സ്ത്രീ സുരക്ഷയില്‍ രണ്ടാം സ്ഥാനം കേരളത്തിന്

Web Desk
Posted on November 02, 2017, 12:04 pm

ന്യൂഡല്‍ഹി: ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനം. പട്ടികയില്‍ ഒന്നാം സ്ഥാനം ഗോവയ്ക്കാണ്. കേരളത്തിന് പുറമെ മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാർഖണ്ഡും ഉത്തർ പ്രദേശും ഡൽഹിയുമാണ് ബിഹാറിന് മുമ്പുള്ളത്.

പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പാണ് പുറത്ത് വിട്ടത്. ജൻഡർ വാൾനറബിലിറ്റി ഇൻഡക്സ് ( ജിവിഐ )നെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656 ആണ്. കേരളത്തിന്റെ ജിവിഐ 0.634 ആണ്.

വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം ‚സുരക്ഷ, തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജിവിഐ തയാറാക്കിയത്. ഗോവ സ്‌ത്രീ സുരക്ഷയിൽ ഒന്നാമതും, വിദ്യാഭാസത്തിൽ അഞ്ചാം സ്ഥാനത്തും, ആരോഗ്യത്തിൽ ആറാം സ്ഥാനത്തും, ദാരിദ്ര്യത്തിൽ എട്ടാം സ്ഥാനത്തുമാണുള്ളത്. സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, സ്ത്രീ സുരക്ഷയാണ് ഗോവയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്.