചെയ്യുന്നു എന്നതാണ്. അധികവിഷയങ്ങളിലും മതവും രാഷ്ട്രീയവുമൊക്കെ കടന്നുവരും. അപ്പോഴെല്ലാം ഹനിക്കപ്പെടുന്നത് സ്ത്രീകള്‍ക്ക് യഥാര്‍ഥ നീതി ലഭിക്കാനുള്ള അവസരങ്ങളാണ്.
അടുത്തകാലത്ത് ഉയര്‍ന്നുവന്ന സ്ത്രീകള്‍ ഇരയാക്കപ്പെട്ട സംഭവങ്ങളിലും സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെട്ട സാഹചര്യങ്ങളിലുമെല്ലാം നമ്മുടെ ചുറ്റും ഉയര്‍ന്നുവന്ന ചര്‍ച്ചകളിലെല്ലാം ഇവിടെ സൂചിപ്പിച്ച സാഹചര്യങ്ങളും ഘടകങ്ങളും നമുക്ക് തിരിച്ചറിയാന്‍ കഴിയും. ചര്‍ച്ചകളെ മുന്‍നിരയില്‍ നിന്ന് നയിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട സംവിധാനങ്ങളും സംഘടനകളും നിശബ്ദരായും കാഴ്ചക്കാരായും നില്‍ക്കുന്നതായാണ് അവിടങ്ങളില്‍ നാം കാണുന്നത്. മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍ നിലനില്‍ക്കുന്ന ചിന്തകള്‍ക്ക് വഴിതുറക്കും മുമ്പേ വാര്‍ത്തകളായി തന്നെ അസ്തമിക്കുകയും ചെയ്യുന്നു. സ്ത്രീകളുടെ സംഘടനകള്‍ക്ക് ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനോ അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നടപടികളിലേക്ക് വെളിച്ചം വീശുന്ന തരത്തില്‍ പുരോഗമനാത്മക ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിക്കാനോ കഴിയാതെ വരുന്നു.
സംഭവങ്ങളെയും വിഷയങ്ങളെയും അതിന്റെ അടിത്തറയില്‍ നിന്നും അതുയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ നിന്നും ആഴത്തില്‍ മനസിലാക്കുമ്പോള്‍ മാത്രമേ നവീനവും വ്യവസ്ഥാപിതവുമായ ചര്‍ച്ചകള്‍ ഉരുത്തിരിഞ്ഞ് വരികയുള്ളു. സ്ത്രീപക്ഷ ചര്‍ച്ചകളും ചിന്തകളും നിരന്തര പ്രക്രിയയായി സമൂഹത്തില്‍ നിലനില്‍ക്കണം. സ്ത്രീസമൂഹത്തിന് സമൂഹത്തില്‍ തുല്യപദവിയും അര്‍ഹതയും നേടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുംവിധമുള്ള ചര്‍ച്ചകള്‍ ശരിയായ സംവിധാനങ്ങളില്‍ നിന്നാണ് ഉയര്‍ന്നുവരേണ്ടത്. ഏതൊക്കെ ഘടകങ്ങളെ ആശ്രയിച്ചാണ് തുല്യപദവി ലഭ്യമാവുകയെന്നും അത് നേടുന്നതിലേക്കുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും നിശ്ചയിക്കപ്പെടണം. കാഴ്ചപ്പാടും നിയമങ്ങളും ഏതെല്ലാം തരത്തില്‍ പരിഷ്‌കരിക്കപ്പെടണം എന്ന ധാരണ സമൂഹത്തിന് നല്‍കാനാകണം. ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ ശരിയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് കേരള വനിതാ കമ്മീഷന്‍ ഉദ്ദേശിക്കുന്നത്. സ്ത്രീസംഘടനകളുടെ സഹകരണത്തോടെ ഈ ചര്‍ച്ച കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ചില പരിമിതികള്‍ തലമുറകളായി സ്ത്രീസമൂഹത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. കുടുംബത്തിലും തൊഴിലിടങ്ങളിലും സ്ത്രീസമൂഹം സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിലും അവരുടെ ചിന്തകള്‍ക്കും വീക്ഷണങ്ങള്‍ക്കും പൊതുസാമൂഹിക മണ്ഡലങ്ങളില്‍ എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുന്നുണ്ട് എന്ന് പരിശോധിക്കപ്പെടണം. സ്ത്രീപക്ഷത്തെക്കുറിച്ച് ചര്‍ച്ചകളുടെ കടിഞ്ഞാണ്‍ ഈ അടിത്തറയില്‍ നിന്നാണ് തുടങ്ങേണ്ടത്. അഭിപ്രായങ്ങള്‍ക്ക് വേദിയൊരുക്കപ്പെടുന്ന ഇടങ്ങളിലാണ് സ്ത്രീശബ്ദം അര്‍ഹമായ അളവില്‍ ഉയര്‍ന്നുവരേണ്ടത്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്ത്രീകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സ്ത്രീകള്‍ക്ക് അന്യമായ തലങ്ങളിലും അടിത്തറകളില്‍ ഉയര്‍ന്നുവരുന്നത് അവസാനിക്കും.
വിവേചനമാണ് ഏറ്റവും വലിയ പീഡനമെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍ മാത്രമേ സ്ത്രീസമൂഹം എല്ലാ മണ്ഡലങ്ങളിലും വേദന അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കപ്പെടുകയുള്ളു. ജീവിതത്തിന്റെ അകവും പുറവും സ്ത്രീകള്‍ക്ക് നേരെ ശരിയായ സമീപനമല്ല പുലര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ഥ്യം അപ്പോഴാണ് അംഗീകരിക്കപ്പെടുക. കുടുംബത്തില്‍ നിന്നുള്ള സമീപനങ്ങള്‍ പുരുഷകേന്ദ്രീകൃതമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കാഴ്ചപ്പാടുകളിലെ മാറ്റം അവിടെ നിന്ന് തന്നെ തുടങ്ങണം. വലിയ മാറ്റങ്ങള്‍ ചെറിയ തുടക്കങ്ങളില്‍ നിന്നുതന്നെയാണ് ഊര്‍ജം സമാഹരിക്കുന്നത്. മാറ്റത്തിന് ഇന്നേ നാം തയാറാകണമെന്ന് മാത്രം.